ഗ്രാമീണ റോഡ് വികസന പദ്ധതി; കേരളം പുറത്താകും

Friday 11 August 2017 10:46 pm IST

കോട്ടയം: കേന്ദ്ര പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമീണ റോഡ് നിര്‍മ്മാണ പദ്ധതി(പിഎംജിഎസ്‌വൈ)യില്‍ നിന്ന് കേരളം പുറത്തേക്ക്. പദ്ധതിയുടെ ആദ്യ രണ്ട് ഘട്ടങ്ങളും പൂര്‍ത്തിയാക്കുന്നതില്‍ പരാജയപ്പെട്ടതോടെ മൂന്നാം ഘട്ടത്തില്‍ സംസ്ഥാനം ഇടംപിടിക്കാനുള്ള സാധ്യത കുറഞ്ഞു. രണ്ടാംഘട്ടം പൂര്‍ത്തിയാക്കിയെങ്കില്‍ മാത്രമേ മൂന്നാം ഘട്ടത്തിലേക്കു പരിഗണിക്കൂ. പദ്ധതി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഏജന്‍സിയുടെ കെടുകാര്യസ്ഥതയും കരാറുകാരുടെ ടെന്‍ഡര്‍ ബഹിഷ്‌ക്കരണവുമാണ് ഈ നിലയിലെത്തിച്ചത്. 2016-17 വര്‍ഷത്തില്‍ പിന്നാക്ക സംസ്ഥാനങ്ങളായ ബീഹാര്‍, ഒഡീഷ, മദ്ധ്യപ്രദേശ് എന്നിവ കൂടുതല്‍ റോഡ് നിര്‍മ്മിച്ച് മുന്നിലെത്തിയപ്പോഴാണ് കേരളം പദ്ധതിയില്‍ നിന്നു തന്നെ പുറത്താകുന്നത്. കര്‍ണാടകം, ആന്ധ്ര എന്നിവിടങ്ങളില്‍ രണ്ടാം ഘട്ടം പൂര്‍ത്തിയായി. കര്‍ണാടകത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ റോഡുകളേക്കാള്‍ കൂടുതല്‍ നിര്‍മ്മിച്ചത് പിഎംജിഎസ് വൈ പ്രകാരം ഗ്രാമീണ റോഡുകളാണ്. എന്നാല്‍, കേരളത്തില്‍ തുടക്കം മുതല്‍ പദ്ധതി മന്ദഗതിയിലായിരുന്നു. ഒന്നാം ഘട്ടത്തില്‍ 3,300 കിലോമീറ്റര്‍ റോഡാണ് അനുവദിച്ചത്. എന്നാല്‍, സമയബന്ധിതമായി പൂര്‍ത്തിയാക്കിയത് 2,600 കിലോമീറ്റര്‍. ബാക്കി 700 കിലോമീറ്റര്‍ നിര്‍മ്മാണം തടസപ്പെട്ടു, അല്ലെങ്കില്‍ പാതിവഴിയില്‍ ഉപേക്ഷിച്ചു. രണ്ടാംഘട്ടത്തില്‍ 570 കിലോമീറ്റര്‍ മാത്രമാണ് അനുവദിച്ചത്. ഇതില്‍ 320 കിലോമീറ്റര്‍ റോഡിന് നിര്‍മ്മാണ അനുമതിയായി. ഇതിന്റെ ടെന്‍ഡര്‍ നടപടി തുടരുന്നു. 2017-18 വര്‍ഷത്തില്‍ 95 കിലോമീറ്റര്‍ റോഡ് മാത്രമാണ് നിര്‍മിച്ചത്. നിരക്ക് കൂട്ടി നല്‍കാന്‍ തയാറാകാത്തതിനാല്‍ കരാറുകാര്‍ പിഎംജിഎസ്‌വൈയുടെ ടെന്‍ഡറുകള്‍ ബഹിഷ്‌ക്കരിച്ചതും നോഡല്‍ ഏജന്‍സിയായ കെഎസ്എസ്ആര്‍ഡിഎയുടെ മെല്ലെപ്പോക്കും പദ്ധതിയെ പിന്നോട്ടടിച്ചു. ഇതുമൂലം കേന്ദ്രം അനുവദിച്ച കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടില്ല. ഇതിന്റെ കണക്കുകള്‍ യഥാസമയം നല്‍കാത്തതും തിരിച്ചടിയായി. കേന്ദ്രം അനുവദിച്ച തുക വിനിയോഗിക്കാന്‍ മാനദണ്ഡങ്ങളില്‍ മാറ്റം വേണമെന്നാണ് കേരളത്തിന്റെ ആവശ്യം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.