ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രമേ മഡൂറോയുമായി ചര്‍ച്ചയുളളുവെന്ന് ട്രംപ്

Saturday 12 August 2017 11:04 am IST

വാഷിംഗ്ടണ്‍/ കാരക്കസ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്താനുള്ള വെനസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടി. വെനസ്വേലയില്‍ ജനാധിപത്യം പുനഃസ്ഥാപിച്ചാല്‍ മാത്രം മഡൂറോയുമായി ചര്‍ച്ച നടത്താമെന്ന് ട്രംപ് വ്യക്തമാക്കിയതായി വൈറ്റ്ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു. അമേരിക്ക എപ്പോഴും വെനസ്വേലന്‍ ജനതയ്‌ക്കൊപ്പമാണെന്നും ഭരണഘടനയെ മാനിച്ചുകൊണ്ട് മുന്നോട്ട് പോകാന്‍ മഡൂറോ തയാറാകണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ജനാധിപത്യപരമായ രീതില്‍ രാജ്യത്ത് തെരഞ്ഞെടുപ്പു നടത്താന്‍ മഡൂറോ തയാറാവണമെന്നു പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ്, വെനസ്വേലയിലെ രാഷ്ട്രീയത്തടവുകാരെ പുറത്തുവിടണമെന്നും മനുഷ്യാവകാശ ധ്വംസനങ്ങള്‍ അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടതായും വൈറ്റ്ഹൗസ് വ്യക്തമാക്കി. വ്യാഴാഴ്ചയാണ്, അമേരിക്കന്‍ പ്രസിഡന്റുമായുള്ള ചര്‍ച്ചയ്ക്ക് കളമൊരുക്കാന്‍ വെനസ്വേലന്‍ വിദേശകാര്യമന്ത്രിയോട് മഡൂറോ ആവശ്യപ്പെട്ടത്.