വാഹനപരിശോധനക്കുള്ള സര്‍ക്കുലര്‍ പോലീസുകാര്‍ അനുസരിക്കുന്നില്ല

Saturday 12 August 2017 4:24 pm IST

കൊല്ലം: വാഹനപരിശോധന നടത്തുമ്പോള്‍ സംസ്ഥാന പോലീസ് മേധാവിയുടെ സര്‍ക്കുലറിലെ നിര്‍ദേശങ്ങള്‍ പോലീസ് പാലിക്കുന്നില്ലെന്ന് വ്യാപകമായ പരാതിയുണ്ടെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. പരിശോധനയുടെ മറവിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ അനുവദിക്കില്ലെന്നും കമ്മീഷന്‍അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. കലയപുരം സ്വദേശി സുരേഷ്ബാബു സമര്‍പ്പിച്ച പരാതിയിലാണ് നടപടി. പരാതിക്കാരന്റെ വാഹനം കൊട്ടാരക്കര ഹൈവേ പെട്രോള്‍ പോലീസ് കൈകാണിച്ച് 1000 രൂപ പെറ്റിയടിക്കാന്‍ നിര്‍ദേശിച്ചു. വാഹനത്തില്‍ സൂക്ഷിച്ചിരു സാധനങ്ങളുടെ ബില്‍ കാണിച്ചപ്പോള്‍ 500 രൂപ നല്‍കിയാല്‍ മതിയെന്ന് പറഞ്ഞു. ഇതിന് തയ്യാറാകാതിരുന്നപ്പോള്‍ വാഹനം പുത്തൂര്‍ പോലീസ് സ്റ്റേഷനില്‍ എത്തിച്ചു. വാഹനത്തില്‍ സൂക്ഷിച്ചിരുന്ന സാധനങ്ങള്‍ നശിച്ചത് കാരണം 18015 രൂപയുടെ നഷ്ടമുണ്ടായെന്നും പരാതിയില്‍ പറയുന്നു. പരാതിക്കാരന്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് വാഹനമോടിച്ചതു കാരണമാണ് പിഴയടക്കാന്‍ നിര്‍ദ്ദേശിച്ചതെന്ന് കൊട്ടാരക്കര പോലീസ് കമ്മീഷനില്‍ സമര്‍പ്പിച്ച വിശദീകരണത്തില്‍ പറയുന്നു. എന്നാല്‍ പിഴയടക്കാതെ പരാതിക്കാരന്‍ വാഹനം ഉപേക്ഷിച്ച് പോവുകയാണുണ്ടായത്. തുടര്‍ന്ന് പുത്തൂര്‍ പോലീസ് ക്രൈംകേസ് രജിസ്റ്റര്‍ ചെയ്ത് കോടതിയില്‍ അന്തിമറിപ്പോര്‍ട്ട് നല്‍കി. വാഹനപരിശോധനക്കിടയില്‍ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന വിധത്തില്‍ പരിശോധന പാടില്ലെന്ന് ഹൈവേ പട്രോളിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ റിപ്പോര്‍ട്ട് കളവാണെ് പരാതിക്കാരന്‍ വാദിച്ചു. കോടതിയെ സമീപിച്ചത് താനാണ്, പോലീസല്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയം വിലയിരുത്തുന്നില്ലെന്ന് കമ്മീഷന്‍ പറഞ്ഞു.