കണ്ണൂര്‍:കല്യാശ്ശേരി പഞ്ചായത്തിലെ കോലത്തുവയല്‍, നാറാത്ത് പഞ്ചായത്തിലെ കണ്ണാടിപ്പറമ്പ് എന്നിവിടങ്ങളില്‍ പുതുതായി അനുവദിച്ച സപ്ലൈകോ മാവേലി സ്റ്റോറുകളുടെ ഉദ്ഘാടനം മന്ത്രി പി.തിലോത്തമന് നിര്‍വ്വഹിച്ചു. അരിക്കു പുറമെ, സപ്ലൈകോ, കണ്‍സ്യൂമര്‍ ഫെഡ്, കുടുംബശ്രീ എന്നിവ നടത്തുന്ന ഓണച്ചന്തകളിലൂടെ പച്ചക്കറികള്‍, പയറുവര്‍ഗങ്ങള്‍ ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വലിയ വിലക്കുറവില്‍ ലഭ്യമാക്കുന്നതിന് ഇവിടങ്ങളില്‍ ഏകീകൃത വില സമ്പ്രദായം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
കാലഘട്ടത്തിനനുസരിച്ച് ഷോപ്പിംഗ് മാളുകളുടെ മാതൃകയില്‍ സപ്ലൈകോ സ്റ്റോറുകളെ നവീകരിക്കും. എല്ലാ ഉല്‍പ്പന്നങ്ങളും ഒരു കുടക്കീഴില് ലഭ്യമാക്കാന്‍ ശ്രമം നന്നുവരികയാണ്. ഇതിന്റെ ഭാഗമായി മല്‍സ്യവും മാംസവും സപ്ലൈകോ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്.
കോലത്തുവയലില്‍ നടന്ന ചടങ്ങില്‍ ടി.വി.രാജേഷ് എം.എല്‍.എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഇ.പി.ഓമന ആദ്യ വില്പന നിര്‍വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ.വേണുഗോപാല്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ഗോവിന്ദന്, ജില്ലാ പഞ്ചായത്ത് അംഗം പി.പി.ഷാജിര്‍, കെ. ലക്ഷ്മണന് തുടങ്ങിയവര്‍ സംസാരിച്ചു.
കണ്ണാടിപ്പറമ്പില്‍ നടന്ന ചടങ്ങില്‍ കെ.എം.ഷാജി എംഎല്‍എ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.ശ്യാമള ആദ്യവില്പന നിര്‍വഹിച്ചു. സപ്ലൈകോ ജനറല്‍ മാനേജര്‍ കെ.വേണുഗോപാല്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാണി കൃഷ്ണന്, ജില്ലാ പഞ്ചായത്ത് അംഗം അജിത്ത് മാട്ടൂല്‍, പി.ഷൈമ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: