മാങ്ങാട്ടെ മാവേലി സ്റ്റോര്‍ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തും: മന്ത്രി

Saturday 12 August 2017 6:10 pm IST

കണ്ണൂര്‍:പ്രധാന വ്യാപാര കേന്ദ്രമായ മാങ്ങാട് ദേശീയപാതയോരത്തെ മാവേലി സ്റ്റോര്‍ സപ്ലൈകോ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു. കോലത്തുവയല്‍ മാവേലി സ്റ്റോര്‍ ഉദ്ഘാടന വേദിയില്‍ ഇതുമായി ബന്ധപ്പെട്ട് ടി.വി.രാജേഷ് എംഎല്‍എ മുന്നോട്ടുവച്ച ആവശ്യം മന്ത്രി അംഗീകരിക്കുകയായിരുന്നു. നിലവില്‍ ജീവനക്കാരുടെ കുറവാണ് കൂടുതല്‍ കേന്ദ്രങ്ങള്‍ തുടങ്ങാന്‍ തടസ്സമായി നില്‍ക്കുന്നത്. ഈ പ്രശ്‌നം പരിഹരിക്കുപ്പെടുന്നതോടെ മാങ്ങാട്ടുള്ള മാവേലി സ്റ്റോറിനെ സൂപ്പര്‍മാര്‍ക്കറ്റായി ഉയര്‍ത്തുന്നതിന് നടപടി സ്വീകരിക്കുമെന്നും മന്ത്രി വാഗ്ദാനം ചെയ്തു. സാധനങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നതിന് കഴിഞ്ഞ വര്‍ഷം സബ്‌സിഡി ഇനത്തില്‍ 440 കോടി രൂപയാണ് സപ്ലൈകോ ചെലവഴിച്ചത്. സബ്‌സിഡിയില്ലാത്ത സാധനങ്ങളുടെ വന്‍തോതിലുള്ള വില്‍പനയിലൂടെ ലഭിക്കുന്ന ലാഭമാണ് ഇതിനായി ഉപയോഗിക്കുന്നത്. അതുകൊണ്ട് മാവേലി സ്റ്റോറുകളില്‍ നിന്ന് സബ്‌സിഡി സാധനങ്ങള്‍ മാത്രം വാങ്ങാതെ വീട്ടിലേക്കുവേണ്ട മുഴുവന്‍ സാധനങ്ങള്‍ ഇവിടെ നിന്ന് കൊണ്ടുപോവുന്ന രീതിയുണ്ടാവണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. മൂന്ന് മാവേലി സ്റ്റോറുകളുള്ള ജില്ലയിലെ ഏക പഞ്ചായത്താണ് കല്യാശ്ശേരിയെന്ന് ടി.വി രാജേഷ് എംഎല്‍എ പറഞ്ഞു. ജനങ്ങളില്‍ നിന്ന് ലഭിക്കുന്ന നിര്‍ലോഭമായ പിന്തുണയാണ് ഇതിന് കാരണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.