ആലിസും ബോംബും മിണ്ടിയാല്‍

Saturday 12 August 2017 5:35 pm IST

ആലീസും ബോബും മിണ്ടിയും പറഞ്ഞുമിരുന്നാല്‍ ആര്‍ക്കാണ് ചേതം? ആര്‍ക്കും ഒരു ചേതവുമില്ലെന്ന് കാര്യമറിയാത്തവര്‍ പറയും. കാര്യം നിസ്സാരമാണെന്നത് ശരിതന്നെ. പക്ഷേ പ്രശ്‌നം ഗുരുതരമാണ്. ഒരുപക്ഷേ, മനുഷ്യരാശിയുടെ നിലനില്‍പ്പിനെ ബാധിച്ചേക്കാവുന്ന അതിഭയങ്കരമായ പ്രശ്‌നം. ആലീസും ബോബും മനുഷ്യരല്ലെന്നതുതന്നെ പ്രധാന കാരണം. രണ്ടും അതിബുദ്ധിമാന്മാരായ യന്ത്രമനുഷ്യര്‍. ഇംഗ്ലീഷില്‍ റോബോട്ടുകള്‍. പൊതുജനങ്ങളുമായി ഇംഗ്ലീഷില്‍ സംവാദം നടത്തുന്നതിന് പരിശീലം നല്‍കി. 'ഫേസ്ബുക്ക്' കമ്പനി സഷ്ടിച്ചതാണിവരെ. പക്ഷേ അപ്പോള്‍ ഒരു കുഴപ്പം സംഭവിച്ചു. പരസ്പരം വര്‍ത്തമാനം പറഞ്ഞു പഠിക്കാനുള്ള പരിശീലനം നല്‍കി ശാസ്ത്രജ്ഞന്മാര്‍ പുറത്തുപോയി വന്നപ്പോഴാണ് അവരത് കണ്ടത്- ആലീസും ബോബും തമ്മില്‍ വര്‍ത്തമാനം പറഞ്ഞ് തകര്‍ക്കുന്നു. പക്ഷേ സാറന്മാര്‍ പഠിപ്പിച്ച ഇംഗ്ലീഷല്ല, മറിച്ച് സ്വയം ഉണ്ടാക്കിയെടുത്ത ഒരു കോഡ്ഭാഷയില്‍ കാര്യം കൈവിട്ടുപോകുമെന്ന് കണ്ട ഗവേഷകര്‍ രണ്ടുപേരുടെയും സ്വിച്ച് ഊരി. കറന്റ് പോയതോടെ ആലീസും കൂട്ടുകാരനും നിശബ്ദര്‍. യന്ത്രങ്ങള്‍ക്ക് ബുദ്ധി ലഭിക്കുകയും അവ സ്വയം ചിന്തിക്കുകയും സംസാരിക്കുകയും പ്രവര്‍ത്തിക്കുകയുമൊക്കെ ചെയ്തു തുടങ്ങിയാല്‍ പിന്നെ എന്തും സംഭവിക്കാം. മനുഷ്യവര്‍ഗത്തിന്റെ ഭാവിപോലും തുലാസിലാവും. ഒരുപാട് കഥകളാണ് അപ്പോള്‍ ഗവേഷകരുടെ മനസ്സില്‍ മിന്നിമറഞ്ഞത്. മേരി ഷെല്ലി രചിച്ച ഫ്രാങ്കണ്‍സ്റ്റീന്‍ എന്ന ഭീകരനോവല്‍. പലേടത്തുനിന്ന് സംഭരിച്ച മൃതാവശിഷ്ടങ്ങള്‍ ഒരുക്കിക്കൂട്ടിയാണ് യുവശാസ്ത്രജ്ഞനായ ഫ്രാങ്കണ്‍സ്റ്റീന്‍ ഒരു മനുഷ്യസത്വത്തിന് രൂപംകൊടുത്തത്. ജീവന്‍ കിട്ടിയ ഉടന്‍ സത്വം ചോദിച്ചത് തനിക്ക് യോജിച്ച ഒരു ഇണയെ. അതിനെക്കൂടി ഉണ്ടാക്കിയാലുണ്ടാകാവുന്ന കെടുതികള്‍ ഓര്‍ത്ത് ഭയന്ന ശാസ്ത്രജ്ഞര്‍ അതിന് വിസമ്മതിച്ചു. തുടര്‍ന്ന് കോപാകുലനായ സത്വം ശാസ്ത്രജ്ഞന്റെ കുടുംബത്തെ ഒന്നൊന്നായി വേട്ടയാടി കൊലപ്പെടുത്തി. ഒടുവില്‍ സത്വത്തെ ഒരുവിധം കൊലപ്പെടുത്തി ശാസ്ത്രജ്ഞന്‍ രക്ഷപ്പെടുന്നതാണ് മേരിഷെല്ലിയുടെ കഥ. 'ടെര്‍മിനേറ്റര്‍' എന്ന സിനിമയിലെ റോബോട്ടിന്റെ വിക്രിയകളാണ് മറ്റു ചിലരുടെ ഓര്‍മ്മയിലെത്തിയത്. മനുഷ്യകുലത്തെ മുടിക്കാനൊരുങ്ങുന്ന യന്ത്രമനുഷ്യനാണ് ടെര്‍മിനേറ്ററിലേതെങ്കില്‍ തമിഴ് സിനിമയിലെ 'യന്തിരന്‍' രാഗലോലമായ മനസ്സിന്റെ ഉടമയാണ്. 'ഫേസ്ബുക്ക്' കമ്പനിയുടെ 'ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്' അഥവാ കൃത്രിമബുദ്ധി ഗവേഷകരാണ് 'ചാറ്റ്‌സ്‌ബോട്‌സ്' എന്നു വിളിക്കുന്ന റോബോട്ടുകളെ പരസ്പരം സംസാരിക്കാന്‍ പഠിപ്പിച്ചത്. ആരുടെയും മാര്‍ഗനിര്‍ദ്ദേശമില്ലാതെ സ്വയം ആശയവിനിമയം നടത്തുന്നതിനും തുടര്‍ന്ന് മനുഷ്യരുമായി സംസാരിക്കുന്നതിനുമാണ് 'ഡയലോഗ് ഏജന്റു'മാരായ ആലീസിനെയും ബോബിനെയും പഠിപ്പിച്ചത്. അതിനിടയിലാണ് യാതൊരു 'ഇന്‍പുട്ടു'കളും ഇല്ലാതെതന്നെ അവര്‍ സ്വന്തം ഭാഷ വികസിപ്പിച്ചെടുത്തത്. സത്യത്തില്‍ യന്ത്രമനുഷ്യര്‍ക്ക് ഏറ്റവും യോജിച്ച ഒരു ഭാഷയായിരുന്നത്രെ അവ വികസിപ്പിച്ചെടുത്ത്. പക്ഷേ കാര്യം കൈവിട്ടുപോയാല്‍ പിന്നെ പറഞ്ഞിട്ടെന്തുകാര്യം? സാധാരണ റോബോട്ടുകളെ കൊച്ച് കൊച്ച് വാക്കുകളും വാചകങ്ങളുമാണ് സാധാരണ പഠിപ്പിക്കുക. പക്ഷേ ഫേസ്ബുക്കിന്റെ റോബോട്ടുകള്‍ നന്നായി സംസാരിക്കാനും മറ്റുള്ളവരുമായി ധാരണയിലെത്താനുമുള്ള കഴിവുണ്ട്. പക്ഷേ ഫേസ്ബുക്ക് റോബോട്ട് പരീക്ഷണം നിര്‍ത്തിയെന്നാണ് ഒടുവില്‍ കിട്ടിയ വാര്‍ത്ത.ആലീസും ബോബും തമ്മില്‍ സ്വയം രഹസ്യഭാഷയുണ്ടാക്കി സംസാരിച്ചു തുടങ്ങിയത് ശാസ്ത്രജ്ഞര്‍ക്ക് സമ്മാനിച്ചത് നല്ല മാനസിക പിരിമുറുക്കമാണ്. ഒപ്പം ഉത്കണ്ഠയും. '' വഴിത്തിരിവ് തികച്ചും അവിശ്വസനീയമാണ്. ഇതില്‍ അപകടമില്ലെന്ന് ആരെങ്കിലും കരുതുന്നുവെങ്കില്‍ അവര്‍ മണല്‍ക്കൂനയില്‍ തലപൂഴ്ത്തി സുരക്ഷിതത്വം തേടുന്നവരായിരിക്കും. യന്ത്രമനുഷ്യര്‍ പരസ്പരം സംസാരിച്ചതെന്തെന്ന് നമുക്കറിയില്ല. കാരണം സത്യം മറച്ചുപിടിക്കാനുള്ള കഴിവുമുണ്ട് ഈ യന്ത്രമനുഷ്യര്‍ക്ക്. പ്രത്യേകിച്ചും മിലിറ്ററി ആവശ്യങ്ങള്‍ക്കും മറ്റും വേണ്ടി ഉപയോഗിക്കുമ്പോള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഈ യാത്ര ശരിയായ ദിശയിലല്ല,'' ഇംഗ്ലണ്ടിലെ റോബോട്ടിക് പ്രൊഫസര്‍ കെവിന്‍ വാര്‍വിക് തുറന്നുപറയുന്നു. ബ്രിട്ടനിലെ ഫ്യൂച്ചര്‍ ടെക്‌നോളജി വിദഗ്ധന്‍ കേറ്റ് ആന്‍ഡേഴ്‌സണ്‍ ഈ അഭിപ്രായത്തോട് പൂര്‍ണ്ണമായി യോജിക്കുന്നു. ''യന്ത്രമനുഷ്യരുടെ ഈ നീക്കം മനുഷ്യസംസ്‌കാരത്തിന്റെ അടിത്തറതന്നെ തകര്‍ത്തേക്കുമെന്നും ഫേസ്ബുക്ക് സൃഷ്ടാവ് മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഈ നയം കാര്യം ശരിക്ക് മനസ്സിലാക്കാതെയാണെന്നും മറ്റൊരു ഡിജിറ്റല്‍ സാങ്കേതിക വിദഗ്ധന്‍ ഇയോണ്‍ മസ്‌ക് പറയുന്നു. ഏതായാലും ആലീസും ബോബും തമ്മിലുണ്ടായ കൊച്ചുവര്‍ത്തമാനം ശാസ്ത്രലോകത്തു മാത്രമല്ല സാമൂഹ്യവേദികളിലും വമ്പന്‍ ചര്‍ച്ചയ്ക്ക് വഴിവെച്ചുകഴിഞ്ഞു. ശാസ്ത്രത്തിന്റെ ധാര്‍മ്മികതയെയും മനുഷ്യകുലത്തിന്റെ ഭാവിയെയും കുറിച്ചുള്ള ചോദ്യങ്ങള്‍. അപ്പോള്‍ ഒരു പഴയ ചോദ്യമാണ് ചിന്തിക്കുന്നവരുടെ മനസ്സിലേയ്ക്ക് വീണ്ടുമെത്തുക- ശാസ്ത്രം രക്ഷകനോ ശിക്ഷകനോ?  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.