അതിരപ്പള്ളി: സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണം

Saturday 12 August 2017 5:43 pm IST

കൊച്ചി: അതിരപ്പള്ളി ജലവൈദ്യുത പദ്ധതിയുമായി ബന്ധപ്പെട്ട് സിപിഎമ്മും കോണ്‍ഗ്രസും ഇരട്ടത്താപ്പ് ഉപേക്ഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പദ്ധതി സംബന്ധിച്ചുള്ള യഥാര്‍ത്ഥ നിലപാട് ജനങ്ങളോട് തുറന്നു പറയാന്‍ രണ്ടു കൂട്ടരും തയ്യാറാകണം. ജനങ്ങളില്‍ ആശയക്കുഴപ്പം സൃഷ്ടിക്കാനാണ് ഇരു പാര്‍ട്ടികളും ശ്രമിക്കുന്നത്. പദ്ധതിക്കെതിരെ ജനരോഷം ശക്തമാണെന്ന് കണ്ടപ്പോള്‍ അതിനെ തണുപ്പിക്കാനാണ് രണ്ടു പാര്‍ട്ടികളിലേയും ഒരു വിഭാഗത്തെക്കൊണ്ട് എതിര്‍ പ്രസ്ഥാവനകള്‍ നടത്തിക്കുന്നത്. പദ്ധതിക്കെതിരെ പ്രസ്ഥാവന നടത്തുമ്പോള്‍ തന്നെ പിന്‍വാതിലില്‍ കൂടി അതിന് അനുമതി വാങ്ങാനും ശ്രമം നടക്കുന്നുണ്ടെന്നും കുമ്മനം പറഞ്ഞു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും, ആര്യാടന്‍ മുഹമ്മദ് വൈദ്യുത മന്ത്രിയുമായിരുന്ന കഴിഞ്ഞ സര്‍ക്കാരിന്റെ സമയത്ത് അതിരപ്പള്ളി പദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയച്ചിരുന്നു. സംസ്ഥാനത്തിന് പദ്ധതി അങ്ങേയറ്റം ഗുണകരമാണെന്നാണ് അന്ന് കത്തില്‍ സൂചിപ്പിച്ചിരുന്നതും. എന്നാല്‍ അതിരപ്പള്ളി പദ്ധതിയ്ക്ക് കോണ്‍ഗ്രസ് എതിരാണെന്നാണ് നേരത്തെ രമേശ് ചെന്നിത്തല നിയമസഭയില്‍ വ്യക്തമാക്കിയത്. ഇതില്‍ ഏതാണ് ജനം വിശ്വസിക്കേണ്ടതെന്ന് നേതാക്കള്‍ വ്യക്തമാക്കണം. സമവായത്തിലൂടെ പദ്ധതി നടപ്പാക്കണമെന്ന് ഇപ്പോള്‍ ഉമ്മന്‍ചാണ്ടി പറയുമ്പോള്‍ കോണ്‍ഗ്രസ് അതിന് അനുകൂലമാണെന്നാണ് അര്‍ത്ഥം. ഇതു തന്നെയാണ് ഇടതു പക്ഷത്തെ അവസ്ഥയും. പദ്ധതിക്കുള്ള പ്രാരംഭ നടപടികളുമായി മന്ത്രി മുന്നോട്ടു പോകുമ്പോള്‍ വിഎസ് അച്യുതാനന്ദനും സിപിഐയും എതിര്‍പ്പുമായി രംഗത്തു വരുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ മാത്രമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നടപടികളെപ്പറ്റി ധവളപത്രം പുറത്തിറക്കണമെന്നും കുമ്മനം പറഞ്ഞു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.