നിരപരാധി ശിക്ഷിക്കപ്പെടരുത്

Saturday 12 August 2017 7:50 pm IST

ആത്മസമന്മാരും, സത്കുലജാതന്മാരും,ധര്‍മ്മശാസ്ത്രകുശലന്മാരും,വിദ്യാനിപുണന്മാരും ജിതേന്ദ്രിയന്മാരും, മേധാവികളും, ഇംഗിതം ഭംഗിയായി ഗ്രഹിക്കാന്‍ കഴിവുള്ളവരും, ആലോചനാ സമര്‍ത്ഥന്മാരുമായിരിക്കണം മന്ത്രിമാര്‍. (യോഗ്യനായ ഒരു മന്ത്രി ഉണ്ടായാല്‍ത്തന്നെ രാജാവിന് കീര്‍ത്തി വര്‍ദ്ധനം ഉണ്ടാകുമെന്ന് ശ്രീരാമചന്ദ്ര പ്രഭു അഭിപ്രായപ്പെടുന്നു.) ഒറ്റയ്ക്ക് ആലോചന നടത്തി തീരുമാനമെടുക്കരുത്. യോഗ്യന്മാരായ മന്ത്രി പ്രമുഖരുമായി ചര്‍ച്ച ചെയ്യണം. എളുപ്പത്തില്‍ ആലോചിച്ചു നിശ്ചയിക്കാവുന്നതും (ലഘുമൂലാന്‍, മഹോദയം) ദീര്‍ഘകാലിക സത്ഫലം പ്രദാനം ചെയ്യുന്നതുമായ കാര്യങ്ങള്‍ നീട്ടിവെക്കാതെ ചെയ്യാന്‍ ഉത്സാഹിക്കണം. കാര്യാലോചനാ നിശ്ചയങ്ങള്‍ അസ്ഥാനത്ത് പരസ്യമാക്കപ്പെടാതെ സൂക്ഷിക്കാനും ശ്രദ്ധിക്കേണ്ടതുണ്ട്. രാജ്യാന്തര രഹസ്യസ്വഭാവമുള്ള തീരുമാനങ്ങള്‍ നടപ്പിലാക്കുന്നതിനു മുമ്പ് അന്യരാജ്യങ്ങള്‍ക്ക് ഊഹിക്കാന്‍ പോലും സാധിക്കരുത്. ഈ നിര്‍ക്കര്‍ഷകള്‍ പാലിക്കാന്‍ കഴിയുന്നില്ലേ എന്ന് ശ്രീരഘുരാമന്‍ അന്വേഷിക്കുന്നു.. ആയിരം മൂഢന്മാരേക്കാളും ഒരു പണ്ഡിതനെ ഗൗരവപൂര്‍വ്വം പരിഗണിക്കുന്നില്ലേ എന്നും ഭരതനോട് ചോദിക്കുന്നുണ്ട്. മൂഢന്മാരെ ഒരു കാര്യത്തില്‍ നിയോഗിക്കുന്നതു കൊണ്ട് ഫലമില്ല. 'വത്സ, വളരെ പ്രധാനപ്പെട്ട ആളുകളെ മുഖ്യകാര്യങ്ങളിലും, ഇടത്തരക്കാരെ അത്തരം കാര്യങ്ങളിലും, സാധരണന്മാരെ സാധാരണ ദൗത്യങ്ങളിലും നീ നിയോഗിച്ചു വരുന്നില്ലേ?' എന്നും നിയമന വിഷയത്തില്‍ ചോദ്യമുണ്ട്. നീതിന്യായവ്യവസ്ഥയില്‍ പാലിക്കേണ്ടുന്ന ഔചിത്യങ്ങളെ സംബന്ധിക്കുന്ന ചോദ്യങ്ങളും ശ്രദ്ധേയമാണ്. ചെയ്ത തെറ്റിനേക്കാള്‍ വലിയ ശിക്ഷ നല്‍കുന്നതായി വകുപ്പധ്യക്ഷന്മാരെ പ്രജകള്‍ ഭയപ്പെടുന്നുണ്ടോ, പരാതി പറയുന്നുണ്ടോ? ലോഭചിന്തയാല്‍ ആരെങ്കിലും ശ്രേഷ്ഠന്മാരെക്കുറിച്ച് അപവാദം പറഞ്ഞാല്‍ ശാസ്ത്രീയമായി വിചാരണ ചെയ്യേണ്ടതുണ്ട്. അല്ലാതെ ശിക്ഷ നല്‍കുന്നില്ലല്ലോ? കുറ്റം ചെയ്ത ആളെ തെളിവു സഹിതം പിടിച്ചാല്‍ അയാളുടെ ധനസമ്പന്നത കണ്ട് ശിക്ഷിക്കാതെ വിടുന്നില്ലല്ലോ? അതുപോലെ പ്രശ്‌നം ധനവാനും, ദരിദ്രനും തമ്മിലാവുമ്പോള്‍ നിയുക്ത മന്ത്രി മുഖ്യന്‍ നിഷ്പക്ഷമായി കാര്യം പഠിച്ച് വിധി പ്രഖ്യാപിക്കുന്നില്ലേ? കാരണം നിരപരാധി ശിക്ഷിക്കപ്പെട്ടതിന്റെ പേരില്‍ കണ്ണീര്‍ പൊഴിച്ചാല്‍ അത് രാജാവിന് സര്‍വ്വനാശം സമ്മാനിക്കും. രാജ്യദ്രോഹികള്‍ നാടുകടത്തല്‍ ശിക്ഷാവധി കഴിഞ്ഞ് തിരിച്ചു നാട്ടില്‍ വന്നാല്‍ അവരെ ദുര്‍ബ്ബലരെന്ന് ഗണിക്കരുതെന്ന താക്കീതുണ്ട്. അവരെക്കുറിച്ച് നിതാന്ത ജാഗ്രത പുലര്‍ത്തുന്നില്ലേ എന്നു ചോദിച്ചിരിക്കുന്നു. ഇക്കാര്യത്തിലൊക്കെ ഇന്ന് ഭരണതലത്തില്‍ അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാവുന്നത് നിഷ്പക്ഷമതികള്‍ക്കറിയാം. രാഷ്ട്രീയ പ്രവര്‍ത്തകരുടെ പ്രതിബദ്ധത വഴിമാറിപ്പോകുന്നത് സംഗതികളെ കൂടുതല്‍ വഷളാക്കുന്നു.