ഥാപ്പറിന്റെ ചോദ്യവും അന്‍സാരിയുടെ ഉത്തരവും

Saturday 12 August 2017 8:33 pm IST

3650 ദിനങ്ങള്‍ ഇന്ത്യയുടെ ഉപരാഷ്ട്രപതി സ്ഥാനത്ത് തുടര്‍ന്ന മുഹമ്മദ് ഹമീദ് അന്‍സാരി പടിയിറങ്ങിയത് അനുചിതമായ വിവാദ പ്രസ്താവന നടത്തിക്കൊണ്ടാണ്. നാലുപതിറ്റാണ്ടോളം വിദേശകാര്യ സര്‍വ്വീസിലും, അതിനുശേഷം വിവിധ ഉന്നത പദവികളും വഹിച്ച അന്‍സാരി 2007 മുതല്‍ 2017 വരെ പത്തുവര്‍ഷക്കാലം ഉപരാഷ്ട്രപതി സ്ഥാനത്ത് തുടര്‍ന്ന വ്യക്തിത്വമാണ്. പശ്ചിമേഷ്യയിലടക്കം നയതന്ത്രജ്ഞനായി പതിറ്റാണ്ടുകള്‍ ചെലവഴിച്ച അനുഭവ സമ്പത്തുണ്ടായിരുന്നിട്ടും ഇന്ത്യയില്‍ മുസ്ലിംകള്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയോടെ രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ അന്‍സാരി പടിയിറങ്ങുന്നത് ഉപരാഷ്ട്രപതി പദവിയുടെ ശോഭ കെടുത്തുന്നതായി. 1937 ഏപ്രില്‍ ഒന്നിന് കൊല്‍ക്കത്തയില്‍ ജനിച്ച ഹമീദ് അന്‍സാരി മുന്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മുഖ്താര്‍ അഹമ്മദ് അന്‍സാരിയുടെ സഹോദരന്റെ കൊച്ചുമകനാണ്. ഖിലാഫത്ത് പ്രക്ഷോഭം കൊടുമ്പിരിക്കൊണ്ട 1921 കാലത്ത് മുസ്ലിം ലീഗിന്റെ അധ്യക്ഷ പദവിയിലായിരുന്നു മുഖ്താര്‍ അഹമ്മദ് അന്‍സാരി. പിന്നീട് ജിന്നയുമായി വഴിപിരിഞ്ഞ അന്‍സാരി മഹാത്മാഗാന്ധിയുടെ അടുത്ത അനുയായിയായി മാറി.1927ലെ കോണ്‍ഗ്രസിന്റെ മദ്രാസ് സമ്മേളനത്തില്‍ അഹമ്മദ് അന്‍സാരി ദേശീയ അധ്യക്ഷ പദവിയിലുമെത്തി. ജാമിയ മിലിയ സര്‍വ്വകലാശാലയുടെ സ്ഥാപകനും 1928-36 കാലഘട്ടത്തിലെ വൈസ് ചാന്‍സലറുമായിരുന്നു അന്‍സാരി. ഇത്ര വലിയ മുസ്ലിംലീഗ്-കോണ്‍ഗ്രസ് പശ്ചാത്തലമുള്ള അതിസമ്പന്ന കുടുംബത്തില്‍ പിറന്ന ഹമീദ് അന്‍സാരിയുടെ വിദ്യാഭ്യാസവും അതിസമ്പന്നര്‍ക്ക് മാത്രം പ്രാപ്യമായ ഇടങ്ങളിലായിരുന്നു. ഇരുപത്തിനാലാം വയസ്സില്‍ ഇന്ത്യന്‍ വിദേശകാര്യ സര്‍വ്വീസില്‍ പ്രവേശിച്ച ഹമീദ് അന്‍സാരി യുഎഇ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ അംബാസഡറായിരുന്നു. സര്‍വ്വീസില്‍ നിന്ന് വിരമിച്ച ശേഷം അലിഗഡ് മുസ്ലിം സര്‍വ്വകലാശാലയില്‍ പ്രൊഫസറായും, പിന്നീട് വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചു. 2006ല്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ അധ്യക്ഷ പദവിയിലെത്തിയ അന്‍സാരിയെ 2007ല്‍ യുപിഎ-ഇടതു സര്‍ക്കാരാണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് നിയോഗിച്ചത്. രണ്ടുതവണയായി ഒരു പതിറ്റാണ്ട് ഉപരാഷ്ട്രപതി കസേരയിലിരുന്ന ഹമീദ് അന്‍സാരി, മൂന്നുവര്‍ഷംകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ഔദ്യോഗിക വിദേശ സന്ദര്‍ശനങ്ങളുടെ ഏഴിരട്ടി വിദേശ യാത്രകള്‍ നടത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ലോകേഷ് ബാത്രയെന്നയാള്‍ വിവരാവകാശ നിയമ പ്രകാരം നല്‍കിയ അപേക്ഷയിലാണ് വിമാന യാത്രയ്ക്ക് മാത്രമായി എട്ട് വര്‍ഷം 300 കോടിയിലേറെ രൂപ ചെലവഴിച്ചതായി കണ്ടെത്തിയത്. രാഷ്ട്രപതിക്ക് ഇക്കാലയളവില്‍ ആയത് 150 കോടി രൂപ മാത്രമാണ്. 2008 ജൂണ്‍ മുതല്‍ 2017 മാര്‍ച്ച് വരെ 22 വിദേശ പര്യടനങ്ങള്‍ക്കായാണ് ഇത്രയേറെ പണം ചെലവഴിച്ചതെന്നാണ് വിവാരാവകാശ രേഖ. വിദേശകാര്യ സര്‍വ്വീസിലായിരുന്നതിനാല്‍ വിദേശയാത്രകളും വിദേശ പരിപാടികളും അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ഭാഗവുമായിരുന്നു. പശ്ചിമേഷ്യന്‍ രാജ്യങ്ങളിലായിരുന്നു ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ അദ്ദേഹം തന്റെ ഔദ്യോഗിക ജീവിതത്തിന്റെ സിംഹഭാഗവും ചെലവഴിച്ചത്. അവിടുത്തെ സംവിധാനങ്ങളുമായും വ്യക്തികളുമായും അധികാരികളുമായാണ് കൂടുതല്‍ ബന്ധപ്പെട്ടിരുന്നതും. അത്തരം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെ ഏറെ സ്വാധീനിച്ചിട്ടുണ്ടാകാം. എന്നാല്‍ ഗുജറാത്ത് കലാപത്തെയും 1984ലെ സിഖ് വിരുദ്ധ കലാപത്തെയും എതിര്‍ത്ത അന്‍സാരി ഒരിക്കലും പശ്ചിമേഷ്യന്‍ രാജ്യങ്ങളിലെ മതഭീകരവാദത്തെയും ഐഎസ്‌ഐഎസ് അടക്കമുള്ള ആഗോള ഭീഷണികളെയും പറ്റി ആശങ്കപ്പെട്ടിട്ടില്ലെന്ന ആക്ഷേപം ശക്തമാണ്. അദ്ദേഹം പ്രവര്‍ത്തിച്ച മുസ്ലിം രാജ്യങ്ങളിലെ ന്യൂനപക്ഷ വിഭാഗങ്ങള്‍ അനുഭവിക്കുന്ന കൊടുംയാതനകളെപ്പറ്റിയും ഒരിക്കലും വാചാലനായിട്ടില്ല. അഫ്ഗാനിസ്ഥാനിലേയോ പാക്കിസ്ഥാനിലേയോ ബംഗ്ലാദേശിലേയോ മതന്യൂനപക്ഷമായ ഹിന്ദു സമൂഹം കൊലചെയ്യപ്പെടുന്നതിനെപ്പറ്റിയോ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയമാകുന്നതിനെപ്പറ്റിയോ അക്രമങ്ങള്‍ക്കിരകളാകുന്നതിനെപ്പറ്റിയോ ഹമീദ് അന്‍സാരിയെന്ന വിദേശകാര്യ വിദഗ്ധന്‍ പ്രതികരിച്ചു കണ്ടിട്ടില്ല. ഉപരാഷ്ട്രപതി പദവിയില്‍ നിന്ന് ഇറങ്ങുന്നതിന്റെ അവസാന ദിനം നടത്തിയ വിവാദ പ്രസ്താവന അദ്ദേഹത്തിന്റെ സുദീര്‍ഘമായ ജീവിത പശ്ചാത്തലത്തില്‍ നിന്ന് ഉരുത്തിരിഞ്ഞതു തന്നെയാണ്. രാജ്യസഭയില്‍ ഹമീദ് അന്‍സാരിക്ക് നല്‍കിയ യാത്രയയപ്പ് വേളയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗത്തിലും ഇക്കാര്യങ്ങള്‍ പറയാതെ പറഞ്ഞുവെച്ചിട്ടുണ്ട്. ''വിദേശകാര്യ ഉദ്യോഗസ്ഥന്‍ എന്ന നിലയില്‍ ജീവിതത്തിലെ വലിയൊരു കാലം പശ്ചിമ ഏഷ്യയിലാണ് താങ്കള്‍ ചെലവഴിച്ചത്. അത്തരം പ്രദേശങ്ങളില്‍ അത്തരം അന്തരീക്ഷത്തില്‍, ചര്‍ച്ചകളില്‍, അത്തരം ആളുകളുടെ ഇടയില്‍ ആണ് താങ്കള്‍ വര്‍ഷങ്ങള്‍ ജീവിച്ചത്. വിരമിച്ച ശേഷവും പ്രവര്‍ത്തന പഥം സമാനമായിരുന്നു. അലിഗഡ് സര്‍വ്വകലാശാലയിലും ന്യൂനപക്ഷ കമ്മീഷനിലും പ്രവര്‍ത്തിച്ചു'', മോദി ഓര്‍മ്മിപ്പിച്ചു. ഉപരാഷ്ട്രപതി പദവിയിലിരിക്കുമ്പോള്‍ നിരവധി തവണ വിവാദങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ജന്‍ ലോക്പാല്‍ ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ച നടക്കവേ 2011 ഡിസംബറില്‍ ശീതകാല സമ്മേളനത്തിന്റെ അവസാന ദിനം രാജ്യസഭാ സമ്മേളനം പിരിച്ചുവിട്ട നടപടി ഏറെ പ്രതിഷേധങ്ങള്‍ ഉയര്‍ത്തുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമഫലമായി ജൂണ്‍ 21 അന്താരാഷ്ട്ര യോഗാദിനമായ യുഎന്‍ പ്രഖ്യാപിച്ചതോടെ രാജ്യമെങ്ങും യോഗാദിനാചരണ പരിപാടികള്‍ നടന്നിരുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നുവര്‍ഷവും യോഗാ ദിനാചരണ പരിപാടികളില്‍ നിന്ന് ഹമീദ് അന്‍സാരി മനപ്പൂര്‍വ്വം വിട്ടുനിന്നു. രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാഷ്ട്രപതി ഭവനില്‍ പ്രത്യേക യോഗാദിനാചരണ പരിപാടികള്‍ സംഘടിപ്പിച്ചപ്പോഴും അന്‍സാരിയുടെ അസാന്നിധ്യം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ 'ഓം' എന്ന വാക്ക് ഉച്ചരിക്കുന്നതില്‍ എന്താണ് അപാകത എന്ന നിലപാടായിരുന്നു അന്‍സാരിയുടെ ഭാര്യ സല്‍മ അന്‍സാരിക്കുണ്ടായിരുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ മുഖ്യാതിഥിയായി പങ്കെടുത്ത 2015ലെ റിപ്പബ്ലിക് ദിനാഘോഷത്തിനിടെ ദേശീയപതാക ഉയര്‍ത്തുന്ന വേളയില്‍ സല്യൂട്ട് ചെയ്യാതെ നിന്ന ഉപരാഷ്ട്രപതിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശനവും ഉയര്‍ന്നിരുന്നു. പുത്തന്‍ ചേരികളുടെ ഉദയവും അസ്തമനവും ദിനംപ്രതിയെന്നോണം മാറിമറയുന്ന ഇന്ദ്രപ്രസ്ഥത്തില്‍ 2019 ലെ പൊതുതെരഞ്ഞെടുപ്പിനാവശ്യമായ ചേരുവകള്‍ തയ്യാറാക്കുന്ന സംഘങ്ങളുടെ എണ്ണവും ക്രമാതീതമായി വര്‍ദ്ധിക്കുന്നുണ്ട്. പത്തുവര്‍ഷക്കാലത്തെ ഉപരാഷ്ട്രപതി പദവി പൂര്‍ത്തിയാക്കി ഇറങ്ങുന്ന അന്‍സാരി 'പഴയ തട്ടകങ്ങള്‍' പ്രതീക്ഷിക്കുന്നതായി ദല്‍ഹിയിലെ മാധ്യമ ചര്‍ച്ചകളില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഏറ്റവും വലിയ ശത്രുവായി സ്വയം പ്രഖ്യാപിച്ച് മാധ്യമ പ്രവര്‍ത്തനം നടത്തുന്ന കരണ്‍ ഥാപ്പറിനെ വിളിച്ചുവരുത്തി രാജ്യസഭാ ടി.വിക്കുവേണ്ടി നടത്തിയ രാജ്യസഭാ ചെയര്‍മാന്‍ കൂടിയായ ഉപരാഷ്ട്രപതി അന്‍സാരിയുടെ വിവാദ അഭിമുഖം ചില പ്രത്യേക ലക്ഷ്യങ്ങളോടെ ആയിരുന്നു എന്ന വാദം ശക്തിപ്പെടുകയാണ്. ഇന്ത്യന്‍ മുസ്ലിംകളില്‍ അരക്ഷിതാവസ്ഥയും ഭീതിയുമുണ്ടോ എന്ന ഥാപ്പറിന്റെ ചോദ്യവും, ഉണ്ട് എന്ന മറുപടിയും ഏറെ അവിചാരിതമായി ഉണ്ടായതാണെന്ന് വിശ്വസിക്കുക വയ്യ. അടുത്ത ജന്മത്തില്‍ പാക്കിസ്ഥാനില്‍ ഹിന്ദുവായി ജനിച്ചാല്‍ മാത്രമേ ഇന്ത്യയുടെ മഹത്വം അന്‍സാരിക്ക് മനസ്സിലാക്കാന്‍ സാധിക്കൂ എന്ന സാമൂഹ്യമാധ്യമങ്ങളില്‍ വന്ന വിമര്‍ശനമാണ് ഥാപ്പറിന്റെ ചോദ്യത്തിനും അന്‍സാരിയുടെ മറുപടിക്കുമുള്ള ശരിയായ ഉത്തരം.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.