കമ്യൂണിസ്റ്റ് പട്ടേല്‍

Saturday 12 August 2017 8:27 pm IST

വിശ്വവിഖ്യാതമായ മട്ടന്നൂര്‍ വിപ്ലവത്തിനും മുമ്പുള്ള കഥയാണ്. രാജ്യത്ത് നരേന്ദ്ര മോദിയും അമിത്ഷായും അഴിച്ചുവിട്ട ഫാസിസ്റ്റ് പ്രവണതകളെ കടല്‍കടത്തുക എന്നതായിരുന്നല്ലോ മട്ടന്നൂരിലെ വിപ്ലവത്തിന്റെ സാരാംശം. ബ്രണ്ണന്‍ വിപ്ലവകാരി പിണറായി വിജയനും സിബിഐയെ വെല്ലുവിളിച്ച് ആംബുലന്‍സ് യാത്ര നടത്തി നെഞ്ചൂക്ക് തെളിയിച്ച പി. ജയരാജനും നയിച്ച ആ മഹാവിപ്ലവത്തിനിടയില്‍ പാര്‍ട്ടി അണികളെ ആവേശപുളകിതരാക്കിയ ഒരു മഹാസംഭവമുണ്ടായി. അതാകട്ടെ അങ്ങ് ഗുജറാത്തില്‍ അമിത്ഷായുടെ സ്വന്തം തട്ടകത്തിലാണ്. നാല്‍പത്തിനാല് വോട്ട് തരപ്പെടുത്തി അഹമ്മദ് പട്ടേല്‍ എന്ന കോണ്‍ഗ്രസുകാരന്‍ രാജ്യസഭയിലേക്ക് കടന്നുകൂടിയതാണ് കേരളത്തിലെ വിപ്ലവകാരികള്‍ക്ക് വിജയപ്രതീക്ഷ നല്‍കിയത്. അഹമ്മദ് പട്ടേല്‍ തട്ടിമുട്ടി ഉരുണ്ടുപിരണ്ട് അകത്തുവീണപ്പോള്‍ കേരളത്തിലെ പാര്‍ട്ടിക്കാര്‍ കാട്ടിയ ആവേശം കണ്ട് ചങ്ക് തല്ലിക്കരഞ്ഞത് അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയാണ്. പാവത്തിന്റെ ക്ലച്ചൂരിയ പാര്‍ട്ടികളാണ് പട്ടേലിനെ ആഘോഷിക്കുന്നത്. കൂട്ടത്തിലൊരുത്തന്‍ നെഞ്ചുകീറി നിലവിളിച്ചുപറഞ്ഞിട്ടും അതിനു പാരവെച്ച കണ്ണൂരിസ്റ്റ് വിപ്ലവകാരികളുടെ പുതിയ ഹീറോയാവുകയാണ് അഹമ്മദ് പട്ടേല്‍. എന്നുവെച്ചാല്‍ ഇനിയങ്ങോട്ട് മോദിയും അമിത്ഷായും വെള്ളംകുടിക്കുമെന്ന്.... ഗുജറാത്തില്‍ നിന്നുള്ള മൂന്ന് രാജ്യസഭാസീറ്റുകളില്‍ ആദ്യരണ്ടും അമിതഷായും സ്മൃതി ഇറാനിയും ഉറപ്പിച്ചു. മൂന്നാമത്തെ സീറ്റിലേക്കാണ് മത്സരം നടന്നത്. പാട്ടുംപാടി രാജ്യസഭയിലേക്ക് പോകേണ്ടിയിരുന്ന അഹമ്മദ് പട്ടേലിന്റെ സാധ്യതകള്‍ തുലാസിലായത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി പക്ഷത്തേക്ക് ചാഞ്ഞതോടെയാണ്. ബാക്കിയുള്ള എംഎല്‍എമാരെ അത്രയും രായ്ക്കുരാമാനം കടത്തി ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ കൊണ്ടാക്കിയാണ് കോണ്‍ഗ്രസ് പേരുകേട്ട ജനാധിപത്യം സംരക്ഷിക്കാന്‍ തീരുമാനിച്ചത്. എംഎല്‍എമാര്‍ക്കുപോലും സ്വതന്ത്രമായി വോട്ട് ചെയ്യാന്‍ അവകാശം നിഷേധിക്കുകയും ഒപ്പം നില്‍ക്കുന്നവര്‍ക്ക് തിന്നാനും കുടിക്കാനും ആടാനും പാടാനും ഒരുക്കിക്കൊടുത്ത് റിസോര്‍ട്ട് വാസം തരപ്പെടുത്തുകയും ചെയ്യുകയായിരുന്നു കോണ്‍ഗ്രസിന്റെ വിപ്ലവം. മാസങ്ങള്‍ക്ക് മുമ്പ് തോഴി ശശികല കാട്ടിയ അതേ അടവുനയം. ഗുജറാത്തില്‍ അക്കാലം പ്രളയം താണ്ഡവമാടുകയായിരുന്നു. ബെംഗളൂരുവിലെ റിസോര്‍ട്ടില്‍ രാപാര്‍ത്ത് ജനാധിപത്യം സംരക്ഷിച്ചുകൊണ്ടിരുന്ന എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ പ്രളയക്കെടുതിയില്‍ പൊലിഞ്ഞത് മുന്നൂറോളം ജീവനാണ്. വോട്ട് ചെയ്ത് ജയിപ്പിച്ച ജനങ്ങളെ നോക്കുകുത്തിയാക്കി എംഎല്‍എമാര്‍ സുഖവാസത്തിന് പോയപ്പോള്‍ ഏത് ദുരന്തഭൂമിയിലുമെന്നപോലെ പ്രദേശത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ സേവനസന്നദ്ധരായി രംഗത്തിറങ്ങി. വിദേശ വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ സുഖവാസമെന്നത് രാഷ്ട്രീയപ്രവര്‍ത്തനമാക്കിയ കോണ്‍ഗ്രസ് നേതാവ് രാഹുലന്റെ വരവായിരുന്നു അഹമ്മദ് പട്ടേല്‍ എപ്പിസോഡിനുമുമ്പ് ശ്രദ്ധേയമായത്. രാജ്യത്തിന്റെ ഭാവി പപ്പുമോന്റെ കരങ്ങളില്‍ സുരക്ഷിതം എന്ന് മാര്‍ക്‌സിസ്റ്റുകള്‍ പോലും കോറസ് പാടുന്ന കാലമാണല്ലോ. കീറിയ പോക്കറ്റുള്ള ജുബ്ബ സ്വന്തമായുള്ള രാഹുലാണ് ഈ എംഎഎല്‍എമാര്‍ക്ക് പകരം പ്രളയപ്രദേശങ്ങള്‍ കാണാനെത്തിയത്. ദുരന്തത്തില്‍ സേവാനിരതരായിരുന്നവരെ അധിക്ഷേപിച്ചും പ്രളയജലത്തിന്റെ മനോഹാരിതകണ്ടും മടങ്ങാനൊരുമ്പെട്ട രാഹുലിനെ നാട്ടുകാര്‍ കൈകാര്യം ചെയ്തുവെന്നായിരുന്നു വാര്‍ത്ത. ഇമ്മാതിരിയൊരു നേതാവുള്ള പാര്‍ട്ടിയുടെ കൂടെ ഇനി എത്ര എംഎല്‍എമാര്‍ നില്‍ക്കും എന്ന ചോദ്യമാണ് ഗുജറാത്തില്‍ മുഴങ്ങിയത്. സംസ്ഥാനത്തെ പ്രതിപക്ഷനേതാവടക്കം പാര്‍ട്ടി വിട്ടു. ആ സാഹചര്യത്തിലാണ് രാജ്യസഭയിലേക്ക് അഹമ്മദ് പട്ടേലിനെതിരെ ബിജെപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത്. ഉറപ്പായിരുന്ന ഒരു രാജ്യസഭാ സീറ്റ് കയ്യിലിരുപ്പ് കൊണ്ട് കയ്യാലപ്പുറത്താക്കിയ പാര്‍ട്ടി അതിനും കുറ്റം അമിത് ഷായുടെ പേരില്‍ ചാര്‍ത്താനാണ് ശ്രമിച്ചത്. കണ്ണൂരിസ്റ്റ് വിപ്ലവകാരികളും അതേറ്റുപാടി. ജനാധിപത്യക്കശാപ്പെന്നും ചാക്കിട്ടുപിടിത്തമെന്നും കുതിരക്കച്ചവടമെന്നുമൊക്കെയായി വായ്ത്താരി. അഹമ്മദ് പട്ടേല്‍ പോലും ഈ അവസ്ഥ പ്രതീക്ഷിച്ചിരിക്കില്ല. രാഹുലിനെയും സോണിയെയും നമ്പിയാല്‍ ഇനി ഏത് കോണ്‍ഗ്രസ് നേതാവിന്റെയും ഗതി ഇതുതന്നെയാകും എന്ന സൂചനയാണ് പട്ടേല്‍ എപ്പിസോഡ് നല്‍കുന്നത്. മോദിയെ നേരിടാന്‍ കോണ്‍ഗ്രസിന് ആവില്ലെന്ന് ജയറാം രമേശ് പറയുന്നതിന്റെ പൊരുളും മറ്റൊന്നല്ല. കോണ്‍ഗ്രസ് ഇല്ലാതാകുന്നതോടെ പിന്നെ കൊതുകും കൂത്താടിയുമൊക്കെ എഴുതിത്തയ്യാറാക്കിയ കടലാസുമായി ദേശീയ ചാനലുകളില്‍ കയറിയിരുന്ന് അഖിലേന്ത്യന്‍ നടിക്കാനുള്ള അവസരമൊരുങ്ങുമെന്നതാണ് മറ്റൊരു അപകടം. എന്തായാലും പട്ടേലിന്റെ കടന്നുകൂടലിനെ മോദിവിരുദ്ധ വിപ്ലവത്തിന്റെ നാന്ദിയായാണ് കണ്ണൂരിലെ ബ്രണ്ണന്‍ പോരാളികള്‍ കണക്കാക്കുന്നത്. ത്രിപുരയിലും ബംഗാളിലുമടക്കം വിപ്ലവം മടുത്ത് പാര്‍ട്ടിക്കാര്‍ സ്വന്തം ഓഫീസിന്റെ പോലും ചായം മാറ്റി കാവിപൂശാന്‍ തയാറായ കാലത്താണ് അഹമ്മദ് പട്ടേലിന് പ്രതീക്ഷിക്കാത്ത ചില ആരാധകരെ കിട്ടിയത്. പി.ജയരാജന്‍ കണ്ടെടുത്ത ആര്‍എസ്എസ് മുത്ത് മിന്നാമിന്നിക്കുശേഷം ഇപ്പോള്‍ അവര്‍ക്ക് അഹമ്മദ് പട്ടേലാണ് താരം. എന്തോ പണ്ടേ മാര്‍ക്‌സിസ്റ്റുകള്‍ക്ക് ഇഷ്ടമാണ് ഈ പട്ടേലിനെ. ആള്‍ മദാമ്മ ഗാന്ധിയുടെ ബിനാമിയാണെന്നും അഹമ്മദ് പട്ടേലെന്നല്ല, അലൂമിനിയം പട്ടേലെന്നാണ് ഇയാളെ വിളിക്കേണ്ടതെന്നും പാര്‍ട്ടിയുടെ പഴയ കളിത്തോഴന്‍ വടക്കാഞ്ചേരി ഫെയിം മുരളീധരന്‍ വിളിച്ചുകൂവി നടന്ന ഒരു കാലമുണ്ട്. അന്ന് കോണ്‍ഗ്രസിനെതിരെ മുരളിയൂതിക്കുക എന്നതായിരുന്നു കണ്ണൂരിസ്റ്റ് കലാപകാരികളുടെ ഹോബി. ആന്റണിയും ഉമ്മന്‍ചാണ്ടിയും ഒക്കെച്ചേര്‍ന്ന് കരുണാകരന് പാരപണിയാന്‍ പാര്‍ത്തുനടക്കുന്ന കാലം. എ യും ഐ യും തിരുത്തല്‍വാദികളുമൊക്കെയായി കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോര് മൂര്‍ധന്യത്തിലായ കാലം. സോണിയ എന്ന ഹൈക്കമാന്‍ഡിന്റെ ബിനാമിയായി ഇടയ്ക്കിടെ കേരളത്തില്‍ വന്നുപോകുന്ന നേതാവായിരുന്നു അഹമ്മദ് പട്ടേല്‍. ഇപ്പറഞ്ഞ പട്ടേലിനെ മുന്നില്‍ നിര്‍ത്തിയാണ് ചാണ്ടിയും ആന്റണിയുമൊക്കെച്ചേര്‍ന്ന് കരുണാകരനെ അന്ന് ഒതുക്കിപ്പുറത്താക്കിയത്. അതിന്റെ ഒരു പ്രേമവുമൊക്കെയുണ്ട് ഇപ്പോള്‍ സിപിഎം കാട്ടുന്ന ഈ പട്ടേല്‍പ്രണയത്തിന് പിന്നില്‍. മോദിയെയും അമിത്ഷായെയും തോല്‍പ്പിക്കാന്‍ പറ്റിയ ആളാണ് അഹമ്മദ് പട്ടേലെന്ന ഭയാനകമായ കണ്ടുപിടിത്തത്തിന് പിന്നാലെയാണ് മട്ടന്നൂരില്‍ വിപ്ലവകാരികള്‍ വിജയം കൊയ്തത്. ഇക്കണക്കിന് കാര്യങ്ങള്‍ മുന്നോട്ടുപോയാല്‍ അമിത്ഷായും കൂട്ടരും മുട്ടുമടക്കുമെന്നാണ് തോന്നുന്നത്. പകരം ആരെന്ന ചോദ്യത്തിന് ഇംഗ്ലീഷ് ചാനലില്‍ കയറിയിരുന്ന് ബ്രിട്ടാസ് പ്രോംപ്റ്റര്‍ വഴി പിണറായി നല്‍കിയ ഉത്തരത്തിന്റെ ഭാവം മറക്കണ്ട, 'ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളേ....' അത്രയ്ക്ക് ഭീകരമാണ് കണ്ണൂരിസ്റ്റുകളുടെ കിനാവുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.