കണ്ണീരൊഴുക്കേണ്ടത് മതഭീകരതയുടെ ഇരകള്‍ക്കു വേണ്ടിയാവണം

Saturday 12 August 2017 8:30 pm IST

ബെംഗളൂരു സ്‌ഫോടന കേസില്‍ പ്രതിയായ അബ്ദുള്‍ നാസര്‍ മദനിക്ക് മകന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിന് കേരളത്തിലേക്ക് വരാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ വാദം നടക്കവെ മദനിക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്‍ വികാരഭരിതനായത്രെ. എല്ലാ മതവിഭാഗക്കാരും ഒരു മതത്തിലും വിശ്വസിക്കാത്തവരും വളരെ സൗഹാര്‍ദ്ദപൂര്‍വം കഴിഞ്ഞുപോന്നിരുന്ന കേരളത്തില്‍, എണ്‍പതുകളില്‍ മതഭീകരവാദത്തിന്റെ തീപ്പൊരികള്‍ പടര്‍ത്തിയാണ് മദനി രംഗപ്രവേശം ചെയ്തത്. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട രാത്രിയില്‍, താന്‍ നേരത്തെ രൂപീകരിച്ചിരുന്ന ഐഎസ്എസ് മദനി പിരിച്ചുവിട്ടു എന്നു പറയുന്നുണ്ടെങ്കിലും, ആ സംഘടന സമൂഹത്തില്‍ സൃഷ്ടിച്ച വിപത്തുകള്‍ ചെറുതായിരുന്നില്ല. ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ, സുന്നി ടൈഗര്‍ ഫോഴ്‌സ് തുടങ്ങി പല പേരിലായി മതഭീകര സംഘടനകള്‍ പിന്നീടും കേരളത്തില്‍ സജീവമായുണ്ട് എന്നതാണ് നിഷേധിക്കാനാവാത്ത വസ്തുത. ചേകനൂര്‍ മൗലവി വധം സംബന്ധിച്ച കേസില്‍ ഗൂഢാലോചന നടന്നത് കാരന്തൂര്‍ മര്‍ക്കസില്‍ വച്ചാണെന്നും പ്രതികള്‍ സുന്നി ടൈഗര്‍ ഫോഴ്‌സ്, ജംഇയ്യത്തുല്‍ ഇഹ്‌സാനിയ്യ എന്നീ സംഘടനകളുടെ സജീവ പ്രവര്‍ത്തകരാണെന്നും അക്കാലത്ത് ജംഇയ്യത്തുല്‍ ഇഹ്‌സാനിയയുടെ അദ്ധ്യക്ഷന്‍ മദനിയായിരുന്നുവെന്നും സിബിഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയതായി കാണാം. എന്നിട്ടും മദനിയേയും കാന്തപുരത്തേയും പ്രതിചേര്‍ക്കപ്പെടാതെ പോവുകയായിരുന്നു. അഞ്ചുനേരം അറേബ്യയിലെ കഅബ മന്ദിരത്തിലേക്ക് തിരിഞ്ഞുനിന്ന് അറബി ഭാഷയില്‍ പ്രാര്‍ത്ഥിക്കണമെന്നും, അങ്ങനെ ചെയ്യാത്തവരൊക്കെയും നരകാവകാശികളും, കാഫിറുകളും വധിക്കപ്പേടേണ്ടവരുമാണെന്നുമാണ് ഇന്നും മദനി ഉള്‍പ്പെടെയുള്ളവര്‍ അടിയുറച്ച് വിശ്വസിക്കുന്നത്. ഖുര്‍ആനോ മുഹമ്മദ് നബിയോ പഠിപ്പിക്കാത്ത ഈ വഷളന്‍ സിദ്ധാന്തമല്ല അവരുടെ വിശ്വാസമെങ്കില്‍ അതവര്‍ ചേകനൂര്‍ മൗലവിയെപ്പോലെ തുറന്നുപറയട്ടെ. മുഹമ്മദ് നബിയോ, വിശുദ്ധ ഖുറാനോ പഠിപ്പിക്കാത്ത ഇത്തരം ഖുറാന്‍ വിരുദ്ധ കാര്യങ്ങള്‍ തുറന്നുപറഞ്ഞതിന്റെ പേരിലാണ് അവര്‍ ചേകനൂര്‍ മൗലവിയെ ചതിച്ചുകൊണ്ടുപോയി കൊലപ്പെടുത്തിയത്. മദനിക്കുവേണ്ടി ശബ്ദിക്കുകയും കത്തെഴുതുകയും വികാരഭരിതരാവുകയും ചെയ്ത പ്രശാന്ത് ഭൂഷണും പരേതനായ വി.ആര്‍ കൃഷ്ണയ്യരും മുഖ്യമന്ത്രി പിണറായി വിജയനുമെല്ലാം 'നരകത്തിലെ വിറകാ'ണെന്നാണ് മദനിയുടെ 'സുന്നത്ത് മതം'. തനിക്കുവേണ്ടി വികാരഭരിതനാകുന്ന പ്രശാന്ത് ഭൂഷണും കത്തയച്ച കൃഷ്ണയ്യരും സുരക്ഷാ ചുമതല കേരളം വഹിക്കാമെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി അടക്കമുള്ളവരും, 'നരകത്തിലെ വിറക'ല്ലെന്നും അവര്‍ സ്വര്‍ഗ്ഗത്തിലായിരിക്കുമെന്നും ആത്മാര്‍ത്ഥതയുടെ ഒരംശമുണ്ടെങ്കില്‍ മദനി തുറന്നുപറയട്ടെ. അങ്ങനെ ഒന്ന് പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ചേകനൂര്‍ മൗലവിയും (അഥവാ ഞങ്ങളും) നാസര്‍ മദനിയും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകും. കേവല പ്രാര്‍ത്ഥനകളല്ല - ചടങ്ങ് പ്രാര്‍ത്ഥനകളല്ല- മോക്ഷത്തിന്റെ അടിസ്ഥാനമെന്നും, അല്‍പം പോലും അഹങ്കാരമില്ലാതെ പരോപകാരപ്രദമായ സല്‍കര്‍മ്മങ്ങള്‍ ചെയ്യലാണ് ജീവിതവിജയത്തിന്റെയും, പരലോക മോക്ഷത്തിന്റെയും അടിസ്ഥാനമെന്നും ചേകനൂര്‍ മൗലവിയെപ്പോലെ മദനി അടക്കമുള്ള സുന്നി-നജാഹിദ്-ജമാഅത്ത് മൗലവിമാര്‍ ഒന്ന് പ്രഖ്യാപിച്ചാല്‍ ഞങ്ങളും അവരും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകും. ഖുറാനും-ഹദീസും തമ്മിലുള്ള വ്യത്യാസം ഇല്ലാതാകുമെന്ന് സാരം. എന്നാല്‍ ഒരു കാലത്തും മദനിയും കാന്തപുരവും മറ്റുമൊന്നും അങ്ങനെ പറയില്ലെന്നത് ഉറപ്പാണ്. പറഞ്ഞാല്‍ അവരുടെ മതക്കച്ചവടവും ഭീകര കച്ചവടവുമെല്ലാം അതോടെ തരിപ്പണമാകും. പിന്നെ എന്തിന് മദനിക്കുവേണ്ടി സര്‍ക്കാര്‍ ഖജനാവിലെ പണം ധൂര്‍ത്തടിക്കണം. 'ഉപ്പു തിന്നവന്‍ വെള്ളം കുടിക്കുക' എന്നത് പ്രകൃതി നിയമമാണ്. ഖുറാനും അതുതന്നെ പറയുന്നു. ആര് അണുമണിത്തൂക്കം നന്മ പ്രവര്‍ത്തിച്ചുവോ അതവന്‍ കാണും, ആര് അണുമണിത്തൂക്കം തിന്മ പ്രവര്‍ത്തിച്ചുവോ അതവന്‍ കാണും (ഖുര്‍ആന്‍). ഇത് മരിച്ചതിന് ശേഷമല്ല, ഈ ജീവിതത്തില്‍ തന്നെ എല്ലാവര്‍ക്കും കാണാം എന്നതാണ് ഖുര്‍ആന്റെ നിലപാട്. ചേകനൂര്‍ മൗലവിയുടെ തിരോധാന വാര്‍ത്ത കേള്‍ക്കുമ്പോള്‍ (മൗലവിയെ കാണാതായതിന്റെ അടുത്ത ദിവസം) മദനി മൈനാഗപ്പള്ളിയില്‍ ഒരു യോഗത്തില്‍ പ്രസംഗിച്ചുകൊണ്ടിരിക്കയായിരുന്നു. രണ്ടും കൈയും തട്ടി അല്‍ഹുംദുലില്ലാ (ദൈവത്തിന് സ്തുതി) എന്നാണ് മദനി അന്നു പറഞ്ഞത്. മാത്രമല്ല 'ആ മൂന്നു നേരക്കാരന്‍ ക്ലീന്‍ ഷേവ് കുരങ്ങന്റെ കാര്യം കഴിഞ്ഞു' എന്നായിരുന്നു അന്ന് മദനി പുച്ഛത്തോടെ പരിഹസിച്ചത്. മുസ്ലിം ലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയെ കന്നുകാലിക്കുട്ടിയെന്നും, ബിജെപി നേതാവ് മുരളീ മനോഹര്‍ ജോഷിയെ ജോഷി എന്ന പട്ടി എന്നൊക്കെയുമാണ് ഭ്രാന്തമായ ആവേശത്തില്‍ അക്കാലത്ത് മദനി കളിയാക്കിയത്. 'തിന്മയെ ഏറ്റവും നല്ലതുകൊണ്ട് നേരിടുക, അപ്പോള്‍ അത് ഏത് ബദ്ധശത്രുവും നിന്റെ മിത്രമാവും' എന്ന ഖുറാന്‍ വചനം കാറ്റില്‍ പറത്തിയായിരുന്നു അക്കാലത്ത് മദനിയുടെ അട്ടഹാസങ്ങള്‍. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മദനി വിട്ടയക്കപ്പെട്ടു. തുടര്‍ന്ന് ബെംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു. മദനി പ്രതിയാണോ,നിരപരാധിയാണോ എന്നതൊക്കെ കോടതി തീരുമാനിക്കട്ടെ. പക്ഷെ ഒരു കാര്യം ഏവരും സമ്മതിക്കുന്നതാണ്. അതെന്തെന്നാല്‍ കേരളത്തില്‍ മതഭീകരവാദത്തിന് രൂപംനല്‍കുന്നതിലും, അതിന്റെ വളര്‍ച്ചയിലും നിര്‍ണ്ണായക പങ്ക് മദനി വഹിച്ചിട്ടുണ്ട് എന്നത് ആര്‍ക്കും നിഷേധിക്കാനാവുകയില്ല. മതഭീകരവാദം വളര്‍ത്തിയ ഒരാള്‍ക്കുവേണ്ടി കണ്ണീര്‍ പൊഴിക്കുമ്പോള്‍ മതഭീകരവാദികളാല്‍ കൊലചെയ്യപ്പെട്ട അനേകരുടെ കുടുംബങ്ങള്‍ അനുഭവിക്കുന്ന വേദനകളാണ് മറന്നുപോകുന്നത്. അവരുടെ കണ്ണീരാണ്് ആരും കാണാതെപോകുന്നത്. പ്രശസ്ത ഖുറാന്‍ പണ്ഡിതന്‍ ചേകനൂര്‍ മൗലവിയുടെ കുടുംബമുള്‍പ്പെടെ അനുഭവിക്കുന്ന വേദനയില്‍ കണ്ണീര്‍ പൊഴിക്കാന്‍ ഇവിടെ ആരുമില്ലേ? എത്രയെത്ര മനുഷ്യരെയാണ് മതഭീകരവാദികള്‍ കൊന്നൊടുക്കിയത്. പ്രതിപ്പട്ടികയില്‍ ഉള്ളവരുടെ വേദനയില്‍ വികാരഭരിതരാവുന്നവരൊക്കെ മതഭീകരവാദം മൂലം ദുരിതമനുഭവിക്കുന്നവരുടെ വേദന കാണാതെ പോകുന്നതെന്തുകൊണ്ടാണ്? ബെംഗളൂരു കോടതി മദനിക്ക് മകന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ അനുമതി നിഷേധിച്ചപ്പോള്‍ കേരളത്തില്‍ ഹര്‍ത്താല്‍ പ്രഖ്യാപിക്കുകയാണ് പിഡിപി നേതൃത്വം ചെയ്തത്. പിറ്റേന്ന് മദനി അത് പിന്‍വലിക്കുകയും ചെയ്തു. ഫലത്തില്‍ വിഷയം ജനശ്രദ്ധയിലെത്തിക്കാനും പിന്നീട് പിന്‍വലിക്കുക വഴി സമൂഹമധ്യേ നല്ലപിള്ള ചമയാനും സാധിച്ചു. ഇതൊരു തന്ത്രമായിരുന്നു. മദനി പഴയ ആളല്ലെന്നും ആകെ മാറിയിട്ടുണ്ടെന്നുമാണ് ചിലരുടെ നിരീക്ഷണം. യാതൊരുവിധ ആദര്‍ശമാറ്റവും അദ്ദേഹത്തിലുണ്ടായിട്ടില്ല എന്നതാണ് പച്ചയായ പരമാര്‍ത്ഥം. മദനിക്കുവേണ്ടി ഇടതു-വലത് മുന്നണികള്‍ ഒരുമിച്ച് പ്രമേയം പാസ്സാക്കിക്കൊടുത്ത സംഭവവും കേരള നിയമസഭയിലുണ്ടായി. അതേസമയം മതഭീകരവാദികളാല്‍ മൃഗീയമായി വധിക്കപ്പെട്ട ചേകനൂര്‍ മൗലവിയുടെ പേര് ഒരവസരത്തിലെങ്കിലും നിയമസഭയിലുച്ചരിക്കാന്‍ ഒരു മതേതര വാദിയുമുണ്ടായില്ല. മതപൗരോഹിത്യത്തിനും ഭീകരതക്കും വളംവയ്ക്കുന്ന നിലപാടാണ് മതേതര കക്ഷികള്‍ പോലും തുടര്‍ന്നുപോരുന്നത്. അപ്പോള്‍പ്പിന്നെ പ്രശാന്ത് ഭൂഷണ്‍ വികാരഭരിതനായില്ലെങ്കിലേ അത്ഭുതമുള്ളൂ. ജനാധിപത്യത്തിനും മതേതരത്വത്തിനും മാനവികതക്കാകെയും കടുത്ത ഭീഷണിയുയര്‍ത്തുന്ന മതഭീകരതയെ നിസ്സാരവല്‍ക്കരിച്ചുകാണുന്നത് ആപല്‍ക്കരമായ പ്രവണതയാണെന്ന് മാത്രമേ പറയുന്നുള്ളൂ.    

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.