മദ്യവില്‍പ്പനക്കാര്‍ പിടിയില്‍

Saturday 12 August 2017 8:30 pm IST

രാജാക്കാട്: തോക്കുപാറ മേഖലയില്‍ മദ്യവില്‍പ്പന നടത്തി വന്നിരുന്നയാള്‍ പിടിയില്‍. തോക്കുപാറ മരോട്ടിക്കല്‍ അജിത്കുമാര്‍(മാമന്‍-49) നെയാണ് മൂന്നാര്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ നേതൃത്വത്തില്‍ പിടികൂടിയത്. മാമന്‍സ് എന്ന ആപേ ഓട്ടോറിക്ഷയില്‍ കടത്തിക്കൊണ്ട് വന്ന 7 ലിറ്റര്‍ മദ്യവും ഓട്ടോറിക്ഷയും കസ്റ്റഡിയില്‍ എടുത്തു. തോക്കുപാറ ടൗണില്‍ മാമന്‍സ് ബേക്കറി ആന്റ് കൂള്‍ബാര്‍ എന്ന സ്ഥാപനത്തിലാണ് മദ്യം സൂക്ഷിച്ച് വില്‍പ്പന നടത്തിയിരുന്നത്. 150 മുതല്‍ 200 രൂപവരെ ലാഭത്തിലാണ് ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നത്. പാല്‍, പത്രവിതരണം എന്നിവയുടെ മറവില്‍ കല്ലാര്‍, വിരിപാറ ഭാഗങ്ങളിലും ഇയാള്‍ മദ്യവില്‍പ്പന നടത്തിയിരുന്നു. എക്‌സൈസ് ഷാഡോ വിഭാഗത്തിന്റെ ഒരുമാസത്തെ നീരിക്ഷണത്തിനൊടുവിലാണ് പ്രതി പിടിയിലാവുന്നത്. കട്ടപ്പന: അനധികൃത മദ്യവില്‍പ്പന നടത്തിയ യുവാക്കളെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു. ചെറുതോണി പുത്തന്‍പുരയ്ക്കല്‍ അനീഷ്(28), കണ്ണംപറമ്പില്‍ സൗബിന്‍ (19) എന്നിവരെയാണ് കട്ടപ്പന സിഐ അറസ്റ്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും 15 കുപ്പികളിലായി സൂക്ഷിച്ചിരുന്ന ഏഴര ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. പ്രതികളുടെ പേരില്‍ മറ്റ് ക്രിമിനല്‍ കേസുകളും നിലവിലുണ്ട്.