മഴവില്ലിനും അപ്പുറം എവിടെയോ

Saturday 12 August 2017 8:41 pm IST

ആ കല്യാണവിരുന്നില്‍ ഗിറ്റാറിസ്റ്റുപാടിയത് അങ്ങനെ ആയിരുന്നു, മഴവില്ലിനും അപ്പുറം എവിടെയോ. കാല്‍പ്പനിക സൗന്ദര്യത്തിന്റെ വസന്തംപൂത്ത ആ വരികളില്‍നിന്നും ഒരിക്കലും പ്രായമാകാത്ത പ്രണയത്തിന്റെ സുഗന്ധം പൊഴിയുന്നുണ്ടായിരുന്നു. ലോകം നോക്കിയുംകണ്ടും ഇരിക്കുകയായിരുന്നു, ആ വിവാഹം എന്നാണെന്ന്. അതു നടന്നു. ഇക്കഴിഞ്ഞ 5ന് .98കാരി ഗറ്റ്‌റൂഡ ്മൊക്കട്ടോഫിനെ 94 കാരന്‍ ആല്‍വിന്‍ മാന്‍ വിവാഹം കഴിച്ചു. ന്യൂയോര്‍ക്കിലെ മിഡില്‍ ടൗണിലെ മിഡില്‍ ടൗണ്‍ സിറ്റിഹാളില്‍വെച്ചായിരുന്നു വിവാഹം.ഇരുവരുടേയും അന്‍പതോളം കുടുംബാംഗങ്ങളും അനവധി സുഹൃത്തുക്കളും അനുഗ്രഹിക്കാനെത്തി. പ്രണയം പ്രായത്തെ ചെറുപ്പമാക്കുംപോലെ അവര്‍ പുതിയ നവവധൂവരന്മാരായി. ലോകത്തിനായിരിക്കാം. അതിശയം. വിവാഹംകൊണ്ട് മാറ്റമൊന്നും ഉണ്ടാവുകയില്ല. ഇനിയുള്ള ജീവിതത്തിനും എന്നാണ് പക്ഷേ, ഗറ്റ്‌റൂഡും മാനും പറഞ്ഞത്. പ്രണയത്തിനു കണ്ണും കാതും മൂക്കും മാത്രമല്ല പ്രായവും ഇല്ല. എല്ലാം വഴിമാറും. എന്താണ് നിങ്ങളുടെ ആരോഗ്യത്തിന്റെ രഹസ്യം എന്നു ചോദിച്ചപ്പോള്‍ മാന്‍ പറഞ്ഞത് രണ്ടു കാര്യങ്ങളാണ്. മെഡിക്കല്‍ സയന്‍സിന്റെ മികവും ആശങ്കകളില്ലാതെ എന്തും നേരിടാനുള്ള മനസും. മിഡില്‍ ടൗണ്‍ ജിമ്മില്‍വെച്ചാണ് മാനും ഗറ്റ്‌റൂഡും എട്ടുവര്‍ഷം മുന്‍പ് കണ്ടുമുട്ടുന്നത്.ഗറ്റ്‌റൂഡിന്റെ പ്രസരിപ്പിനെ മാന്‍ അപ്പോള്‍ തന്നെ പുകഴ്ത്തിയിരുന്നു, മാന്‍ മാന്യനാണെന്ന് അവരും പറഞ്ഞു. തന്നെ വിവാഹം കഴിച്ചുകൂടെയെന്ന് ഗറ്റ്‌റൂഡാണ് മാനിനോടു ചോദിച്ചത്. പിന്നീടവര്‍ തങ്ങളുടെ സ്വപ്‌നത്തെക്കുറിച്ചു പങ്കുവെച്ചു. മക്കളും പേരക്കുട്ടികളും നിരവധി ബന്ധുക്കളുമുള്ള അവര്‍ പ്രണയ വഴിയിലൂടെ വിവാഹത്തിലേക്കും ജീവിതത്തിലേക്കും കടക്കുകയായിരുന്നു. ഭയാശങ്കകളില്ലാത്ത ജീവിതമായിരുന്നു നേരത്തെതന്നെ രണ്ടുപേരുടേയും. ഉത്തരവാദിത്തവും ജീവിതത്തെക്കുറിച്ചു തീരുമാനമെടുക്കാന്‍ പോന്നതുമായ ജീവിതം. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞശേഷം കടല്‍ജീവിതം തെരഞ്ഞെടുക്കുകയായിരുന്നു മാന്‍. സീമാന്‍ ആയ അയാള്‍ക്ക് മരണത്തെ മുഖാമുഖം കാണാതിരിക്കാനാവില്ലല്ലോ. ഗറ്റ്‌റൂഡ് ബയോളജിസ്റ്റായിരുന്നു. പിന്നീട് രാഷ്ട്രീയത്തില്‍ പ്രവേശിച്ച് മിഡില്‍ ടൗണിലെ ആദ്യ വലിതാ മേയറായി നല്ല പ്രവര്‍ത്തനം കാഴ്ചവെച്ചിരുന്നു. രണ്ടുപേരും നേരത്തെ വിവാഹിതരായിരുന്നു. പതിറ്റാണ്ടുകള്‍ ഒന്നിച്ചു ജീവിച്ച് വിഭാര്യനും വിധവയുമായവര്‍. ഒറ്റയ്ക്കായിരുന്നെങ്കിലും അവര്‍ ഏകാന്തതയ്ക്കു കീഴ്‌പ്പെട്ടുപോയിരുന്നില്ല. ഇതിനാലാണ് അവര്‍ മറ്റുള്ളവര്‍ വിശേഷിപ്പിക്കുന്ന നിത്യയൗവ്വനയുക്തരായത്. രണ്ടുപേര്‍ക്കുംകൂടി 7മക്കളും 12പേരക്കുട്ടികളുമുണ്ട്. വിവാഹശേഷം അതിഥികള്‍ക്കായി നല്ലൊരു വിരുന്നുണ്ടായിരുന്നു.തുടര്‍ന്ന് പുതിയ ഭാര്യയേയും കൂടയിരുത്തി തന്റെ ടയോട്ട കൊറോള കാറില്‍ മാന്‍ ഓടിച്ചുപോയി. ഇപ്പോള്‍ വിവാഹിതരായത് എന്നൊരു ബോര്‍ഡ് കാറിനുമുന്നിലുണ്ടായിരുന്നു. അപ്പോള്‍ അവരുടെ മനസില്‍ ഗിറ്റാറിസ്റ്റു പാടിയപോലെ മഴവില്ലിനും അപ്പുറം എവിടെയോ പോകുന്നൊരു മനോഹര സ്വപ്‌നം ഉണ്ടായിരുന്നിരിക്കണം.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.