വിലത്തകര്‍ച്ച; ജാതി കര്‍ഷകര്‍ ആശങ്കയില്‍

Saturday 12 August 2017 8:44 pm IST

കരുവാരകുണ്ട്: ജാതിക്കയുടെ വിലയിടിവില്‍ തുടരുന്നതില്‍ മനംനൊന്ത് മലയോര കര്‍ഷകര്‍. ഏതാനും വര്‍ഷങ്ങള്‍ക്കപ്പുറം കിലോഗ്രാമിന് 400 രൂപയോളം വില ലഭിച്ചു കൊണ്ടിരുന്ന ജാതിക്ക് ഇന്ന് 150 രൂപയാണ് വില. വിലത്തകര്‍ച്ച തുടരുകയാണങ്കില്‍ മലയോരത്തു നിന്നും ജാതി കൃഷിയും വിട പറയും. മരുന്നിനും ഭക്ഷണാവശ്യങ്ങള്‍ക്കും വേണ്ടിയാണ് ജാതിക്കയുടെ ഏറിയ പങ്കും ഉപയോഗിക്കുന്നത്. വില ഉയര്‍ന്നു നിന്നിരുന്ന സാഹചര്യത്തില്‍ കര്‍ഷകരുടെ വീടുകളിലെത്തി വ്യാപാരികള്‍ ജാതിക്ക ശേഖരിക്കുമായിരുന്നു. ഇന്ന് നാട്ടിന്‍ പുറങ്ങളിലെ കടകളിലെത്തിച്ചാണ് വില്‍പ്പന നടത്തുന്നത്. വന്‍കിട വ്യവസായികളാണ് വിലയിടിക്കാനുള്ള ശ്രമം നടത്തുന്നതെന്ന് വ്യാപാരികള്‍ വ്യക്തമാക്കുന്നു. റബ്ബര്‍ വില തകര്‍ച്ചയെ തുടര്‍ന്ന് നിലമ്പൂര്‍ താലൂക്കിന്റെ കിഴക്കന്‍ മലയോരങ്ങളില്‍ കര്‍ഷകര്‍ ജാതി വ്യാപകമായി കൃഷി ചെയ്തുവരികയായിരുന്നു. അപ്രതീഷിതമായി അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന വിലയിടിവിനെ തുടര്‍ന്ന് ജാതി കൃഷിയോടും വിട പറയേണ്ടി വരുമെന്ന് കര്‍ഷകര്‍ പറയുന്നു. നിലമ്പൂര്‍ താലൂക്കില്‍ കരുവാരകുണ്ടിന്റെ മലയോരങ്ങളിലാണ് ജാതി കൃഷി വ്യാപകമായുള്ളത്. മറ്റ് നാടന്‍ ഇനങ്ങളെ അപേഷിച്ച് അത്യുല്‍പാദന ശേഷിയുള്ള കേരളശ്രീ ഇനത്തില്‍പ്പെടുന്ന തൈകളാണ് ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നത്. വില തകര്‍ച്ച കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. തൊഴിലാളികളെ ആശ്രയിക്കാതെ സ്വന്തമായി വിളവെടുക്കാമെന്നും കാട്ടാന, കാട്ടുപന്നി തുടങ്ങിയ വന്യജീവികള്‍ കൃഷി നാശം വരുത്താറില്ലന്നും കര്‍ഷകര്‍ പറയുന്നു. ഇതേ തുടര്‍ന്നാണ് ജാതി കൃഷിയിലേക്ക് കര്‍ഷകര്‍ തിരിഞ്ഞത്. അടുത്തിടെ അനുഭവപ്പെടുന്ന കുരങ്ങുശല്യം കര്‍ഷകരെ പ്രയാസപ്പെടുത്തുന്നുണ്ട്. ജാതി മരത്തിന്റെ ചില്ലകള്‍ ഒടിച്ചുംമൂപ്പെത്താത്ത കായ്കര്‍ പറിച്ചു നാശം വരുത്തുകയും ചെയ്യുന്നത് വന്‍ സാമ്പത്തിക നഷ്ടം സൃഷ്ടിക്കുന്നതായും കര്‍ഷകര്‍ പറയുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.