വിദ്യാര്‍ത്ഥി സംഘടനാരംഗത്തെ അസഹിഷ്ണുത പരിശോധിക്കണം: കാനം

Saturday 12 August 2017 9:25 pm IST

കണ്ണൂര്‍:വിദ്യാര്‍ത്ഥി സംഘടനരംഗത്ത് വളരുന്ന അസഹിഷ്ണുതയുടെ രാഷ്ട്രീയം പരിശോധിക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എഐഎസ്എഫ് 43-ാം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നമുക്കിടയില്‍ അസഹിഷ്ണുത വളരുന്നത് പരിശോധിക്കപ്പെടേണ്ട വിഷയമാണ്. കാമ്പസുകളില്‍ നമ്മള്‍ മാത്രം മതി, മറ്റൊരാള്‍ പാടില്ല എന്ന ചിന്ത വളരുന്നത് അപകടകരമാണ്. കേരളത്തില്‍ സ്വാശ്രയ വിദ്യാഭ്യാസ മേഖല സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ക്കപ്പുറത്ത് ശക്തരായി നിലകൊള്ളുകയാണ്. സ്വാശ്രയകോളേജുകളെ നിയന്ത്രിക്കാനുള്ള നിയമം കൊണ്ടുവരണമെന്ന് എഐഎസ്എഫ് ആവശ്യപ്പെട്ടിട്ടുണ്ട്. സ്വാശ്രയ വിദ്യാഭ്യാസം എന്ന ആശയം ചര്‍ച്ച ചെയ്യുന്ന കാലം മുതല്‍ അതിനെതിരെയുള്ള പ്രക്ഷോഭങ്ങളും ശില്‍പ്പശാലകളും നടത്തിയ പ്രസ്ഥാനമാണ് എഐഎസ്എഫ്. ആ സമരം തുടരണം. അതിന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൂര്‍ണ്ണ പിന്തുണ ഉണ്ടെന്ന് കാനം രാജേന്ദ്രന്‍ പ്രഖ്യാപിച്ചു.