സിനിമാവ്യവസായത്തെ നേര്‍വഴിയില്‍ നയിക്കാനുമുള്ള ശ്രമം സിനിമ രംഗത്തുള്ളവര്‍ നടത്തണം: മന്ത്രി ബാലന്‍

Saturday 12 August 2017 10:58 pm IST

തലശ്ശേരി:സിനിമാലോകത്ത് തെറ്റായ ചില പ്രവണതകള്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുകയാണെന്നും അത്തരം പ്രവണതകളെ ഇല്ലാതാക്കാനും സിനിമാവ്യവസായത്തെ നേര്‍വഴിയില്‍ നയിക്കാനുമുള്ള ശ്രമം സിനിമാരംഗത്തുള്ളവര്‍ നടത്തണമെന്നും സാംസ്‌കാരിക വകുപ്പുമന്ത്രി എ. കെ.ബാലന്‍. ഇതിന് സര്‍ക്കാര്‍ എല്ലാവിധ സഹായവും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഈ രംഗത്ത് ചില പ്രശ്‌നങ്ങള്‍ നടക്കുന്നുണ്ട്. നിരവധി ആളുകള്‍ ജോലിചെയ്യുന്ന ഒരു മേഖലയാണ് സിനിമ. ഇതൊരു വ്യവസായം തന്നെയാണ്. ഇതിനെ നിലനിര്‍ത്താനുള്ള ശ്രമം നമ്മള്‍ നടത്തണം. കഴിവുള്ള കലാകാരന്‍മാരെ കണ്ടെത്താനും പ്രോത്സാഹിപ്പിക്കാനും സര്‍ക്കാര്‍ എല്ലാവിധ സാഹചര്യങ്ങളും ഒരുക്കും. കലാമൂല്യങ്ങളുള്ള ചിത്രങ്ങളെ പ്രോത്സാഹിപ്പിക്കാന്‍ സര്‍ക്കാര്‍ വേണ്ട സഹായങ്ങള്‍ ചെയ്യുമെന്നും മന്ത്രി പറഞ്ഞു. അവാര്‍ഡ്ദാനച്ചടങ്ങ് ജനകീയമാക്കാനും അതിനുള്ള ശ്രമങ്ങള്‍ ദൃതഗതിയില്‍ നടത്തുവാനുള്ള ശ്രമങ്ങളും നടന്നുകൊണ്ടിരിക്കുകയാണ്. ചലച്ചിത്ര അവാര്‍ഡുകള്‍ പലപ്പോഴും അര്‍ഹതപ്പെട്ടവരുടെ കൈകളില്‍ എത്താറില്ല. എന്നാല്‍ അവാര്‍ഡ് നല്‍കുന്നത് അര്‍ഹതപ്പെട്ട കലാകാരന്‍മാര്‍ക്ക് തന്നെയാണ്. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2016 നോടനുബന്ധിച്ച് തലശ്ശേരിയില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. സപ്തംബര്‍ 10 ന് തലശ്ശേരി നഗരസഭ സ്റ്റേഡിയത്തില്‍ അവാര്‍ഡ്ദാനച്ചടങ്ങ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും. കെ.സി ഡാനിയേല്‍ അവാര്‍ഡ് അടൂര്‍ ഗോപാലകൃഷ്ണന് ചടങ്ങില്‍ നല്‍കും. 15 ചലച്ചിത്ര പ്രതിഭകളെ ആദരിക്കും. സപ്തംബര്‍ 8, 9, 10 തീയ്യതികളിലാണ് പരിപാടി നടക്കുക. 8 ന് വൈകിട്ട് 5.30 ന് എരഞ്ഞോളി മൂസ നയിക്കുന്ന ഇശല്‍രാവ്. മൂന്നുമണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന പരിപാടിയില്‍ ഗായകന്‍ പീര്‍മുഹദ് തുടങ്ങി 12 ഓളം ഗായകന്‍മാര്‍ പരിപാടി അവതരിപ്പിക്കും. 9 ന് വൈകിട്ട് 5.30 ന് ഫോക്‌ലോര്‍ അക്കാദമി നടത്തുന്ന ചെക്കല്‍ ഫോക്ഫ്യൂഷന്‍. 10 ന് രാത്രി 8 മണിക്ക് പി.ജയചന്ദ്രന്‍, വാണിജയറാം, ബി.വസന്ത, എം.ജയചന്ദ്രന്‍, സിത്താര കൃഷ്ണകുമാര്‍, മഞ്ജരി, ഗായത്രി, രമേഷ് നാരായണന്‍ തുടങ്ങിയവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. തുടര്‍ന്ന് ശോഭന, ലക്ഷ്മി ഗോപാലസ്വാമി, വിനീത്, വിനീത്കുമാര്‍, ഷംന കാസിം, രമ്യനമ്പീശന്‍ എന്നിവരുടെ നൃത്തനൃത്ത്യങ്ങളും രമേഷ് പിഷാരടി, കോട്ടയം നസീര്‍, സുരഭി, വിനോദ് കോവൂര്‍, ഹരീഷ് കണാരന്‍ എന്നിവര്‍ നയിക്കുന്ന ഹാസ്യ വിരുന്നു അരങ്ങേറും. ചലച്ചിത്ര അവാര്‍ഡ് ഐ.വി.ശശി, ഹരിഹന്‍, ശ്രീനിവാസന്‍, ബാലചന്ദ്രമേനോന്‍, കെ.പി.കുമാരന്‍, ജയഭാരതി, രാഘവന്‍, കുട്ട്യേടത്തി വിലാസിനി, നെടുമുടി വേണു, കവിയൂര്‍ പൊന്നമ്മ, സീമ, നിലമ്പൂര്‍ ആയിഷ, ശ്രീധരന്‍ ചമ്പാട്, ജനാര്‍ദ്ദനന്‍, പൂവ്വച്ചല്‍ ഖാദര്‍ തുടങ്ങിയവരെ ആദരിക്കും. വാര്‍ത്താസമ്മേളനത്തില്‍ എ.എന്‍ ഷംസീര്‍ എംഎല്‍എ, നഗരസഭ ചെയര്‍മാന്‍ സി.കെ.രമേശന്‍, മഹേഷ് പഞ്ചു, ടി. കെ അജയന്‍, പ്രദീപ് ചൊക്ലി തുടങ്ങിയവര്‍ സംബന്ധിച്ചു. സംഘാടകസമിതി ഓഫീസ് ശാരദ കൃഷ്ണയ്യര്‍ ഓഫീസിനു സമീപത്തെ കെട്ടിടത്തില്‍ മന്ത്രി ഉദ്ഘാടനം ചെയ്തു. എ.എന്‍.ഷംസീര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ പൊന്ന്യം ചന്ദ്രന്‍, നഗരസഭ ചെയര്‍മാന്‍ സി.കെ.രമേശന്‍, മഹേഷ് പഞ്ചു തുടങ്ങിയവര്‍ പങ്കെടുത്തു. പുരാവസ്തു, ആര്‍ക്കിയോളജി വിഭാഗങ്ങളുടെ പ്രദര്‍ശ്ശനവും പരിപാടിയോടനുബന്ധിച്ചു നടക്കും.