ലാസ്റ്റ് ലാപ്പ്... ബോള്‍ട്ട്

Saturday 12 August 2017 8:48 pm IST

ലണ്ടന്‍: തിളക്കമാര്‍ന്ന കായിക ജീവിതം സ്വര്‍ണമെഡല്‍ നേടി അവസാനിപ്പിക്കാന്‍ ഉസൈന്‍ ബോള്‍ട്ടിന് അവസരമൊരുങ്ങി. ബോള്‍ട്ട് അമരക്കാരനായ ജമൈക്കന്‍ ടീം ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിന്റെ 4-100 മീറ്റര്‍ റിലേയുടെ ഫൈനലിലെത്തി.യോഗ്യതാ റൗണ്ടില്‍ അവസാന ലാപ്പ് ഓടിയ ബോള്‍ട്ട് ഈ സിസണിലെ മികച്ച സമയം (37.95 സെക്കന്‍ഡ്്‌സ്) കുറിച്ചാണ് ടീമിനെ ഫൈനലിലേക്ക് കടത്തിവിട്ടത്. തിങ്ങിനിറഞ്ഞ സ്‌റ്റേഡിയത്തിലെ കാണികളുടെ പ്രേത്സാഹനം മികച്ച വിജയത്തിന് ഊര്‍ജം നല്‍കിയെന്ന് ബോള്‍ട്ട് പറഞ്ഞു.റിലേയില്‍ യുവതാരങ്ങളാണ് ബോള്‍ട്ടിനൊപ്പം ഓടുന്നത്. ഒട്ടെറെ പരിശീലനം നടത്തിയെങ്കിലും ഇപ്പോഴും യുവാക്കള്‍ പിഴവു വരുത്തുന്നുണ്ട്. പരിചയസമ്പന്നനായ യോഹാന്‍ ബ്ലേക്ക് ഫൈനലില്‍ മത്സരിച്ചേക്കുമെന്ന് ബോള്‍ട്ട് പറഞ്ഞു. നൂറ് മീറ്ററിലെ കിരീടം നിലനിര്‍ത്തനുളള ബോള്‍ട്ടിന്റെ ശ്രമം നേരത്തെ പരാജയപ്പെട്ടു. ബോള്‍ട്ടിനെ പിന്തളളി അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ സ്വര്‍ണവും ക്രിസ്റ്റിയന്‍ കോള്‍മാന്‍ വെളളിയും നേടി. 2007ല്‍ ഒസാക്കയില്‍ 4-100 മീറ്റര്‍ റിലേയില്‍ തോറ്റശേഷം ഇതാദ്യമായാണ് ബോള്‍ട്ട് ഒരു വമ്പന്‍ ചാമ്പ്യന്‍ഷിപ്പില്‍ തോല്‍ക്കുന്നത്.100,200 മീറ്ററുകളില്‍ ലോക റെക്കോര്‍ഡ് ജേതാവായ ബോള്‍ട്ടിന്റെ നേതൃത്വത്തില്‍ ഇറങ്ങിയ ജമൈക്കന്‍ ടീം 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സില്‍ 4-100 റിലേയില്‍ ലോക റെക്കോര്‍ഡ് (36.84 സെ.) സ്ഥാപിച്ചു. ബോള്‍ട്ട് ലോകകപ്പില്‍ ഇതുവരെ 14 മെഡലുകള്‍ നേടിയിട്ടുണ്ട്. ഇതില്‍ പതിനൊന്നും സ്വര്‍ണമാണ്. ഒളിമ്പിക്‌സില്‍ ഒമ്പതു സ്വര്‍ണവും നേടിയിട്ടുണ്ട്.ഗാട്‌ലിന്‍ നയിച്ച അമേരിക്കന്‍ ടീമും ഫൈനലിന് യോഗ്യത നേടി. ഫ്രാന്‍സ്, ചൈന, ജപ്പാന്‍, തുര്‍ക്കി, കാനഡ എന്നിവയാണ് യോഗ്യത നേടിയ മറ്റ് ടീമുകള്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.