കേരളത്തില്‍ ഭീകരവാദ ബന്ധം വര്‍ദ്ധിക്കുന്നത് അന്വേഷിക്കണം

Saturday 12 August 2017 9:45 pm IST

ന്യൂദല്‍ഹി: വിദ്യാഭ്യാസ നിലവാരം ഏറെ ഉയര്‍ന്ന കേരളത്തില്‍ മതഭീകരവാദ സംഘടനകളുമായി ബന്ധപ്പെടുന്നവരുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുന്നതിനെപ്പറ്റി അന്വേഷണം പ്രഖ്യാപിക്കണമെന്ന് സുപ്രീംകോടതിയില്‍ സത്യവാങ്മൂലം. മഞ്ചേരി സത്യസരണിയില്‍ മതംമാറ്റിയ വൈക്കം സ്വദേശി അഖിലയുടെ പിതാവ് അശോകനാണ് സത്യവാങ്മൂലം സമര്‍പ്പിച്ചത്. അഖിലയുടെ മതംമാറ്റവും വിവാഹവും റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായി പോപ്പുലര്‍ ഫ്രണ്ടുകാരന്‍ നല്‍കിയ കേസിലാണ് അശോകന്റെ മറുപടി സത്യവാങ്മൂലം. അഖിലയുടെ മതംമാറ്റം ഒറ്റപ്പെട്ട സംഭവമല്ലെന്ന് സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. അഖിലയെപ്പോലെ നിരവധി പേരെയാണ് മലപ്പുറം ജില്ലയിലെ സത്യസരണി എന്ന കേന്ദ്രത്തില്‍ മതംമാറ്റിയിരിക്കുന്നത്. ഇതു സംബന്ധിച്ച കേസുകളും മറ്റു വിവരങ്ങളും സത്യവാങ്മൂലത്തില്‍ ചേര്‍ത്തിട്ടുണ്ട്. മതംമാറ്റപ്പെട്ട ശേഷം അഖിലയുമായി സംസാരിച്ചപ്പോള്‍ സിറിയയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്നതായി പറഞ്ഞിരുന്നു. അഖിലയെ വിവാഹം കഴിച്ചു എന്നു പറയുന്ന ഷെഫിന്‍ ജഹാന്‍ തീവ്രചിന്താഗതിക്കാരനാണ്. അയാളുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ പരിശോധിച്ചാല്‍ തന്നെ ഇക്കാര്യങ്ങള്‍ വ്യക്തമാകും. സിറിയയിലെത്തി ഐഎസില്‍ ചേര്‍ന്ന് ഭീകരവാദ പ്രവര്‍ത്തനം നടത്തുന്നവരില്‍ ഭൂരിപക്ഷവും ഉന്നത വിദ്യാഭ്യാസം നേടിയവരാണ്. മതംമാറ്റപ്പെട്ട് ഇസ്ലാംമതത്തിലെത്തിയവരും കൂടുതലായി ഐഎസിലേക്ക് എത്തിച്ചേരുന്നുണ്ട്. ഇക്കാര്യങ്ങളിലെല്ലാം വിശദമായ അന്വേഷണമാണ് ആവശ്യം, അശോകന്റെ സത്യവാങ്മൂലത്തില്‍ ആവശ്യപ്പെടുന്നു. ആഗസ്ത് 16ന് കേസ് സുപ്രീംകോടതി വീണ്ടും പരിഗണിക്കും. സംസ്ഥാന സര്‍ക്കാരും എന്‍ഐഎയും ബുധനാഴ്ച കേസ് പരിഗണിക്കുമ്പോള്‍ സത്യവാങ്മൂലം സമര്‍പ്പിക്കും. കേസില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും എന്‍ഐഎ അന്വേഷണം തന്നെ വേണമെന്നുമുള്ള നിലപാട് കഴിഞ്ഞ ദിവസം കേസ് പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി സ്വീകരിച്ചിരുന്നു. ഇതുസംബന്ധിച്ച ഉത്തരവ് ബുധനാഴ്ച ഉണ്ടാകുമെന്നാണ് പ്രതീക്ഷ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.