ലോക അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ്: ഇരുനൂറില്‍ ഷിപ്പേഴ്‌സ്

Saturday 12 August 2017 8:51 pm IST

ലണ്ടന്‍: ഡച്ച് സ്പ്രിന്റര്‍ ഡഫ്‌നെ ഷിപ്പേഴസ് ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഇരുനൂറ് മീറ്ററില്‍ കിരീടം നിലനിര്‍ത്തി. ഇഞ്ചോടിഞ്ചുപോരാട്ടം കണ്ട ഫൈനലില്‍ ഐവറിയുടെ മേരി ജോസി ടാ ലൗവിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തളളിയാണ് നിലവിലുളള ചാമ്പ്യനായ ഷിപ്പേഴ്‌സ് ഒന്നാം സ്ഥാനം നേടിയത്. നൂറ് മീറ്ററില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ട ഷിപ്പേഴ്‌സ് 22.05 സെക്കന്‍ഡിലാണ് 200 മീറ്റര്‍ ഓടിയെത്തിയത്. മേരി ജോസി വെളളിമെഡല്‍ നേടി. ഈ ചാമ്പ്യന്‍ഷിപ്പില്‍ മേരിയുടെ രണ്ടാം വെളളിമെഡലാണിത്.നേരത്തെ 100 മീറ്ററില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. നൂറ് മീറ്ററില്‍ ഒന്നാം സ്ഥാനം നേടി ഏറ്റവും വേഗമാര്‍ന്ന താരമായി മാറിയ ടോറി ബോവി 200 മീറ്ററില്‍ മത്സരിച്ചില്ല. ബഹമാസിന്റെ ഷൗനീ മില്ലര്‍ യുബിയോ വെങ്കല മെഡല്‍ നേടി. സ്വര്‍ണത്തിനായി പൊരുതി. നല്ല തയ്യാറെടുപ്പോടെയാണ് മത്സരിക്കാനിറങ്ങിയത്. തുടര്‍ച്ചയായ രണ്ടാം തവണ വിജയം നേടിയതില്‍ സന്തോഷമുണ്ടെന്ന് ഷിപ്പേഴ്‌സ് പറഞ്ഞു. റിയോ ഒളിമ്പിക്‌സിന്റെ 200 മീറ്ററില്‍ ഷിപ്പേഴ്‌സ് വെളളി മെഡല്‍ നേടിയിരുന്നു.വനിതകളുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേയ്‌സില്‍ അമേരിക്കന്‍ ആധിപത്യം. അമേരിക്കന്‍ താരങ്ങളായ എമ്മ കോബേണും കോട്‌നി ഫ്രീറിച്ചും നിലവിലുളള ചാമ്പ്യനായ ഹൈവിന്‍ ജെപ്‌ക്കെമിയെ അട്ടിമറിച്ച് സ്വര്‍ണും വെളളിയും നേടി. ഒളിമ്പിക്‌സില്‍ വെങ്കല മെഡല്‍ ജേതാവായ എമ്മ ഒമ്പതു മിനിറ്റ് 02.58 സെക്കന്‍ഡില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി.കോട്‌നി രണ്ടാം സ്ഥാനത്തെത്തിയപ്പോള്‍ കെനിയയുടെ നിലവിലുളള ചാമ്പ്യന് വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു.അമേരിക്കയുടെ ബ്രിറ്റ്‌നി റീസ് ലോങ്ങ് ജമ്പില്‍ നാലാം തവണ സ്വര്‍ണമണിഞ്ഞു.7.02 മീറ്റര്‍ ചാടിക്കടന്നാണ് റീസ് ഒന്നാം സ്ഥാനത്തെത്തിയത്. 2009, 2011, 2013 വര്‍ഷങ്ങളില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പുകളില്‍ റീസ് ലോങ്ങ് ജമ്പ് കിരീടം ചൂടിയിരുന്നു. റഷ്യയുടെ ഡാറിയ ക്ലിഷിന വെളളിയും (7 മീ) നിലവിലുളള ജേതാവായ ടിയന്ന വെങ്കലവും (6.97)നേടി. പുരുഷന്മാരുടെ ഹാമര്‍ ത്രോയില്‍ പോളണ്ടിന്റെ പാവല്‍ ഫാജ്‌ഡെക്ക് ഹാട്രിക്ക് സ്വര്‍ണം നേടി.79.81 മീറ്റര്‍ ദൂരത്തേക്ക് ഹാമര്‍ പായിച്ചാണ് പാവല്‍ തുടര്‍ച്ചയായ മൂന്നാം കിരീടം നേടിയത്. തുടര്‍ച്ചയായ മൂന്ന് തവണ കിരീടമണിഞ്ഞ് ഞാന്‍ ചരിത്രം കുറിച്ചു. പ്രതീക്ഷിച്ചതിലും അപ്പുറം നേടാനായെന്നും പാവല്‍ പറഞ്ഞു. 2012, 2016 ഒളിമ്പിക്‌സുകളില്‍ പാവലിന് യോഗ്യത നേടാനായില്ല.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.