ഒരു വിവാഹ സത്കാര ഫോട്ടോ വൈറലാകുന്നു

Saturday 12 August 2017 9:43 pm IST

ഫേസ്ബുക്കില്‍ തസ്‌നിം പോസ്റ്റ് ചെയ്ത തന്റെ വിവാഹ സത്കാര ചിത്രം

ധാക്ക: കഴിഞ്ഞ വര്‍ഷമായിരുന്നു തസ്‌നിം ജാറയുടെ വിവാഹം. എന്നാല്‍, കഴിഞ്ഞ ദിവസം ഫേസ്ബുക്ക് പേജില്‍ തസ്‌നിം തന്റെ വിവാഹ സത്കാര ഫോട്ടോ പോസ്റ്റ് ചെയ്തപ്പോള്‍ അത് വന്‍ ഹിറ്റായി. അശേഷം മേക്കപ്പില്ലാതെ, ശരീരം നിറയെ ആഭരണങ്ങളില്ലാതെ, മുത്തശ്ശിയുടെ വളരെ ലളിതമായ കോട്ടണ്‍ സാരിയണിഞ്ഞാണ് ഭര്‍ത്താവിനൊപ്പം തസ്‌നിം വിവാഹ സത്കാരത്തിലിരുന്നത്.

സാമൂഹ്യപ്രവര്‍ത്തകയായ തസ്‌നിം, ഐക്യരാഷ്ട്ര സംഘടനയുടെ ബംഗ്ലാദേശില്‍ നിന്നുള്ള ഉപദേശക പാനല്‍ അംഗം കൂടിയാണ്. വിവാഹത്തിന്റെ ആര്‍ഭാടങ്ങള്‍ ഒരു കുടുംബത്തില്‍ ഉണ്ടാക്കാവുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സൂചിപ്പിക്കാനാണ് ഒരു വര്‍ഷം മുന്‍പത്തെ വിവാഹ സത്കാര ചിത്രം പോസ്റ്റ് ചെയ്തത്.

ഈ ചിത്രത്തിനും അതിനൊപ്പം തസ്‌നിം നല്‍കിയ സാമാന്യം ദൈര്‍ഘ്യമുള്ള കുറിപ്പിനും ഇതുവരെ പതിനായിരത്തിലേറെ കമന്റുകളും 27,000 ഷെയറുകളും കിട്ടി. ആഭരണങ്ങള്‍ അണിയാതെ, ചമഞ്ഞൊരുങ്ങാതെ പതിവു തെറ്റിച്ച് വിവാഹ സത്കാരത്തിന് എത്താനുള്ള തീരുമാനം നടപ്പാക്കാന്‍ എത്ര മാത്രം പ്രയാസപ്പെട്ടുവെന്ന് തസ്‌നിം വിവരിക്കുന്നു. തന്നോടൊപ്പം നിന്ന് ചിത്രമെടുക്കില്ലെന്നു പോലും ചില കുടുംബാംഗങ്ങള്‍ പറഞ്ഞു. സത്കാര ചടങ്ങ് ബഹിഷ്‌കരിക്കുമെന്നു ഭീഷണിപ്പെടുത്തിയവരുമുണ്ട്.

ഇത്തരം ആഡംബരങ്ങളില്‍ നിന്ന് വധുവിന്റെ വീട്ടിലെ യഥാര്‍ഥ ചിത്രം കിട്ടുമെന്നാണോ കരുതുന്നത്? തസ്‌നിം ചോദിക്കുന്നു. ചിത്രത്തിനും തന്റെ അഭിപ്രായത്തിനും ഇത്രമാത്രം സ്വീകാര്യത കിട്ടിയതില്‍ ഏറെ സന്തോഷം. താന്‍ മുന്നോട്ടുവച്ച പ്രശ്‌നം പരമാവധി ആളുകള്‍ ചര്‍ച്ച ചെയ്തല്ലോയെന്നത് കുടുതല്‍ സന്തോഷം നല്‍കുന്നു, തസ്‌നിം പറഞ്ഞു.