ചക്കമഹോത്സവം

Saturday 12 August 2017 9:29 pm IST

അമ്പലവയല്‍: കാര്‍ഷീക വിളകളില്‍ നിന്നുളള മൂല്യവര്‍ദ്ധന ഉല്‍പ്പന്നങ്ങളുടെ നിര്‍മ്മാണത്തില്‍ മാതൃകയായി അമ്പലവയല്‍ കാര്‍ഷീക ഗവേഷണ കേന്ദ്രത്തിലെ ഭക്ഷ്യ സംസ്‌ക്കരണ സംഘം. ഗവേഷണ കേന്ദ്രത്തിന്റെ 250 ഏക്കര്‍ സ്ഥലത്ത് ജൈവരീതിയില്‍ കൃഷി ചെയ്ത് ഉല്‍പ്പാദിപ്പിച്ച കാര്‍ഷിക വിളകള്‍ ആണ് സംസ്‌ക്കരണത്തിലൂടെ വൈവിധ്യമാര്‍ന്ന ഉത്പ്പന്നങ്ങാളായി വിപണിയിലേക്ക് എത്തുന്നത്. ഫാഷന്‍ ഫ്രൂട്ട്, റംബൂട്ടാന്‍, ബട്ടര്‍ഫ്രൂട്ട് വിവിധയിനം മാങ്ങകള്‍, മുതലായ ഫലവര്‍ഗ്ഗങ്ങളില്‍ നിന്നും കുരുമുളക്, മഞ്ഞള്‍, ഇഞ്ചി, മുളക്, ഗ്രാമ്പൂ, കറുവപ്പട്ട തുടങ്ങിയ സുഗന്ധ വ്യഞ്ജനങ്ങളില്‍ നിന്നും ജ്യൂസ്, ജെല്ലി, അച്ചാറുകള്‍, ഹല്‍വ, മിഠായികള്‍ തുടങ്ങി വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്നു. ഉല്‍പ്പാദിപ്പിക്കുന്ന വിളകളുടെ 85 ശതമാനവും ഇങ്ങനെ ഉപയോഗിക്കപ്പെടുന്നു. പഴങ്ങളുടെ അവശിഷ്ടങ്ങള്‍ യന്ത്രവല്‍കൃത സംസ്‌ക്കരണത്തിലൂടെ ജൈവവളമാക്കി ഉപയോഗിക്കുന്നുണ്ട്. 15ഓളം സ്ത്രീ തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നതിനോടൊപ്പം മൂന്ന് മാസത്തെ പരിശീലനവും നല്‍കുന്നു. ഉല്‍പ്പന്നങ്ങള്‍ എല്ലാം കൃത്രിമമായ നിറങ്ങളോ, രാസപദാര്‍ത്ഥങ്ങളോ ചേര്‍ക്കാതെ കര്‍ശന നിയന്ത്രണം പാലിച്ച് നിര്‍മ്മിക്കുന്നതിനാല്‍ വിപണിയില്‍ മികച്ച സ്വീകാര്യത ലഭിക്കുന്നതോടൊപ്പം വരുമാനത്തിന്റെ 35 ശതമാനവും പ്രതിഫലമായി തൊഴിലാളികള്‍ക്ക് നല്‍കുന്നുണ്ടെന്ന് ഫുഡ്ഡ് ടെക്‌നോളജിസ്റ്റ് പ്രിയ മറിയംജോര്‍ജ്ജ്, പ്രേഗ്രാം കോര്‍ഡിനേറ്റര്‍ ഡോ.എന്‍.ഇ.സഫിയയും പറഞ്ഞു. പ്രദര്‍ശന മേളയില്‍ കാര്‍ഷീക കേന്ദ്രത്തിലെ വില്‍പ്പനക്ക്പുറമേ വിവിധ ആഘോഷ പരിപാടികളിലും ഉല്‍സവങ്ങളിലും സജ്ജീവസാന്നിദ്ധ്യമായി 2010ല്‍ ആരംഭിച്ച കാര്‍ഷിക കേന്ദ്രത്തിന്റെ ഈ ഭക്ഷ്യ സംസ്‌ക്കരണ യൂണിറ്റ് പ്രവര്‍ത്തിച്ചുവരുന്നു.