കേദാര്‍നാഥില്‍ ശബ്ദം കടക്കാത്ത ക്ലാസ് മുറികള്‍

Saturday 12 August 2017 9:46 pm IST

ഡെറാഡൂണ്‍: കേദാര്‍നാഥ് മേഖലയിലെ വിദ്യാര്‍ത്ഥികള്‍ക്കിനി സ്വസ്ഥമായിരുന്നു പഠിക്കാം. ശബ്ദം കടക്കാത്ത ക്ലാസ് മുറികളാണ് അവര്‍ക്കായി നിര്‍മ്മിക്കുന്നത്. ഹെലികോപ്ടറുകള്‍ നിരന്തരം താഴ്ന്നു പറക്കുന്നതു കൊണ്ടുണ്ടാകുന്ന ശബ്ദ മലിനീകരണം പരിഹരിക്കുന്നതിന് കോപ്ടര്‍ കമ്പനികള്‍ തന്നെയാണ് ഇതിനു മുന്‍കൈയെടുക്കുന്നത്. ശബ്ദ മലിനീകരണം രൂക്ഷമായതോടെ ജില്ലാ മജിസ്‌ട്രേറ്റ് മങ്കേഷ് ഘില്‍ഡിയല്‍ അടുത്തിടെ ഹെലികോപ്ടര്‍ കമ്പനികളുടെ യോഗം വിളിച്ച്. ശബ്ദം കടക്കാത്ത വിധം ക്ലാസ് മുറികള്‍ നിര്‍മിക്കാന്‍ സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തുടര്‍ന്ന് 13 കമ്പനികളാണ് ഇതിന് സന്നദ്ധത അറിയിച്ചത്. നിലവില്‍ പ്രൈമറി സ്‌കൂളിന് രണ്ട് സൗണ്ട് പ്രൂഫ് ക്ലാസ് മുറിയും, അപ്പര്‍ പ്രൈമറി സ്‌കൂളിന് മൂന്നെണ്ണവുമാണുള്ളത്. അയ്യായിരത്തിലധികം പേര്‍ മരിച്ച 2013ലെ വെള്ളപ്പൊക്കത്തിനു ശേഷം ഇവിടേക്കുള്ള ഹെലികോപ്ടര്‍ യാത്രികരുടെ എണ്ണം വര്‍ധിച്ചു. ശബ്ദ മലിനീകരണത്തെക്കുറിച്ച് വനം വകുപ്പ് റിപ്പോര്‍ട്ട് തയാറാക്കുന്നുണ്ട്. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനും കേന്ദ്രത്തിനും ദേശീയ ഹരിത ട്രൈബ്യൂണല്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ എവിയേഷന്റെ (ഡിജിസിഎ) അനുമതിയോടെയാണ് ഹെലികോപ്ടറുകള്‍ ഇവിടെ യാത്രികര്‍ക്കായി സര്‍വീസ് നടത്തുന്നത്. തീര്‍ത്ഥാടന കാലത്ത് 16 മുതല്‍ 20 വരെ കോപ്ടറുകള്‍ സര്‍വീസ് നടത്തുന്നെന്ന് രുദ്രപ്രയാഗ് എസ്ഡിഎം ദേവാനന്ദ് അറിയിച്ചു. ഒരാള്‍ക്ക് 7,500 രൂപയാണ് നിരക്ക്. കാലവര്‍ഷത്തെ തുടര്‍ന്ന് ഇപ്പോള്‍ സര്‍വീസ് നിര്‍ത്തിയിരിക്കുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.