ബോട്ടുകളുടെ ആധിക്യം കായലിനെ നശിപ്പിക്കുന്നു

Saturday 12 August 2017 9:57 pm IST

ആലപ്പുഴ: തുറുമുഖ രജിസ്ട്രാര്‍ക്ക് കീഴില്‍ രജിസ്റ്റര്‍ ചെയ്ത 734 ഹൗസ് ബോട്ടുകളില്‍ 321 ഹൗസ് ബോട്ടുകള്‍ രജിസ്‌ട്രേഷന്‍ പുതുക്കിയില്ല. 2016 മാര്‍ച്ച് 31വരെ രജിസ്‌ട്രേഷന്‍ പുതുക്കിയിട്ടില്ല എന്നാണ് കണ്ടെത്തിയത്. ഇവരില്‍ നിന്നും രജിസ്‌ട്രേഷന്‍ ഇനത്തില്‍ 11.26 ലക്ഷം രൂപ ലഭിക്കാനുണ്ടെന്ന് സിഎജി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 734 ഹൗസ് ബോട്ടുകള്‍ ഉണ്ടെന്ന് രജിസ്ട്രറുടെ കണക്ക് പ്രകാരം അവകാശപ്പെടുമ്പോള്‍ ടൂറിസം ഡയറക്ടറുടെ കണക്ക് പ്രകാരം 1,500 ഹൗസ് ബോട്ടുകള്‍ ഉണ്ട്. വേമ്പനാട് കായലിന്റെ പാരിസ്ഥിതിക പഠനം നടത്തിയ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സ് ഡവലപ്പ്‌മെന്റ് മാനേജ്‌മെന്റിന്റെ കണ്ടെത്തലുകള്‍ പ്രകാരം വേമ്പനാട് കായലിന്റെ വിനോദ സഞ്ചാര വാഹക ശേഷി 262 ഹൗസ് ബോട്ടുകള്‍ക്കാണ്. ബോട്ടുകളുടെ ആധിക്യം കായലിന്റെ പാരിസ്ഥിതിക സന്തുലതാവസ്ഥയ്ക്ക് ഗുരുതര ഭീഷണി ഉയര്‍ത്തുന്നു. ഹൗസ് ബോട്ടുകളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിരിക്കുന്നത് നിബന്ധനകള്‍ പാലിച്ചിരിക്കണം എന്നതാണ്. എന്നാല്‍ ഇത് അധികാരികള്‍ ഉറപ്പു വരുത്താത്തതിനാല്‍ ഏതാണ്ട് 17.66 ലക്ഷം രൂപ വകുപ്പിന് നഷ്ടമായി. ഇന്റര്‍ഗ്രേറ്റഡ് കണ്‍സെന്റ് ടു ഓപ്പറേറ്റി(ഐസിഒ)നുവേണ്ടി ആലപ്പുഴയിലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഓഫീസില്‍ സമര്‍പ്പിച്ച 811 ഹൗസ് ബോട്ടുകളില്‍ 437 എണ്ണം സാധുതയുള്ള ഐസിഒ ഇല്ലാതെയാണ് പ്രവര്‍ത്തിച്ചിരുന്നത്. വീഴ്ച വരുത്തുന്നവരെ കണ്ടെത്തുന്നതിന് ആവശ്യമായ നിരീക്ഷണ സംവിധാനം മലിനീകരണ നിയന്ത്രണ ബോര്‍ഡിന് ഉണ്ടായിരുന്നില്ലായെന്നും റിപ്പോര്‍ട്ടിലുണ്ട്. ഹൗസ് ബോട്ടുകളില്‍ ശൗചാലയ മാലിന്യങ്ങള്‍ സംഭരിക്കുന്നതിനുള്ള ബയോടാങ്ക് സ്ഥാപിക്കേണ്ടതും പുറത്തേയ്ക്കുള്ള എല്ലാ കുഴലുകളും ജലരേഖയ്ക്ക് മുകളില്‍ സ്ഥാപിക്കണമെന്നും അത് കായലില്‍ തള്ളരുതെന്നുമാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എന്നാല്‍ ശൗചാലയ മാലിന്യങ്ങള്‍ ഹൗസ് ബോട്ടുകളില്‍ നിന്നും കായലില്‍ തള്ളുന്നതിനായി ജലരേഖയ്ക്ക് അടിയില്‍ കുഴലുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു. ഹൗസ് ബോട്ടുകളില്‍ നിന്നുള്ള ഖരമാലിന്യങ്ങള്‍ പ്ലാസ്റ്റിക് ഉള്‍പ്പെടെ നങ്കൂരമിടുന്ന സ്ഥലത്ത് കൂട്ടിയിട്ട് കത്തിക്കുന്നതായും ചില ബോട്ടുകള്‍ കായലില്‍ തന്നെ തള്ളുന്നതായും സിഎജി കണ്ടെത്തിയിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.