പോലീസിന്റെ ഒളിച്ചുകളി

Saturday 12 August 2017 10:31 pm IST

ഇടുക്കി: പോലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ പ്രഥമ വിവര റിപ്പോര്‍ട്ട് പോലീസിന്റെ ഔദ്യോഗിക വെബ് സൈറ്റില്‍ കൃത്യമായി പ്രസിദ്ധീകരിക്കണമെന്ന നിര്‍ദ്ദേശം കാറ്റില്‍ പറത്തുന്നു. കേസ് രജിസ്റ്റര്‍ ചെയ്ത് 24 മണിക്കൂറിനകം കേസ് വിവരങ്ങള്‍ സൈറ്റില്‍ പ്രദര്‍ശിപ്പിക്കണമെന്നാണ് സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശിച്ചിരുന്നത്. മിക്ക പോലീസ് സ്റ്റേഷനുകളിലും കേസെടുത്ത് ആഴ്ചകള്‍ കഴിഞ്ഞാണ് എഫ്‌ഐആര്‍ സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത്. അതാത് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ അറിയാന്‍ പോലീസിന്റെ ഔദ്യോഗിക സൈറ്റില്‍ കയറി ജില്ല, എഫ്‌ഐആര്‍ നമ്പര്‍, വര്‍ഷം, തീയതി, പ്രതിയുടെ പേര,് പോലീസ് സ്റ്റേഷന്‍ എന്നിവ രേഖപ്പെടുത്തിയാല്‍ എഫ്‌ഐആറിന്റെ കോപ്പി ലഭിക്കും. ജന്മഭൂമി നടത്തിയ അന്വേഷണത്തില്‍ ചുരുക്കം ചില സ്റ്റേഷനുകളില്‍ മാത്രമാണ് കൃത്യമായി ഇക്കാര്യം ചെയ്യുന്നതെന്ന് വ്യക്തമായി. തിരുവനന്തപുരം സിറ്റിയിലെ തുമ്പ പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ നാലാം തീയതി വരെയുള്ള എഫ്‌ഐആറുകളെ രജിസ്റ്റര്‍ ചെയ്തതായി കണ്ടെത്താനായുളളൂ. പേട്ട സ്റ്റേഷനില്‍ ഏഴാം തീയതി വരെയുള്ള കേസുകളാണ് അപ് ലോഡ് ചെയ്തിരിക്കുന്നത്. കൊല്ലത്ത് ചവറയില്‍ പതിനൊന്നു വരെയുള്ള കേസുകള്‍ കണ്ടെത്താനായി. പരവൂര്‍ സ്റ്റേഷനിലാവട്ടെ നാലാം തീയതി വരെയുള്ള വിവിവരങ്ങളാണുള്ളത്. പത്തനംതിട്ടയിലെ ഏറെ തിരക്കുള്ള അടൂര്‍ സ്റ്റേഷനിലും നാലാം തീയതിവരെയുള്ള കേസുകളുടെ എഫ്‌ഐആറുകളാണ് സൈറ്റിലുള്ളത്. ആലപ്പുഴയിലെ ചേര്‍ത്തലയില്‍ എട്ടു വരെയുള്ള കേസുകളാണ് ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ പത്താം തീയതി വരെയുള്ള വിവരങ്ങളാണ് കാണാന്‍ കഴിയുന്നത്. ഇടുക്കി യിലെ കരിങ്കുന്നത്ത് ജൂലൈ 24 വരെയുള്ള കേസുകള്‍ മാത്രമാണ് സൈറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആഗസ്റ്റ് മാസത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ ഈ സ്റ്റേഷന്‍ പരിധിയില്‍ നടന്നിട്ടു പോലും രണ്ടാഴ്ചയായി ഔദ്യോഗിക സൈറ്റില്‍ വിവരങ്ങള്‍ രേഖപ്പെടുത്തുന്നില്ലെന്ന് വ്യക്തമാണ്. എറണാകുളം ടൗണ്‍ പരിധിയിലെ ഏലൂര്‍ സ്റ്റേഷനില്‍ ഈ മാസം അഞ്ചുവരെയുള്ള കേസുകളേ ചേര്‍ത്തിട്ടുള്ളൂ. തൃശൂര്‍ സിറ്റിയിലെ വിയ്യൂര്‍ സ്റ്റേഷനില്‍ ഏഴുവരെയും പാലക്കാട് ജില്ലയിലെ ഷൊര്‍ണ്ണൂരില്‍ പത്തു വരെയുമുള്ള കേസ് വിവരങ്ങളാണ് ചേര്‍ത്തിരിക്കുന്നത്. സംസ്ഥാനത്തെ മിക്ക പോലീസ് സ്റ്റേഷനുകളിലും ഇതാണ് അവസ്ഥ. ദിവസവും ഒന്നിലധികം കേസുകള്‍ റിപ്പോര്‍ട്ടായിട്ടും അവ കൃത്യമായി സൈറ്റില്‍ പ്രസിദ്ധീകരിക്കാത്തത് പോലീസിലെ ഉന്നതര്‍ പരിശോധിക്കുന്നില്ല എന്നത് പോലീസ് സേനയ്ക്ക് തന്നെ മാനക്കേടാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.