നെല്‍കൃഷി: നിലം ഉടമകളെ കണ്ടെത്താന്‍ കഴിയുന്നില്ല

Saturday 12 August 2017 10:03 pm IST

പത്തനംതിട്ട: നെല്‍കൃഷി വ്യാപനത്തിന് പദ്ധതിയും ഫണ്ടും ഉണ്ടെങ്കിലും പലയിടത്തും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി കൃഷി നടത്താനാകാതെ ഉദ്യോഗസ്ഥര്‍ വലയുന്നു. കൃഷി അഭിവൃദ്ധിപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാരും കോടികളാണ് സംസ്ഥാനത്തിന് അനുവദിച്ചിട്ടുള്ളത്. കര്‍ഷകര്‍ക്കും നിലം ഉടമകള്‍ക്കും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചെങ്കിലും പലയിടത്തും നിലങ്ങളുടെ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനാകാത്തതാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ തടസ്സമാകുന്നത്. ഇരുപ്പൂകൃഷിയടക്കം ചെയ്തിരുന്ന പാടശേഖരങ്ങള്‍ കൃഷി നിലച്ചതോടെ വന്‍തോതില്‍ ക്രയവിക്രയത്തിന് വിധേയമായി. പാടങ്ങള്‍ പലതും പല കൈമറിഞ്ഞെങ്കിലും സമയാസമയങ്ങളില്‍ പോക്കുവരവും മറ്റും നടത്താന്‍ കഴിയാത്തതിനാല്‍ സര്‍ക്കാര്‍രേഖകളില്‍ യഥാര്‍ത്ഥ ഉടമയെ കണ്ടെത്താനാകുന്നില്ല എന്നാണ് പ്രധാനപരാതി. പാടങ്ങളില്‍ കൃഷിയിറക്കാനുള്ള അനുമതിക്കുവേണ്ടി നിലങ്ങളുടെ യഥാര്‍ത്ഥ ഉടമകളെ സമീപിക്കാനാകുന്നില്ല. കൃഷി ചെയ്യാന്‍ പാടശേഖരസമിതികളും കരാറുകാരും തയ്യാറാണെങ്കിലും ഉടമകളുടെ അനുമതിയില്ലാത്തതിനാല്‍ കഴിയുന്നില്ലെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു. ഉടമകള്‍ ഉണ്ടെങ്കിലും ഭൂരിപക്ഷവും വിദേശരാജ്യങ്ങളിലാണ്. ഇവരില്‍ പലര്‍ക്കും കൃഷിയില്‍ താത്പര്യവുമില്ല. പത്തനംതിട്ട ജില്ലയില്‍ ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപം മുഖ്യമന്ത്രി വിത്തുവിതച്ച് നെല്‍കൃഷിക്ക് തുടക്കമിട്ടപ്പോഴും ഈ പരാതി ഉയര്‍ന്നിരുന്നു. ഇപ്പോള്‍ ജില്ലയില്‍ 300 ഹെക്ടര്‍ തരിശുകൃഷി ചെയ്യിപ്പിക്കാനാണ് കൃഷിവകുപ്പ് ലക്ഷ്യമിടുന്നത്. ഒന്നാം കൃഷിക്കായി ഹെക്ടറിന് 25000 രൂപയും കൃഷി ചെയ്യുന്നവര്‍ക്കും നില ഉടമയ്ക്കും 5000 രുപയുമാണ് നല്‍കുന്നത്. ആറന്മുള വിമാനത്താവള പദ്ധതിപ്രദേശത്തിന് സമീപമടക്കം കഴിഞ്ഞ തവണ 238 ഹെക്ടര്‍ സ്ഥലത്തായിരുന്നു നെല്‍കൃഷി ചെയ്തത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.