അസ്‌നാന്റെ ജീവന് നാട് കൈകോര്‍ക്കുന്നു

Saturday 12 August 2017 10:29 pm IST

കോഴിക്കോട്: ഉള്‍ക്കവിളില്‍ നിന്ന് കോട്ടണ്‍ കൊണ്ട് തുടച്ചെടുക്കുന്ന അല്‍പ്പം കോശങ്ങള്‍, അത് മതിയാവും പിന്നീട് നിങ്ങളുടെയും മറ്റ് അനേകരുടെയും ജീവന്‍ രക്ഷിക്കാന്‍. അത്ര മാത്രമേ മൂന്നര വയസ്സുകാരന്‍ അസ്‌നാനും ചോദിക്കുന്നുള്ളൂ. രക്താര്‍ബുദം ബാധിച്ച് ചികിത്സയിലുള്ള അസ്‌നാന് രക്തമൂലകോശം മാറ്റിവെക്കണം. എന്നാല്‍ അസ്‌നാന്റെ ശരീരത്തിന് യോജിക്കുന്ന മൂലകോശം കണ്ടെത്തുക എന്നതാണ് ഡോക്ടര്‍മാര്‍ നേരിടുന്ന വെല്ലുവിളി. അസ്‌നാനും, ഭാവിയില്‍ മറ്റുള്ളവര്‍ക്ക് വേണ്ടിയും രക്തമൂല കോശങ്ങളുടെ വിവരശേഖര ക്യാമ്പ് നടത്തുകയാണ് ഇന്ന് കോഴിക്കോട് വച്ച്. രക്തദാതാക്കളുടെ വാട്ട്‌സ് അപ്പ് സൗഹൃദ കൂട്ടായ്മയായ ഗിഫ്റ്റ് ഓഫ് ഹാര്‍ട്ടാണ് ഫസ്റ്റ് ആനിവേഴ്‌സറി ഡ്രൈവിന്റെ ഭാഗമായി ക്യാമ്പ് സംഘടിപ്പിക്കുന്നത്. എരഞ്ഞിപ്പാലം മലബാര്‍ ഹോസ്പിറ്റല്‍സ് ഓങ്കോളജി ഗ്രൂപ്പിന്റെയും പുനര്‍ജ്ജനി കാന്‍സര്‍ ക്രുസൈഡര്‍ സൊസൈറ്റിയുടെയും സഹകരണത്തോടെ ഇന്ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം മൂന്ന് മണി വരെ മലബാര്‍ ഹോസ്പിറ്റല്‍സ് ഓഡിറ്റോറിയത്തിലാണ് ക്യാമ്പ്. ദാത്രി ബ്ലഡ് സ്റ്റെംസെല്‍ ഡോണര്‍ രജിസ്ട്രിയുടെ നേതൃത്വത്തില്‍ പൂര്‍ണമായും സൗജന്യമായി നടത്തുന്ന ക്യാമ്പില്‍ രക്തമൂലകോശ ദാനത്തെ പറ്റിയുള്ള ബോധവല്‍ക്കരണ ക്ലാസും മൂലകോശദാന രജിസ്‌ട്രേഷനും ഉണ്ടാകും. തൃശ്ശൂര്‍ ഇരിങ്ങാലക്കുടയിലെ അക്ബര്‍ - ഷാഹിന ദമ്പതികളുടെ മകനാണ് അസ്‌നാന്‍. മൂന്നര വയസ്സുള്ള അസ്‌നാന് ഒന്നാം വയസില്‍ തന്നെ ആരോഗ്യപ്രശ്‌നങ്ങള്‍ കാണിച്ചിരുന്നു. നിരന്തരമുള്ള ചികിത്സയ്ക്ക് ശേഷമാണ് രക്താര്‍ബുദമാണെന്ന് സ്ഥിരീകരിച്ചത്. മജ്ജതകരാറിലായ ഈ കുരുന്നിന് രക്തമൂലകോശം മാറ്റിവെക്കുക മാത്രമാണ് ഇനി പ്രതിവിധി. കുടുംബത്തില്‍നിന്നോ സഹോദരങ്ങളില്‍നിന്നോ ജനിതക സാമ്യമുള്ള ദാതാവിനെ കണ്ടെത്താനുള്ള സാധ്യത വെറും 25% മാത്രമാണ്. മിക്കപ്പോഴും കുടുംബത്തിനു പുറത്തുനിന്ന് ഒരു ദാതാവിനെ അന്വേഷിക്കേണ്ടി വരുന്നു. പുറമേനിന്നു കണ്ടെത്താനുള്ള സാധ്യത പതിനായിരത്തില്‍ ഒന്ന് മുതല്‍ പത്ത് ലക്ഷത്തില്‍ ഒന്ന് വരെയാണ്. അതായത് യോജിച്ച രക്തമൂലകോശം കുടുംബക്കാരില്‍നിന്ന് കിട്ടിയില്ലെങ്കില്‍ ചിലപ്പോള്‍ ലോകം മുഴുവന്‍ അന്വേഷിക്കേണ്ടി വരും. അത് കൊണ്ട് തന്നെ അസ്‌നാന് മാത്രമല്ല, ക്യാമ്പില്‍ പങ്കെടുക്കുന്ന ആര്‍ക്കെങ്കിലും ഭാവിയില്‍ രക്തകോശം ആവശ്യമായി വന്നാല്‍ എളുപ്പത്തില്‍ ലഭ്യമാക്കാന്‍ കൂടി ഉദ്ദേശിച്ചാണ് ക്യാമ്പ്. ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് 9961008004, 9496809337. എന്നീ നമ്പറില്‍ ബന്ധപ്പെടാം.