ശ്രീരാമന്റെ യാത്രയെ അര്‍ത്ഥവത്താക്കിയത് സ്ത്രീ കഥാപാത്രങ്ങള്‍: ബിയാര്‍ പ്രസാദ്‌

Saturday 12 August 2017 10:31 pm IST

കോഴിക്കോട്: ശ്രീരാമന്റെ യാത്രയെ അര്‍ത്ഥവത്താക്കിയതും ഫലപ്രാപ്തിയിലെത്തിച്ചതും രാമായണത്തിലെ സ്ത്രീ കഥാപാത്രങ്ങളാണെന്ന് ഗാനരചയിതാവ് ബിയാര്‍ പ്രസാദ് അഭിപ്രായപ്പെട്ടു. രാമായണ സ്വാദ്ധ്യായ സമിതി സംഘടിപ്പിച്ച രാമായണമഹോത്സവത്തില്‍ രാമായണത്തിലെ സ്ത്രീരത്‌നങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാമായണം രാമന്റെ കഥയാണ്, രാമന്റെ യാത്രയുമാണ്. രാമായണത്തില്‍ സ്ത്രീകഥാപാത്രങ്ങളില്‍ പ്രധാനം സീതയാണെങ്കിലും സീതയുടെ കാര്യം മാത്രം പറഞ്ഞാല്‍ പൂര്‍ണമാകില്ല. മറ്റു സ്ത്രീകഥാപാത്രങ്ങളും പ്രധാനപ്പെട്ടവരാണ്. കൈകേയി മുതല്‍ സുമിത്രവരെയുള്ള സ്ത്രീകഥാപാത്രങ്ങള്‍ അവരുടെ കര്‍മ്മം കൃത്യമായി നിര്‍വ്വഹിച്ചവരാണ്. ദശരഥപത്‌നിമാരായ കൗസല്യ, കൈകേയി, സുമിത്ര എന്നിവര്‍ തമ്മില്‍ കലഹിച്ചിരുന്നതായി നമ്മള്‍ എവിടെയും കാണുന്നില്ല. പരസ്പരം സ്‌നേഹിച്ചും ബഹുമാനിച്ചുമാണ് അവര്‍ ജീവിച്ചത്. കൈകേയിയും മന്ഥരയുമെല്ലാം തങ്ങളുടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുകയായിരുന്നു. ദശരഥ മഹാരാജാവ് നല്‍കിയ വാക്ക് പാലിക്കുന്നതിന് നിര്‍ബന്ധിക്കുകയായിരുന്നു ഇരുവരും ചെയ്തത്. വനവാസത്തിനായി കാട്ടിലേക്ക് പോകുന്ന ലക്ഷ്മണന് സുമിത്ര നല്‍കുന്ന ഉപദേശം രാമായണത്തിലെ പ്രധാന ശ്ലോകമാണ്. കാടിനെ അയോദ്ധ്യയെപ്പോലെയും രാമനെ ദശരഥനെപ്പോലെയും സീതയെ തന്നെപ്പോലെയും കാണണമെന്ന് പറഞ്ഞ് സുമിത്ര നല്‍കിയ ഉപദേശത്തിന്റെ മഹത്വം എക്കാലവും നിലനില്‍ക്കും. കാലം എത്ര കഴിഞ്ഞാലും രാമായണത്തിലെ സ്‌നേഹത്തിന്റെ ഉദാത്തമായ മാതൃകകള്‍ സ്മരിക്കപ്പെടും. വാത്മീകി രാമായണത്തിലേക്ക് എത്തിപ്പെടാനുള്ള വഴിയാണ് എഴുത്തച്ഛന്റെ അധ്യാത്മരാമായണം. കമ്പരാമായണവും അധ്യാത്മരാമായണവും തുളസീദാസ രാമായണവുമെല്ലാം എത്തിച്ചേരേണ്ടത് വാത്മീകി രാമായണത്തിലേക്കാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗോപാല കൃഷ്ണന്‍ ചെലവൂര്‍ അദ്ധ്യക്ഷത വഹിച്ചു. വിവിധ മത്സര വിജയികള്‍ക്ക് ശ്രീശൈലം ഉണ്ണികൃഷ്ണന്‍, പി. പ്രശോഭ് എന്നിവര്‍ സമ്മാനങ്ങള്‍ നല്‍കി. ജനറല്‍ കണ്‍വീനര്‍ പി. ജിജേഷ്, കെ.കെ. ശ്രീലാസ് എന്നിവര്‍ സംസാരിച്ചു. കൊയിലാണ്ടി ഭരതാഞ്ജലി പെര്‍ഫോമിംഗ് ആര്‍ട്‌സ് സെന്ററിലെ കലാകാരന്മാരായ മധുസൂദനന്‍ ഭരതാഞ്ജലി, സന്ദീപ്, എസ്. അശ്വിന്‍, എന്നിവര്‍ ചേര്‍ന്നവതരിപ്പിച്ച ദൃശ്യ രാമായണവും അരങ്ങേറി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.