നിലയ്ക്കുമോ, ഈ ജീവതാളം

Saturday 12 August 2017 10:33 pm IST

തിരുവനന്തപുരം: ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ ദാനം നല്‍കി സാമൂഹിക ഉത്തരവാദിത്വം കടമയാക്കിയ മൃതസഞ്ജീവനി ഇന്ന് അവയവ ദാതാക്കളെ കിട്ടാനില്ലാതെ പ്രതിസന്ധിയിലേക്ക് കൂപ്പുകുത്തുന്നു. ഈ ജീവതാളം നിലയ്ക്കുമോ എന്ന ആശങ്കയിലാണ് പൊതുസമൂഹം. 2012 ല്‍ സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച മൃതസഞ്ജീവനി അവയവ കൈമാറ്റത്തിലൂടെ ജീവന്റെ പ്രകാശം പരത്തിയത് നിരവധി ജീവിതങ്ങള്‍ക്ക്. ഇതേവരെ 263 ദാതാക്കളില്‍ നിന്നായി 721 അവയവങ്ങളാണ് മൃതസഞ്ജീവനി വഴി മാറ്റിവയ്ക്കപ്പെട്ടത്. എഴുപതിനും 80 നും ഇടയ്ക്ക് മസ്തിഷ്‌ക മരണം സംഭവിച്ചവരില്‍ നിന്ന് 218 അവയവങ്ങളാണ് കഴിഞ്ഞ വര്‍ഷം ഇവര്‍ ശേഖരിച്ചത്. എന്നാല്‍ ഈ വര്‍ഷം ആകെ 12 അവയവദാതാക്കളെയാണ് മൃതസഞ്ജീവനിയിലേക്ക് വിവിധ ആശുപത്രികളില്‍ നിന്നായി ഡോക്ടര്‍മാര്‍ ശുപാര്‍ശ ചെയ്തയച്ചത്. ഈ കാലയളവില്‍ മസ്തിഷ്‌ക മരണം സംഭവിച്ചവര്‍ നിരവധിയാണെങ്കിലും കേസും പുകിലുമൊക്കെ ഭയന്ന് ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യാന്‍ മടിക്കുന്നതാണ് അവയവദാതാക്കളെ മൃതസഞ്ജീവനിയില്‍ നിന്ന് അകറ്റാന്‍ കാരണം. നിലവില്‍ വൃക്കയ്ക്കായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്ന 1387 രോഗികളുണ്ട് മൃതസഞ്ജീവനിയില്‍. ഹാര്‍ട്ട് കമ്മിറ്റി, ലിവര്‍ കമ്മിറ്റി എന്നിവ യോഗം ചേര്‍ന്നാണ് അടിയന്തിരമായി അവയവം മാറ്റിവയ്‌ക്കേണ്ടവരുടെ ലിസ്റ്റ് തയ്യാറാക്കുന്നത്. മൃതസഞ്ജീവനിയിലൂടെ ജീവിച്ചിരിക്കുന്നയാള്‍ക്ക് വൃക്ക ദാനം ചെയ്യാന്‍ അവസരമുണ്ടാക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതിന്റെ നടപടിക്രമങ്ങള്‍ ചുവപ്പുനാടയുടെ കുരുക്കിലാണ്. മസ്തിഷ്‌ക മരണം സംഭവിക്കുന്നവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് സമ്മതം മൂളിയാലും ചില സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാര്‍ സര്‍ട്ടിഫൈ ചെയ്യാതെ ഒഴിഞ്ഞു മാറുന്നത് മൃതസഞ്ജീവനിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടിയാകുന്നുണ്ട്. ഈ സര്‍ക്കാര്‍ സംഘടനയില്‍ വിശ്വാസമര്‍പ്പിച്ച് കാത്തിരിക്കുന്ന നൂറുകണക്കിന് രോഗികള്‍ക്കാണ് ജീവിതം നഷ്ടപ്പെടുന്നത്. കേരള നെറ്റ് വര്‍ക്ക് ഫോര്‍ ഓര്‍ഗന്‍ ഷെയറിംഗ് എന്ന രജിസ്ട്രിയിലൂടെ മൃതസഞ്ജീവനിക്ക് അവയവദാന സമ്മതമറിയിച്ചിരിക്കുന്നത് പതിനായിരങ്ങളാണ്. സര്‍ക്കാരില്‍ നിന്ന്് അനുകൂല നിലപാട് ഉണ്ടായാലേ അത്തരം അവയവ ശേഖരണത്തിന് മൃതസഞ്ജീവനിക്ക് വഴി തുറക്കൂ.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.