യുവജനങ്ങളെ നയിക്കുന്നതില്‍ അക്കാദമിക് ലോകം പരാജയപ്പെടുന്നു: ഡോ. സാരസ്വത്

Saturday 12 August 2017 10:39 pm IST

പി. പരമേശ്വരന്റെ നവതിയാഘോഷങ്ങളുടെ ഭാഗമായി ഭാരതീയ വിചാര കേന്ദ്രം തൃശൂരില്‍ സംഘടിപ്പിച്ച യുവജന സംഗമം ജെഎന്‍യു ചാന്‍സലര്‍ ഡോ.വി.കെ സാരസ്വത് ഉദ്ഘാടനം ചെയ്യുന്നു. ആര്‍. സഞ്ജയന്‍, ഡോ.എന്‍.സി. ഇന്ദുചൂഡന്‍, കെ.സി. സുധീര്‍ബാബു, ഒ. രാജഗോപാല്‍ എംഎല്‍എ, ശൗര്യചക്ര പി.വി. മനേഷ്, ഡോ.ഡി. രാമനാഥന്‍, ജെ. നന്ദകുമാര്‍,ഡോ.എം. മോഹന്‍ദാസ്, ഡോ.കെ. ശിവപ്രസാദ് തുടങ്ങിയവര്‍ സമീപം.

തൃശൂര്‍: രാജ്യത്തെ യുവജനങ്ങളെ ശരിയായ വഴിക്ക് നയിക്കുന്നതില്‍ അക്കാദമിക് ലോകം വിജയിക്കുന്നില്ലെന്ന് ജെഎന്‍യു ചാന്‍സലര്‍ ഡോ.വി.കെ.സാരസ്വത്. പി.പരമേശ്വരന്‍ നവതിയാഘോഷത്തിന്റെ ഭാഗമായി ഭാരതീയ വിചാരകേന്ദ്രം തൃശൂരില്‍ സംഘടിപ്പിച്ച യുവജനസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശാസ്ത്ര സാങ്കേതിക രംഗത്തെ പുരോഗതിക്ക് വലിയ സഹായം യുവാക്കള്‍ക്ക് നല്‍കാന്‍ സാധിക്കും. രാജ്യത്തിന്റെ ശക്തി യുവജനങ്ങളാണ്. ഒരു ഭാഗത്ത് രാജ്യം മുന്‍ നിരയിലേക്ക് കുതിക്കുമ്പോഴും മുപ്പതു കോടിയിലേറെ ജനങ്ങള്‍ ദാരിദ്ര്യരേഖക്ക് താഴെയാണ് കഴിയുന്നത്. ലോകത്തിന്റെ മുന്‍ നിരയിലേക്ക് ഭാരതം മുന്നേറണമെങ്കില്‍ യുവാക്കള്‍ എല്ലാമേഖലയിലും ശക്തമായ ഇടപെടല്‍ നടത്തണം. സമൂഹത്തെക്കുറിച്ച് പ്രതിബദ്ധതയോടെ ചിന്തിക്കുന്നവരാകണം യുവാക്കളെന്നും അദ്ദേഹം പറഞ്ഞു.

ആദ്ധ്യാത്മികതയെ ആധാരമാക്കിയ സാംസ്‌കാരിക ഏകതയാണ് ഭാരതത്തിന്റെ കരുത്തെന്ന് പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജക് ജെ.നന്ദകുമാര്‍ പറഞ്ഞു. ഉദ്ഘാടനസഭയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മഹാത്മാ ഗാന്ധി ഹിന്ദ് സ്വരാജിലൂടെ നിര്‍വ്വചിച്ച ഭാരതം ഈ സാംസ്‌കാരിക ദേശീയതയുടെ അടിസ്ഥാനത്തിലുള്ളതായിരുന്നു. നവഭാരതം അതിന്റെ സ്വത്വത്തെ തിരിച്ചറിയുകയാണ്. ആഭ്യന്തരവും ബാഹ്യവുമായ വെല്ലുവിളികളെ അതിജീവിച്ച് ഭാരതം ലോകനേതൃത്വത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറിയും പി.പരമേശ്വരന്‍ നവതി ആഘോഷ സമിതി ജില്ലാപ്രസിഡന്റുമായ ഹരിഭാസ്‌കരമേനോന്‍ അദ്ധ്യക്ഷത വഹിച്ചു. ഒ.രാജഗോപാല്‍ എം.എല്‍.എ, ഭാരതീയ വിചാര കേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍, പ്രസിഡന്റ് ഡോ.എം.മോഹന്‍ദാസ്, സെക്രട്ടറി കെ.സി.സുധീര്‍ബാബു, നവതി ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ഡോ.കെ.ശിവപ്രസാദ്, ജനറല്‍ കണ്‍വീനര്‍ ഡോ.എന്‍.സി. ഇന്ദുചൂഡന്‍, ഡോ.ഡി.രാമനാഥന്‍ എന്നിവര്‍ സംസാരിച്ചു. മുംബൈ ഭീകരാക്രമണത്തെ നേരിട്ട ധീര സൈനികന്‍ ശൗര്യചക്ര പി.വി മനേഷിനെ ചടങ്ങില്‍ ആദരിച്ചു.

ഉച്ചയ്ക്കുശേഷം നടന്ന സെഷനുകളില്‍ ഡോ.കെ.ജയപ്രസാദ്-ഏകാത്മ മാനവ ദര്‍ശനം എന്ന വിഷയത്തിലും ഡോ.ലക്ഷ്മി ശങ്കര്‍-ഭഗിനി നിവേദിതയെക്കുറിച്ചും പ്രഭാഷണം നടത്തി. ഇന്ന് രാവിലെ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവ് സാംസ്‌കാരിക ദേശീയത എന്ന വിഷയത്തിലും കെ.ജി.സുരേഷ് സമകാലീന മാധ്യമ പ്രവണതകള്‍ എന്ന വിഷയത്തിലും പ്രൊഫ. ആര്യാ ദാസ് രാഷ്ട്ര പുനര്‍ നിര്‍മ്മാണത്തില്‍ യുവാക്കളുടെ പങ്ക് എന്ന വിഷയത്തിലും പ്രഭാഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.