അമ്പലവയലിനെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കും: മന്ത്രി

Saturday 12 August 2017 10:43 pm IST

കല്‍പ്പറ്റ: കേരള കാര്‍ഷിക സര്‍വ്വകലാശാലയ്ക്ക് കീഴിലുളള വയനാട് അമ്പലവയല്‍ പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രത്തെ ചക്കയുടെ അന്താരാഷ്ട്ര ഗവേഷണ കേന്ദ്രമാക്കി മാറ്റുമെന്ന് കൃഷി മന്ത്രി വി.എസ്.സുനില്‍കുമാര്‍ പറഞ്ഞു. ഇതിനായി കേന്ദ്ര സഹായം തേടുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഓഗസ്റ്റ് ഒന്‍പത് മുതല്‍ അമ്പലവയലില്‍ നടന്നുവരുന്ന അന്താരാഷ്ട്ര ചക്ക മഹോല്‍സവത്തിന്റെ ഔപചാരിക ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം ചെറുകിട സംരംഭങ്ങള്‍ക്ക് ആവശ്യമായ സാങ്കേതികവിദ്യ പരിശീലനം, സബ്‌സിഡി തുടങ്ങിയവ നല്‍കി അവയെ ശക്തിപ്പെടുത്തും. തൃശ്ശൂര്‍ മാളയില്‍ കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരംഭിച്ച ചക്ക സംസ്‌ക്കരണ ഫാക്ടറി പ്രവര്‍ത്തന സജ്ജമാക്കിയതായും എല്ലാ ജില്ലകളിലും വിഎഫ്പിസികെയുടെ നേതൃത്വത്തില്‍ ചക്ക സംഭരിച്ച് സംസ്‌ക്കരിക്കുന്നതിനും ഗുണനിലവാരമുളള മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനും ശ്രമങ്ങള്‍ ആരംഭിച്ചതായി മന്ത്രി അറിയിച്ചു. ഒക്‌ടോബര്‍ ഒന്നിന് ആരംഭിക്കുന്ന ഹരിത കേരള മിഷന്റെ ഭാഗമായി 2 കോടി വൃക്ഷതൈകള്‍ നടുമ്പോള്‍ കൂടുതലും പ്ലാവ്‌പോലുളള ഫലവൃക്ഷതൈകള്‍ നടും. കാര്‍ഷിക സര്‍വ്വകലാശാലയുടെ പഠനം അനുസരിച്ച് 30 കോടി ചക്ക കേരളത്തില്‍ ഉണ്ട്. അവയില്‍ നിന്ന് മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിച്ചാല്‍ 15000 കോടി രൂപയുടെ വരുമാനം ഉണ്ടാകും. എന്നാല്‍ ഇപ്പോള്‍ 10 ശതമാനം പോലും നടപ്പാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാടിനെ പ്രതേ്യക കാര്‍ഷിക മേഖലയാക്കി മാറ്റിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി 3000 ഹെക്ടര്‍ സ്ഥലത്ത് ജീരകശാല, ഗന്ധകശാല തുടങ്ങിയവ ഈ വര്‍ഷം കൃഷി ചെയ്യും. കാര്‍ഷിക ഉല്‍പ്പാദന കമ്മീഷണര്‍ ടിക്കാറാംമീണ ഐഎഎസ്, മുഖ്യ പ്രഭാഷണം നടത്തി. കെ.ശശീന്ദ്രന്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കാര്‍ഷിക സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ.പി.രാജേന്ദ്രന്‍, ഡോ: മുഹമ്മദ് ദേശ ഹസീം , ഡോ.ശിശിര്‍ മിത്ര എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.