ശബരിമല മാസ്റ്റര്‍ പ്ലാന്‍: രണ്ടു കോടിയുടെ പദ്ധതികള്‍ക്ക് എരുമേലിയില്‍ തുടക്കമായി

Saturday 12 August 2017 10:44 pm IST

എരുമേലി: ശബരിമല മാസ്റ്റര്‍പ്ലാനിന്റെ ഭാഗമായി രണ്ടു കോടിയുടെ പദ്ധതികള്‍ക്ക് എരുമേലിയില്‍ തുടക്കമായെന്ന് ശബരിമല മാസ്റ്റര്‍പ്ലാന്‍ ഹൈപവര്‍ കമ്മറ്റി ചെയര്‍മാന്‍ കെ. ജയകുമാര്‍ 'ജന്മഭൂമി'യോട് പറഞ്ഞു. കേന്ദ്ര ടൂറിസംവകുപ്പില്‍നിന്നും 99 കോടി രൂപയാണ് വിവിധ പദ്ധതികള്‍ക്കായി ലഭിക്കുന്നത്. ഇതില്‍ 2 കോടിയുടെ ഒന്നാംഘട്ട പദ്ധതിക്കാണ് എരുമേലിയില്‍ തുടക്കമായത്. രണ്ടാം ഘട്ടമായി 5 കോടിയുടെ വിവിധ പദ്ധതികളാണ് ദേവസ്വം ബോര്‍ഡ് എരുമേലിക്കായി തയ്യാറാക്കുന്നത്. ശബരിമല തീര്‍ത്ഥാടനത്തിന്റെ സംഗമഭൂമിയായ എരുമേലിയില്‍ നാലുകെട്ട് മാതൃകയില്‍ ആധുനിക ഇന്‍ഫര്‍മേഷന്‍ സെന്റര്‍ ക്ഷേത്രത്തോട് ചേര്‍ന്ന് നിര്‍മ്മിക്കും. ഇതിനായി 46 ലക്ഷം രൂപ ചെലവഴിക്കും. അലോപ്പതി, ആയുര്‍വ്വേദമടക്കം രണ്ട് മിനി ആശുപത്രികള്‍ വലിയ സ്റ്റേഡിയത്തില്‍ നിര്‍മ്മിക്കുന്നതിന് 45 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. തീര്‍ത്ഥാടന വേളയില്‍ ഡോക്ടര്‍മാരുടെ സൗകര്യം, കിടത്തി ചികിത്സ, മികച്ച സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും. തീര്‍ത്ഥാടകര്‍ക്ക് 24 മണിക്കൂറും ശുദ്ധജലം ലഭ്യമാക്കാനായി രണ്ടു കേന്ദ്രങ്ങളിലായി കുടിവെള്ള കിയോസ്‌ക് ഒരുക്കും. വരുന്ന തീര്‍ത്ഥാടനത്തോടെ പണികള്‍ പൂര്‍ത്തിയാക്കുമെന്നും കെ. ജയകുമാര്‍ പറഞ്ഞു. വലിയ നടപ്പന്തല്‍ ഗ്രാനൈറ്റ് പാകല്‍, ആധുനിക ശൗചാലയങ്ങള്‍, പാര്‍ക്കിംഗ് മൈതാനങ്ങളുടെ നവീകരണം, വൈദ്യുതിവിതരണം, വിരിപ്പന്തല്‍ പദ്ധതികളുടെ പ്രൊജക്റ്റുകള്‍ തയ്യാറാക്കാന്‍ ദേവസ്വം മരാമത്ത് വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. 'മാസ്റ്റര്‍ പ്ലാന്‍' പ്രകാരം എരുമേലിയിലെ വികസന പദ്ധതികളുടെ രൂപരേഖ തയ്യാറാക്കിയിരിക്കുന്നത് ചെന്നൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'രഘുരാമന്‍ അസോസിയേറ്റ് ആര്‍ക്കിടെക്' എന്ന ഏജന്‍സിയാണ്. പദ്ധതികളുടെ പ്രാരംഭഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എരുമേലിയില്‍ സ്ഥലം അളന്നുതിരിച്ച് നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.