ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വയര്‍ലെസ് സെറ്റ് വാങ്ങല്‍ ;ഹൈക്കോടതി വിശദീകരണം തേടി

Saturday 12 August 2017 10:49 pm IST

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ അനുമതിയില്ലാതെ വയര്‍ലെസ് സെറ്റ് വാങ്ങിയത് സംബന്ധിച്ച് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട് വിശദീകരണം തേടി. ഇതോടെ അന്വേഷണം മരവിച്ചിരുന്ന കേസില്‍ സര്‍ക്കാര്‍ കടുത്ത പ്രതിരോധത്തിലായി. തിരുവനന്തപുരം പൂജപ്പുര വട്ടവിള സ്വദേശിയും ക്ഷേത്രത്തിലെ മുന്‍ പിആര്‍ഒയുമായ ബബ്‌ലു ശങ്കര്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നടപടി. സുപ്രീംകോടതി നിയോഗിച്ച ക്ഷേത്രഭരണസമിതിയുടെ അനുവാദമില്ലാതെ ചട്ടംലംഘിച്ച് മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.എന്‍. സതീഷ് പത്തുവയര്‍ലെസ് സെറ്റുകള്‍ വാങ്ങിയെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഇതുസംബന്ധിച്ച് ഫോര്‍ട്ട് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തെങ്കിലും അന്വേഷണം മരവിച്ചിരിക്കുകയാണ്. 2016 ആഗസ്റ്റ് 31 നാണ് പത്ത് വയര്‍ലെസ് സെറ്റുകള്‍ വാങ്ങിയത്. ഇതില്‍ നാലെണ്ണം ക്ഷേത്രത്തിനുള്ളില്‍ ഉപയോഗിച്ചെന്നും പരാതി ഉയര്‍ന്നിരുന്നു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ക്കോ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കോ ഈ വയര്‍ലെസ് സെറ്റുകള്‍ കൈവശം വയ്ക്കാനോ പ്രവര്‍ത്തിപ്പിക്കാനോ അനുമതി ലഭിച്ചിരുന്നില്ല. അതിനാല്‍ ഇവ പിടിച്ചെടുക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് ക്ഷേത്രം ഭരണസമിതി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ ജഡ്ജി നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. എന്നാല്‍ ഐഎഎസ് ഉദ്യോഗസ്ഥനായ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഉള്‍പ്പെട്ട കേസായതിനാല്‍ അന്വേഷണം മരവിച്ചിരിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ ആരോപിക്കുന്നു. കേസ് അന്വേഷണം എത്രയും വേഗം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദ്ദേശം നല്‍കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 2016 സപ്തംബര്‍ രണ്ടിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതുവരെ അന്വേഷണം ഒരടിപോലും മുന്നോട്ടുപോയിട്ടില്ല. ഉടന്‍ അന്വേഷിച്ച് വിശദീകരണം നല്‍കാനാണ് ഹൈക്കോടതി നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഹര്‍ജിക്കാരന് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കാന്‍ കഴിയില്ലെന്ന ഗവ പ്ലീഡര്‍ അഡ്വ രഞ്ജിത്തിന്റെ വാദം കോടതി തള്ളി. രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ജഡ്ജ് എബ്രഹാം മാത്യുവാണ് കേസ് പരിഗണിച്ചത്. ഹര്‍ജിക്കാരനു വേണ്ടി അഡ്വ സി.എസ്. മനു ഹാജരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.