നിലപാട് കടുപ്പിച്ച് നിതീഷ്; ശരത് യാദവിനെ നീക്കി

Saturday 12 August 2017 10:50 pm IST

ന്യൂദല്‍ഹി: രാജ്യസഭാ കക്ഷി നേതാവ് സ്ഥാനത്തുനിന്ന് ശരത് യാദവിനെ ജെഡിയു നീക്കി. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തെ തുടര്‍ന്നാണ് മുതിര്‍ന്ന നേതാവിനെതിരായ നടപടി. ബിഹാറില്‍നിന്നുള്ള എംപിയായ ആര്‍സിപി സിംഗ് യാദവിന് പകരം കക്ഷി നേതാവാകും. പാര്‍ട്ടി തീരുമാനം വ്യക്തമാക്കി രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന് കത്ത് നല്‍കിയതായി ജെഡിയു അധ്യക്ഷന്‍ വസിഷ്ഠ നാരായണ്‍ പറഞ്ഞു. പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ പങ്കെടുത്ത എംപി അലി അന്‍വറിനെ സസ്‌പെന്‍ഡ് ചെയ്തു. ആര്‍ജെഡിയും കോണ്‍ഗ്രസ്സും ഉള്‍പ്പെട്ടിരുന്ന മഹാസഖ്യം ഉപേക്ഷിച്ച് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലെത്തിയതില്‍ അസന്തുഷ്ടനായിരുന്നു ശരത് യാദവ്. കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുലുമായി കൂടിക്കാഴ്ച നടത്തിയ യാദവ് തന്നെ അനുകൂലിക്കുന്നവരുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ബിഹാറില്‍ മൂന്ന് ദിവസത്തെ രാഷ്ട്രീയ യാത്രാ പരിപാടിയും സംഘടിപ്പിച്ചിട്ടുണ്ട്. പുതിയ പാര്‍ട്ടി രൂപീകരിക്കുകയോ ആര്‍ജെഡിയില്‍ ചേരുകയോ ചെയ്യുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് നടപടി. താല്‍പര്യമില്ലാത്തവര്‍ക്ക് പാര്‍ട്ടി വിടാമെന്ന് കഴിഞ്ഞ ദിവസം നിതീഷ് തുറന്നടിച്ചിരുന്നു. ശരത് യാദവിന് കാര്യമായ പിന്തുണ പാര്‍ട്ടിയിലില്ലെന്നാണ് വിലയിരുത്തല്‍. ഇതിനിടെ ജെഡിയുവിനെ എന്‍ഡിഎയിലേക്ക് ബിജെപി അധ്യക്ഷന്‍ അമിത് ഷാ സ്വാഗതം ചെയ്തു. കഴിഞ്ഞ ദിവസം നിതീഷ് അമിത് ഷായെ സന്ദര്‍ശിച്ചപ്പോഴായിരുന്നു ക്ഷണം. ഈ മാസം 19ന് പാട്‌നയില്‍ നടക്കുന്ന എന്‍ഡിഎ ദേശീയ നിര്‍വ്വാഹക സമിതി യോഗത്തില്‍ ജെഡിയു പങ്കെടുക്കും. കേന്ദ്രമന്ത്രിസഭയിലും ജെഡിയുവിന് പ്രാതിനിധ്യം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.