സംസ്ഥാന സീനിയര്‍ നീന്തല്‍ ; തിരുവനന്തപുരം മുന്നില്‍

Saturday 12 August 2017 10:51 pm IST

സ്വന്തം ലേഖകന്‍വെഞ്ഞാറമൂട്: പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുളത്തില്‍ നടക്കുന്ന 65 -ാമത് സംസ്ഥാന സീനിയര്‍ നീന്തല്‍ മത്സരത്തിന്റെ ആദ്യദിനത്തില്‍ 15 സ്വര്‍ണ്ണവും 11 വെള്ളിയും 12 വെങ്കലും നേടി  285 പോയിന്റോടെ തിരുവനന്തപുരം മുന്നില്‍. 92 പോയിന്റോടെ കോട്ടയം രണ്ടാം സ്ഥാനത്തും 55 പോയിന്റോടെ എറണാകുളം മൂന്നാം സ്ഥാനത്തുമാണ്.ആദ്യ ദിനം അഞ്ച് റെക്കോര്‍ഡുകളാണ് പിറന്നത്. പുരുഷ വിഭാഗം 100മീറ്റര്‍ ബ്രസ്റ്റ് സ്‌ട്രോക്കില്‍ തിരുവനന്തപുരത്തിന്റെ സുനീഷും(01.07.82), വനിതാ വിഭാഗം 100 മീറ്റര്‍ ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍ തിരുവനന്തപുരത്തിന്റെ സ്വാതി സുന്ദറും(01.10.15), 50 മീറ്റര്‍ ബാക്ക് സ്‌ട്രോക്കില്‍ എറണാകുളത്തിന്റെ ജഗന്നാഥനും (0.28.87) റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടി. പതിനാറു വ്യക്തിഗത മത്സരങ്ങളിലെ  13 ഇനങ്ങളിലും തിരുവനന്തപുരം സ്വര്‍ണ്ണം നേടി. ഫ്രീ സ്റ്റൈലില്‍ 1500 മീ. പുരുഷ വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍,  800 മീ. വനിതാ വിഭാഗത്തില്‍ നീതു പി.വി, വിനിതാ വിഭാഗം 100 മീ. ബ്രസ്റ്റ് സ്‌ട്രോക്കില്‍ കുല്‍സന്‍ സല്‍വന, 200 മീറ്റര്‍ ബാക്ക് സ്‌ട്രോക്ക് പുരുഷ വിഭാഗത്തില്‍ കിരണ്‍കുമാര്‍ എസ്, വനിത വിഭാഗത്തില്‍ ഗ്രീഷ്മ പി, 100 മീ.ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്കില്‍  വനിത വിഭാഗത്തില്‍ സ്വാതി സുന്ദര്‍ എം, 400 മീ. വ്യക്തിഗതത്തില്‍ സുനീഷ് എസ്, 200 മീ.ഫ്രീസ്റ്റൈല്‍ പുരുഷ വിഭാഗത്തില്‍ ഉണ്ണികൃഷ്ണന്‍ എസ്, വനിതവിഭാഗം 50 മീ.ബാക്ക് സ്‌ട്രോക്കില്‍ ശ്രീക്കുട്ടി ജെ, പുരുഷ വിഭാഗം 50 മീ. ഫ്രീസ്റ്റൈലില്‍  ശ്രീഹരി എം.ആര്‍. എന്നിവര്‍ തിരുവനന്തപുരത്തിന് വേണ്ടി സ്വര്‍ണ്ണം നേടി.   50 മീ. ഫ്രീസ്‌റ്റൈല്‍ വനിതാ വിഭാഗത്തില്‍ കോട്ടയത്തിന്റെ ജോമി ജോര്‍ജ്ജ്, 400മീ. വ്യക്തിഗത വനിതാവിഭാഗത്തില്‍ കോട്ടയത്തിന്റെ തന്നെ അഞ്ജന മോഹന്‍, 100 മീ.ബട്ടര്‍ഫ്‌ളൈ സ്‌ട്രോക്ക് പുരുഷ വിഭാഗത്തില്‍ കിരണ്‍ വി.എം എന്നിവരും സ്വര്‍ണ്ണം നേടി.  4ഃ100മീ. ഫ്രീസ്റ്റൈല്‍ റിലേ പുരുഷ വിഭാഗത്തിലും വനിതാ വിഭാഗത്തിലും 4ഃ50 മിക്‌സഡ് ഫ്രീസ്റ്റൈല്‍ റിലേയിലും തിരുവന്തപുരം ടീം സ്വര്‍ണ്ണം നേടിയപ്പോള്‍ 4ഃ200മീ. ഫ്രീസ്റ്റൈല്‍ വനിതാ വിഭാഗത്തില്‍ കോട്ടയവും സ്വര്‍ണ്ണം നേടി. ഇന്ന് വാട്ടര്‍ പോളോ ഫൈനലില്‍ തിരുവനന്തപുരം റെയില്‍ വേയെ നേരിടും. മത്സരങ്ങള്‍ ഇന്ന് സമാപിക്കും.