തകര്‍ന്ന ബോട്ടിലെ ഉപകരണങ്ങള്‍ വീണ്ടെടുത്തു

Saturday 12 August 2017 10:58 pm IST

തലശ്ശേരി: പുറംകടലില്‍ എടക്കാട് ഭാഗത്ത് തീരത്ത് നിന്നും ആറ് നോട്ടിക്കല്‍ മൈല്‍ ദൂരെ തകര്‍ന്ന നിലയില്‍ കാണപ്പെട്ട മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന വലയും എഞ്ചിനും ഉള്‍പെടെയുള്ള വിലപിടിച്ച ഉപകരണങ്ങളും കാനുകളില്‍ നിറച്ചു സൂക്ഷിച്ച ഇന്ധനവും തലശ്ശേരി തലായില്‍ നിന്നും പോയ തീരദേശ പോലീസും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് വീണ്ടെടുത്ത് കരയിലെത്തിച്ചു. മുക്കാല്‍ ഭാഗവും തകര്‍ന്ന ബോട്ട് എത്തിക്കാനായില്ല. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികളെ നേരത്തെ മറൈന്‍ പോലീസ് രക്ഷിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് കണ്ണൂര്‍ അഴീക്കലില്‍ നിന്നും മീന്‍ പിടിക്കാന്‍ പോയിരുന്ന കന്യാകുമാരി സ്വദേശി സൂ ഫൈ അടിമയുടെ ഇന്‍സാഫ് എന്ന ഫൈബര്‍ ബോട്ട് കഴിഞ്ഞ ദിവസം കടല്‍ക്ഷോഭത്തില്‍ പെട്ട് ഏഴിമലയ്ക്കപ്പുറം പുറംകടലില്‍ തകര്‍ന്നിരുന്നു.വിവരം ലഭിച്ചെത്തിയ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഭടന്മാര്‍ ബോട്ടിലുണ്ടായ 6 മത്സ്യതൊഴിലാളി ളെയും സാഹസികമായി രക്ഷപ്പെടുത്തിയെങ്കിലും ബോട്ട് കരയിലെത്തിക്കാനായില്ല. കെട്ടിവലിച്ച് കൊണ്ടുവരുന്നതിനിടയില്‍ കയര്‍പൊട്ടിയതിനെ തുടര്‍ന്ന് ഉപേക്ഷിക്കുകയായിരുന്നു.പ്രസ്തുത ബോട്ട് ഇന്നലെ എടക്കാട് ഭാഗത്ത് പുറംകടലില്‍ കാണപ്പെട്ടതായുള്ള വിവരത്തെ തുടര്‍ന്നാണ് തീരദേശ പോലീസ് എസ്.ഐ. വ്രജനാഥിന്റെ നേത്വ ത്വത്തില്‍ ക്ലീറ്റസ്‌റോച്ച, പ്രമോദ്, ഉമ്മര്‍, പ്രമോദ്, സ്രാങ്ക് അംജത്ത് തുടങ്ങിയ ഉദ്യോഗസ്ഥരും ന്യൂ ഗാലക്‌സി എന്ന മറ്റൊരു ബോട്ടിന്റെയും സഹായത്തോടെയാണ് പുറംകടലില്‍ നിന്നും രക്ഷാപ്രവര്‍ത്തനം നടത്തി വീണ്ടെടുത്തത്.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.