കണ്ണീരോടെ

Sunday 13 August 2017 10:55 pm IST

ചിത്രം- എഎഫ്പി

ലണ്ടന്‍: ഐതിഹാസികമായൊരു കായിക ജീവിത്തിന് ദൗര്‍ഭാഗ്യകരമായ അന്ത്യം.തന്റെ അവസാന മത്സരത്തിനിടെ കാലിടറി വീണ ഉസൈന്‍ ബോള്‍ട്ട് കണ്ണീരോടെ ട്രാക്കിനോട് വിട ചൊല്ലി.4-100 മീറ്റര്‍ റിലേ ഫൈനലില്‍ അവസാന ലാപ്പോടിയ ബോള്‍ട്ടിന് കാലിലെ പേശിവലിവുമൂലം മത്സരം പൂര്‍ത്തിയാക്കാനായില്ല.

സുവര്‍ണശോഭയില്‍ കളം വിടാനായി ഇറങ്ങിയ ബോള്‍ട്ടിന്റെ കൈകളില്‍ ബാറ്റണ്‍ എത്തുമ്പോള്‍ ജമൈക്ക മൂന്നാം സ്ഥാനത്ത്.അറുപതിനായിരം കാണികള്‍ ശ്വാസമടക്കിപ്പിടിച്ചിരിക്കെ ബോള്‍ട്ട് സ്വതസിദ്ധമായ ശൈലിയില്‍ കുതിച്ചു. പക്ഷെ കറുച്ചു ദുരം മുന്നോട്ട് പാഞ്ഞ ബോള്‍ട്ടിന്റെ ഇടതുകാലിടറി.വേദനകൊണ്ട് പിടഞ്ഞ ബോള്‍ട്ട് കണ്ണീരോടെ ഗ്രൗണ്ടിലേയ്ക്ക് വീണു.ദീര്‍ഘകാലം സ്പ്രിന്റ് ലോകം അടക്കിവാണ അതികായകന്റെ നിരാശാജകമായ അന്ത്യം. ലാസ്റ്റ് ലാപ്പില്‍ മെഡലില്ലാതെയൊരു വിടവാങ്ങല്‍.ബ്രിട്ടന്റെ നാലംഗ സംഘം 37.47 സെക്കന്‍ഡില്‍ സ്വര്‍ണമണിഞ്ഞു.

നൂറ് മീറ്റിലെ പുതിയ ചാമ്പ്യന്‍ ജസ്റ്റിന്‍ ഗാട്‌ലിന്‍ നയിച്ച അമേരിക്ക ബ്രിട്ടന് പിന്നില്‍ വെളളി മെഡല്‍ നേടി(37.42).ജപ്പാന്‍ 38.04 സെക്കന്‍ഡില്‍ വെങ്കലവും കരസ്ഥമാക്കി.ഉസൈന്‍ ബോള്‍ട്ട് നയിച്ച ജമൈക്കന്‍ ടീം സീസണിലെ മികച്ച സമയം കുറിച്ചാണ് 4-100 മീറ്റര്‍ റിലേയുടെ ഫൈനലില്‍ കടന്നത്.110 മീറ്റര്‍ ഹര്‍ഡില്‍സ് ചാമ്പ്യന്‍ ഒമര്‍ മക്‌ലീയോഡ്,ജൂലിയന്‍ ഫോര്‍ട്ട്, യോഹാന്‍ ബ്ലേക്ക് എന്നിവരെ ഫൈനലിലോടാന്‍ ജമൈക്ക ഇറക്കിയതോടെ ബോള്‍ട്ടിന്റെ പ്രതീക്ഷകള്‍ മാനംമുട്ടെ ഉയര്‍ന്നു. എന്നാല്‍ കാലിലെ പരിക്ക് എല്ലാം തകര്‍ത്തുകളഞ്ഞു.സ്‌റ്റേഡിയം തിങ്ങിനിറഞ്ഞ കാണികള്‍ ബോള്‍ട്ടിനും കൂട്ടര്‍ക്കും ആവേശകരമായ യാത്രയയപ്പാണ് നല്‍കിയത്.

സ്‌റ്റേഡിയത്തിലെ വലിയ സ്‌ക്രീനില്‍ ബോള്‍ട്ടിനെ കാണിച്ചപ്പോള്‍ കരഘോഷം മുഴങ്ങി.നേരത്തെ നൂറ് മീറ്ററില്‍ കിരീടം നിലനിര്‍ത്താനിറങ്ങിയ ബോള്‍ട്ടിനെ അമേരിക്കയുടെ ജസ്റ്റിന്‍ ഗാട്‌ലിന്‍ അട്ടിമറിച്ചു.റിലേയിലും തോറ്റതോടെ ബോള്‍ട്ടിന്റെ ലോകകപ്പിലെ മെഡല്‍ നേട്ടം 14 ല്‍ ഒതുങ്ങി. നിലവില്‍ 100, 200 മീറ്ററുകളിലെ ലോക റെക്കോര്‍ഡ് ജേതാവാണ് ബോള്‍ട്ട്. 2008 ലെ ബീജിങ്ങ് ഒളിമ്പിക്‌സില്‍ മൂന്ന് സ്വര്‍ണം നേടിയ ബോള്‍ട്ട് ഒമ്പതു സീസണുകളിലായി വിവിധ മത്സരങ്ങളില്‍ 19 സ്വര്‍ണം സ്വന്തമാക്കിയിട്ടുണ്ട്. ഇതില്‍ 13 എണ്ണവും വ്യക്തിഗത ഇനങ്ങളിലാണ് നേടിയത്.

ചിത്രം- എഎഫ്പി

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.