കശ്മീരിൽ വിഘടനവാദി നേതാക്കളുടെ സ്വത്തുകള്‍ കണ്ടുകെട്ടും

Sunday 13 August 2017 11:13 am IST

ന്യൂദല്‍ഹി: കശ്മീരിലെ വിഘടനവാദി നേതാക്കളുടെ സ്വത്തുക്കൾ കണ്ടുകെട്ടാന്‍ ദേശീയ ഏജന്‍സികള്‍ തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകൾ. താഴ്‌വരയിൽ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നടപടിയെന്നാണ് വിവരം. നടപടി ക്രമങ്ങളുടെ ഭാഗമായി ജമ്മു കശ്മീരിലെ വിവിധ ബാങ്കുകളിലെ വിഘടനവാദി നേതാക്കളുടെ സ്വത്ത് സംബന്ധിച്ച്‌ ഏജന്‍സികള്‍ ബാങ്ക് അധികൃതരുമായി കൂടികാഴ്ച നടത്തി. ദേശീയ അന്വേഷണ ഏജന്‍സിയെ കൂടാതെ കള്ളപ്പണം സംബന്ധിച്ച കേസ് എന്‍ഫോഴ്സ്മെന്റും അന്വേഷിക്കുന്നുണ്ട്. നേരത്തെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി സാമ്പത്തിക സഹായം നല്‍കുന്നു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിഘടനവാദി നേതാവ് സാബിര്‍ ഷായെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. ഇതേ കേസില്‍ ശ്രീനഗര്‍ സ്വദേശിയായ ഹവാല ഇടപാടുകാരനെയും എന്‍ഫോഴ്സ്മെന്റ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കശ്മീരിൽ ഉടലെടുക്കുന്ന ആഭ്യന്തര പ്രശ്നങ്ങൾക്ക് വിഘടനവാദി നേതാക്കൾ പരിപൂർണ്ണ പിന്തുണയാണ് നൽകി വരുന്നത്. ഇവർക്ക് പുറമെ അതിർത്തി വഴി കച്ചവടം നടത്തുന്ന വ്യാപാരികളും പ്രക്ഷോഭകാരികൾക്ക് വൻതോതിൽ സാമ്പത്തിക സഹായം നൽകുന്നതായി റിപ്പോർട്ടുകളുണ്ട്.