വിരട്ടല്‍ വേണ്ട; പി.സി ജോര്‍ജിനോട് വനിത കമ്മീഷന്‍

Sunday 13 August 2017 11:32 am IST

തിരുവനന്തപുരം: വനിത കമ്മീഷനെതിരായി പരാമര്‍ശം നടത്തിയ പി.സി.ജോര്‍ജ്ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി അധ്യക്ഷ എം.സി ജോസഫൈന്‍. വനിത കമ്മീഷനെതിരെ വിരട്ടല്‍ വേണ്ടെന്ന് ജോസഫൈന്‍ പറഞ്ഞു. സൗകര്യമുള്ളപ്പോള്‍ ഹാജരാകുമെന്ന് പ്രസ്താവന പദവി മറന്നുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കമ്മീഷന് പ്രോസിക്യൂഷന്‍ അധികാരങ്ങളുള്ള കാര്യവും അവര്‍ ജോര്‍ജിനെ ഓര്‍മിപ്പിച്ചു. നിയമം നടപ്പാക്കാനല്ല, പേരെടുക്കാനാണ് വനിത കമീഷന്‍ ശ്രമിക്കുന്നതെന്ന് പി.സി ജോര്‍ജ് പരിഹസിച്ചിരുന്നു. ആക്രമണത്തിനിരയായ നടിയെ അവഹേളിച്ചെന്നുകാട്ടി സ്വമേധയ കേസെടുക്കാനുള്ള വനിത കമീഷന്റെ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെ പേരില്‍ കേസെടുക്കുന്നതില്‍ ഭയമില്ലെന്നു പറഞ്ഞ പി.സി ജോര്‍ജ്, കമ്മീഷനെ പരിഹസിക്കുകയും ചെയ്തു. കമ്മീഷന്‍ നോട്ടീസയച്ചാല്‍ സൗകര്യമുള്ളപ്പോള്‍ ഹാജരാകും. തൂക്കിക്കൊല്ലാന്‍ വിധിക്കാനൊന്നും കമ്മീഷന് ആകില്ലല്ലോയെന്നും ജോര്‍ജിന്റെ പരിഹാസം.