മണ്ണിടിച്ചിലില്‍ 50 മരണം

Sunday 13 August 2017 9:33 pm IST

ഷിംല: ഹിമാചല്‍ പ്രദേശില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്നുണ്ടായ വാഹനാപകടത്തില്‍ അന്‍പതോളം പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഞായറാഴ്ച പുലര്‍ച്ചെ മാണ്ഡി- പത്താന്‍കോട്ട് ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ രണ്ട് ബസ്സുകള്‍ മണ്ണിനടിയിലായി. ചാംബയില്‍ നിന്ന് മണാലിയിലേക്ക് പോവുകയായിരുന്ന ബസും ജമ്മുവിലെ കാത്രയില്‍നിന്ന് മണാലിക്കു വരികയായിരുന്ന മറ്റൊരു ബസ്സുമാണ് അപകടത്തില്‍പ്പെട്ടത്്. അപകടത്തില്‍ നിരവധി പേര്‍ കുടുങ്ങി കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ടെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ സന്ദീപ് കാഡം പറഞ്ഞു. ദേശീയ ദുരന്തനിവാരണ സേനയും സൈന്യവും പ്രദേശത്ത് കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. ശക്തമായ മഴയും മണ്ണിടിച്ചിലും കാരണം ഹിമാചല്‍ പ്രദേശിലൂടെയുള്ള റോഡ് ഗതാഗതം അപകടാവസ്ഥയിലാണ്. പ്രധാന മന്ത്രി നരേന്ദ്രമോദി അനുശോചനം രേഖപ്പെടുത്തി.