ഇന്ത്യ 9 വിക്കറ്റിന് 487

Sunday 13 August 2017 1:12 pm IST

പല്ലേക്‌ലേ: ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോര്‍. ഉച്ചഭക്ഷണത്തിന് പിരിയുമ്പോള്‍ ഇന്ത്യ ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ 487 റണ്‍സ് എടുത്തിട്ടുണ്ട്. സെഞ്ച്വറി നേടിയ ഹര്‍ദ്ദിക് പാണ്ഡ്യ(108നോട്ടൗട്ട്)യുടെ ഒറ്റയാള്‍ പോരാട്ടമാണ് അവസാന ദിവസം ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിച്ചത്. ആറിന് 329 റണ്‍സ് എന്ന നിലയില്‍ രണ്ടാം ദിനം കളി ആരംഭിച്ച ഇന്ത്യയ്ക്ക് കളിയുടെ തുടക്കത്തില്‍ തന്നെ വൃദ്ധിമാന്‍ സാഹയെ നഷ്ടപ്പെട്ടു. 16 റണ്‍സെടുത്ത സാഹയെ ഫെര്‍ണാണ്ടോയുടെ പന്തില്‍ പെരേര ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതിനു ശേഷം ഒന്നിച്ച കുല്‍ദീപ് യാദവും ഹര്‍ദ്ദിക് പാണ്ഡ്യയും ചേര്‍ന്നാണ് ഇന്ത്യയെ 400 കടത്തിയത്. 26 റണ്‍സെടുത്ത കുല്‍ദീപിനെ സണ്ടക്കനായിരുന്നു പുറത്താക്കിയത്. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോഴും പാണ്ഡ്യയുടെ മികച്ച ബാറ്റിങാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സ്‌കോര്‍ 421-ല്‍ നില്‍ക്കേ മുഹമ്മദ് ഷാമി(9) പുറത്തായെങ്കിലും ഉമേഷ് യാദവിനെയും കൂട്ടി പാണ്ഡ്യ ഇന്ത്യന്‍ സ്‌കോര്‍ ഉയര്‍ത്തുകയായിരുന്നു.7 സിക്‌സറും 8 ബൗണ്ടറികളുമടക്കമാണ് പാണ്ഡ്യ 108 റണ്‍സെടുത്തത്. നേരത്തെ ഇന്ത്യയ്ക്കായി ധവാന്‍ സെഞ്ച്വറി നേടിയിരുന്നു.