മുസ്ലീം സ്കൂളുകളിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കരുതെന്ന് മുസ്ലീം മതപണ്ഡിതൻ

Sunday 13 August 2017 2:44 pm IST

ലക്നൗ: സ്വാതന്ത്ര്യദിനത്തിൽ യുപിയിലെ മദ്രസകളിൽ ദേശീയഗാനം ആലപിക്കാൻ പാടില്ലെന്ന നിർദ്ദേശവുമായി മുസ്ലീം മതപണ്ഡിതൻ. ഉത്തർപ്രദേശിലെ ബെയ്റെലി സ്വദേശിയായ മുസ്ലീം മതപണ്ഡിതൻ അസ്ജദ് മിയാനാണ് ഇത്തരത്തിലുള്ള വിവാദ പ്രസ്താവന നടത്തിയത്. ദേശീയഗാനം ആലപിക്കരുതെന്ന നിർദ്ദേശം മാത്രമല്ല സ്വാതന്ത്ര്യദിനം സംസ്ഥാനത്തെ മുസ്ലീം സ്കൂളുകളിൽ ആഘോഷിക്കരുതെന്നും അസ്ജദ് പറഞ്ഞു. സ്കൂളുകളിൽ ദേശീയ പതാക ഉയർത്താൻ പാടില്ലെന്നും സാരേ ജഹാംസെ അച്ഛാ,വന്ദേമാതരം തുടങ്ങിയ ദേശീയഗാനങ്ങൾ ആലപിക്കരുതെന്നും അസ്ജദ് നിർദ്ദേശം നൽകിയിരുന്നതായി അദ്ദേഹത്തിന്റെ സഹായി നാസിർ ഖുറേഷി വ്യക്തമാക്കി. ദൈവത്തിൽ വിശ്വസിക്കുന്നവർക്ക് ദേശീയഗാനത്തിലെ ചില വരികൾ ആലപിക്കാൻ പാടില്ലെന്നാണ് അസ്ജദ് പറയുന്നത്. ദേശീയഗാനത്തിലെ അവസാന ചൊല്ലുകളായ 'ജയ്ഹോ ജയ്ഹോ' എന്നത് മറ്റെന്തോ ആണെന്നും അല്ലാഹു എന്നതിന് പകരം ജയ്ഹോ പറയാൻ പാടില്ലെന്നും അസ്ജദ് വ്യക്തമാക്കുന്നു. ബയ്റേലിയിൽ 300ഓളം മദ്രസകളാണ് പ്രവർത്തിക്കുന്നത്.