യുജിസി-നെറ്റ് നവംബര്‍ 5 ന്

Sunday 13 August 2017 10:17 pm IST

മാനവിക-ഭാഷാ വിഷയങ്ങളിലും മറ്റും ഫെലോഷിപ്പോടെ ഗവേഷണപഠനത്തിനുള്ള ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പിനും (ജെആര്‍എഫ്), സര്‍വ്വകലാശാലകളിലും കോളേജുകളിലും അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാനിര്‍ണ്ണയത്തിനും യുജിസിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ എലിജിബിലിറ്റി ടെസ്റ്റ് (യുജിസി-നെറ്റ്) നവംബര്‍ 5 ന് നടക്കും. സിബിഎസ്ഇ നടത്തുന്ന ടെസ്റ്റില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാ നിര്‍ണ്ണയ പരീക്ഷയ്ക്ക് മാത്രമോ ജെആര്‍എഫ് ഉള്‍പ്പെടെ ഇവ രണ്ടിനുംകൂടിയോ അപേക്ഷിക്കാവുന്നതാണ്. അപേക്ഷാ സമര്‍പ്പണത്തിന് ആധാര്‍ നമ്പര്‍ വേണം. അപേക്ഷ ഓണ്‍ലൈനായി www.cbse net.nic.in എന്ന വെബ്‌സൈറ്റിലൂടെ ഇപ്പോള്‍ സമര്‍പ്പിക്കാം. 2017 സെപ്റ്റംബര്‍ 11 വരെ ഓണ്‍ലൈന്‍ അപേക്ഷകള്‍ സ്വീകരിക്കും. ഇതിനുള്ള നിര്‍ദ്ദേശങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. പരീക്ഷാ ഫീസ് ജനറല്‍ വിഭാഗക്കാര്‍ക്ക് 1000 രൂപയും നോണ്‍ക്രീമിലെയര്‍ ഒബിസിക്കാര്‍ക്ക് 500 രൂപയും പട്ടികജാതി/വര്‍ഗ്ഗം/ഭിന്നശേഷിക്കാര്‍ക്ക് 250 രൂപയുമാണ്. ഇതിനുപുറമെ സര്‍വ്വീസ് ടാക്്‌സ്‌കൂടി നല്‍കേണ്ടിവരും. ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ്/ഇ-ചെലാന്‍ മുഖാന്തരം സിന്‍ഡിക്കേറ്റ്/കാനറാ/ഐസിഐസിഐ/എച്ച്ഡിഎഫ്‌സി ബാങ്ക് ശാഖയില്‍ സെപ്റ്റംബര്‍12 വരെ ഫീസ് സ്വീകരിക്കും. ഫീസ് അടച്ചതിനുശേഷം അപേക്ഷയുടെ സ്റ്റാറ്റസ് വെബ്‌സൈറ്റില്‍നിന്നും അറിയാം. കണ്‍ഫര്‍മേഷന്‍ പേജിന്റെ പ്രിന്റൗട്ട് എടുത്ത് കൈവശം വയ്ക്കണം. ഹാര്‍ഡ്‌കോപ്പി സിബിഎസ്ഇക്ക് അയക്കേണ്ടതില്ല. ആവശ്യമുള്ളപക്ഷം അപേക്ഷയില്‍ തിരുത്തലുകള്‍ വരുത്തുന്നതിന് സെപ്റ്റംബര്‍ 19 മുതല്‍ 25 വരെ സമയം ലഭിക്കും. നെറ്റ്-വിഷയങ്ങള്‍: 84 വിഷയങ്ങളിലാണ് പരീക്ഷ. ഇക്കണോമിക്‌സ്, പൊളിറ്റിക്കല്‍ സയന്‍സ്, ഫിലോസഫി, സൈക്കോളജി, സോഷ്യോളജി, ഹിസ്റ്ററി, ആന്ത്രോപ്പോളജി, കോമേഴ്‌സ്, എഡ്യൂക്കേഷന്‍, സോഷ്യല്‍വര്‍ക്ക്, ഡിഫന്‍സ് ആന്റ് സ്ട്രാറ്റജിക് സ്റ്റഡീസ്, ഹോം സയന്‍സ്, പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍, പോപ്പുലേഷന്‍ സ്റ്റഡീസ്, ഹിന്ദുസ്ഥാനി മ്യൂസിക് (വോക്കല്‍ ആന്റ് ഇന്‍സ്ട്രുമെന്റേഷന്‍), മാനേജ്‌മെന്റ്, ഫിസിക്കല്‍ എഡ്യൂക്കേഷന്‍, അരബ് കള്‍ച്ചര്‍ ആന്റ് ഇസ്ലാമിക് സ്റ്റഡീസ്, ഇന്ത്യന്‍ കള്‍ച്ചര്‍, ലേബര്‍ വെല്‍ഫെയര്‍/പേഴ്‌സണല്‍ മാനേജ്‌മെന്റ്/ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ്/ലേബര്‍ ആന്റ് സോഷ്യല്‍ വെല്‍ഫെയര്‍/ഹ്യൂമന്‍ റിസോഴ്‌സ് മാനേജ്‌മെന്റ്, ലോ, ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ്, ബുദ്ധിസ്റ്റ്-ജൈന ഗാന്ധിയന്‍ ആന്റ് പീസ് സ്റ്റഡീസ്, കംപേരറ്റീവ് സ്റ്റഡി ഓഫ് റിലിജിയന്‍സ്, മാസ് കമ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, ഡാന്‍സ്, മ്യൂസിയോളജി ആന്റ് കണ്‍സര്‍വേഷന്‍, ആര്‍ക്കിയോളജി, ക്രിമിനോളജി, വിമെന്‍ സ്റ്റഡീസ്, വിഷ്വല്‍ ആര്‍ട്ട് (ഡ്രോയിംഗ് ആന്റ് പെയിന്റിംഗ്/സ്‌കള്‍പ്ചര്‍/ഗ്രാഫിക്‌സ്/അപ്ലൈഡ് ആര്‍ട്ട്/ഹിസ്റ്ററി ഓഫ് ആര്‍ട്ട്), ജിയോഗ്രഫി, സോഷ്യല്‍ മെഡിസിന്‍ ആന്റ് കമ്മ്യൂണിറ്റി ഹെല്‍ത്ത്, ഫോറന്‍സിക് സയന്‍സ്, കമ്പ്യൂട്ടര്‍ സയന്‍സ് ആന്റ് ആപ്ലിക്കേഷന്‍സ്, ഇലക്‌ട്രോണിക് സയന്‍സ്, എന്‍വയോണ്‍മെന്റല്‍ സയന്‍സ്, ഹ്യൂമന്‍ റൈറ്റ്‌സ് ആന്റ് ഡ്യൂട്ടീസ്, ടൂറിസം അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റ്, ഡ്രാമ ആന്റ് തീയറ്റര്‍, യോഗ, ഭാഷാ വിഷയങ്ങളായ മലയാളം, ഹിന്ദി, സംസ്‌കൃതം, തമിഴ്, കന്നട, തെലുങ്ക്, ഉറുദു, അറബി, ബംഗാളി, മറാത്തി, ഗുജറാത്തി, ആസാമീസ്, മണിപ്പൂരി, നേപ്പാളി, ഒഡിയ, രാജസ്ഥാനി, ഇംഗ്ലീഷ്, ലിംഗ്വിസ്റ്റിക്‌സ്, ഫ്രഞ്ച്, സ്പാനിഷ്, റഷ്യന്‍, പേര്‍ഷ്യന്‍, ജര്‍മ്മന്‍, ജാപ്പനീസ്, ചൈനീസ് തുടങ്ങിയ വിഷയങ്ങള്‍ ഇതിലുള്‍പ്പെടും. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കില്‍ കുറയാതെ മാസ്‌റ്റേഴ്‌സ് ഡിഗ്രി/തത്തുല്യ യോഗ്യതയുള്ളവര്‍ക്കും ഫൈനല്‍ യോഗ്യതാപരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവര്‍ക്കും ഫൈനല്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി പരീക്ഷയെഴുതാന്‍ പോകുന്നവര്‍ക്കും അപേക്ഷിക്കാന്‍ അര്‍ഹതയുണ്ട്. ഒബിസി നോണ്‍ക്രീമിലെയര്‍, പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ക്ക് യോഗ്യതാ പരീക്ഷയ്ക്ക് 50 ശതമാനം മാര്‍ക്ക് മതി. പോസ്റ്റ് ഗ്രാജുവേഷന് എടുത്ത വിഷയം /അനുബന്ധ വിഷയമാകണം ടെസ്റ്റിന് തെരഞ്ഞെടുക്കേണ്ടത്. ജെആര്‍എഫിന് പ്രായം 2017 നവംബര്‍ ഒന്നിന് 28 വയസ്സ് കവിയാന്‍ പാടില്ല. ഒബിസി നോണ്‍ക്രീമിലെയര്‍/എസ്‌സി/എസ്റ്റി/പിഡബ്ല്യുഡി, വനിതകള്‍ എന്നീ വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 5 വര്‍ഷംവരെ ഇളവ് ലഭിക്കും. എല്‍എല്‍എം ഡിഗ്രിയുള്ളവര്‍ക്ക് മൂന്നുവര്‍ഷത്തെ ഇളവുണ്ട്. ഗവേഷണത്തില്‍ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് 5 വര്‍ഷം വരെ ഇളവ് ലഭിക്കുന്നതാണ്. അസിസ്റ്റന്റ് പ്രൊഫസര്‍ യോഗ്യതാ നിര്‍ണ്ണയ പരീക്ഷയ്ക്ക് ്രപായപരിധിയില്ല. വിശദമായ യോഗ്യതാ മാനദണ്ഡങ്ങള്‍ വെബ്‌സൈറ്റിലുണ്ട്. സ്‌റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) യോഗ്യത നേടിയവര്‍ക്ക് തങ്ങളുടെ സംസ്ഥാനത്തിലെ വാഴ്‌സിറ്റി/കോളേജുകളില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയ്ക്ക് 'സെറ്റ്' യോഗ്യത മതിയാകുമെങ്കിലും മറ്റ് സംസ്ഥാനങ്ങളിലെ നിയമനങ്ങള്‍ക്ക് 'നെറ്റ്' യോഗ്യത നിര്‍ബന്ധമാണ്. അതിനാല്‍ 'സെറ്റ്' ഉള്ളവര്‍ക്ക് 'നെറ്റ്' യോഗ്യതകൂടി നേടുന്നത് ഗുണംചെയ്യും. ടെസ്റ്റ്: നവംബര്‍ 5 ന് നടക്കുന്ന ടെസ്റ്റിന് രണ്ടര മണിക്കൂര്‍ മുമ്പ് റിപ്പോര്‍ട്ട് ചെയ്യണം. ഇത്തവണ ടെസ്റ്റ് രീതിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. ഒബ്ജക്റ്റീവ് മാതൃകയിലുള്ള ടെസ്റ്റില്‍ മൂന്ന് പേപ്പറുകളാണുള്ളത്. പേപ്പര്‍-1 100 മാര്‍ക്കിന്. 50 ചോദ്യങ്ങള്‍. സമയം രാവിലെ 9.30 മുതല്‍ 10.45 വരെ. പേപ്പര്‍-2 100 മാര്‍ക്കിന്. 50 ചോദ്യങ്ങള്‍. സമയം 11.45 മുതല്‍ 12.30 വരെ. പേപ്പര്‍-3 - 150 മാര്‍ക്കിന്. 75 ചോദ്യങ്ങള്‍. സമയം 2 മുതല്‍ 4.30 വരെ. പേപ്പര്‍-1 പൊതുസ്വഭാവത്തിലുള്ളതും അധ്യാപന - ഗവേഷണാഭിരുചി അളക്കുന്ന വിധത്തിലുള്ളതുമാണ്. റീസണിംഗ് എബിലിറ്റി, കോംപ്രിഹന്‍ഷന്‍, ഡൈവര്‍ജന്റ് തിങ്കിംഗ്, ജനറല്‍ അവയര്‍നസ് എന്നിവയിലുള്ള പ്രാഗല്‍ഭ്യം അളക്കുന്ന ചോദ്യങ്ങള്‍ ഇതിലുണ്ടാവും. ഓരോ ചോദ്യത്തിനും രണ്ട് മാര്‍ക്ക് വീതം. തെരഞ്ഞെടുത്ത വിഷയത്തെ ആസ്പദമാക്കിയുള്ള പേപ്പര്‍-2 ല്‍ 50 ചോദ്യങ്ങളും പേപ്പര്‍-3 ല്‍ 75 ചോദ്യങ്ങളുമാണുണ്ടാവുക. ഓരോ ചോദ്യത്തിനും 2 മാര്‍ക്ക് വീതമാണ്. 91 പരീക്ഷാകേന്ദ്രങ്ങളുടെ ലിസ്റ്റ് വെബ്‌സൈറ്റിലുണ്ട്. മുന്‍ഗണനാക്രമത്തില്‍ നാലെണ്ണം പരീക്ഷയ്ക്കായി തെരഞ്ഞെടുക്കാം. കേരളത്തില്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവ ടെസ്റ്റ് സെന്ററുകളാണ്. അഡ്മിറ്റ് കാര്‍ഡ് ഒക്‌ടോബര്‍ മൂന്നാംവാരം അപ്‌ലോഡ് ചെയ്യും. ടെസ്റ്റില്‍ യോഗ്യത നേടുന്നതിന് ജനറല്‍ കാറ്റഗറിയില്‍പ്പെടുന്നവര്‍ പേപ്പര്‍ ഒന്നിനും രണ്ടിനും മൂന്നിനും മൊത്തത്തില്‍ 40 ശതമാനം മാര്‍ക്ക് നേടണം. ഒബിസി നോണ്‍ക്രീമിലെയര്‍, പട്ടികജാതി/വര്‍ഗ്ഗം, ഭിന്നശേഷിക്കാര്‍ 35 ശതമാനം മാര്‍ക്ക് നേടിയാല്‍ മതി. കൂടുതല്‍ വിവരങ്ങള്‍ www.cbsenet.nic.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും. യുജിസി-നെറ്റില്‍ (മാനേജ്‌മെന്റ് വിഷയത്തില്‍) യോഗ്യത നേടുന്നവര്‍ക്ക് ഇന്ത്യന്‍ ഓയില്‍ പോലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും മാര്‍ക്കറ്റിംഗ് പ്രൊഫഷണല്‍ റിക്രൂട്ട്‌മെന്റില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.