രാമായണ മാസാചരണം വഴിപാടായി

Sunday 13 August 2017 11:52 pm IST

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളിലെ രാമായണ മാസാചരണം വഴിപാടായി. മിക്ക ക്ഷേത്രങ്ങളിലും ബോര്‍ഡ് ആസ്ഥാനത്ത് നിന്നു നല്‍കിയ നിര്‍ദ്ദേശങ്ങള്‍ പാലിക്കപ്പെട്ടില്ല. ഇടതുപക്ഷ ആഭിമുഖ്യമുള്ള ക്ഷേത്ര ഉപദേശക സമിതികള്‍ രാമായണ മാസാചരണം പൂര്‍ണ്ണമായും അട്ടിമറിച്ചു. ബോര്‍ഡിനു കീഴില്‍ രാമായണ പരായണം പോലും നടത്താത്ത ക്ഷേത്രങ്ങളുണ്ട്. കര്‍ക്കടകം ഒന്നുമുതല്‍ രാമായണമാസാചരണം തുടങ്ങണമെന്നും വിവിധ പരിപാടികള്‍ ഇതുമായി ബന്ധപ്പെട്ട് നടത്തണമെന്നുമാണ് ബോര്‍ഡ് നല്‍കിയ നിര്‍ദ്ദേശം. ദേവസ്വം ബോര്‍ഡ് ആസ്ഥാനത്ത് നിന്ന് സമ്പൂര്‍ണ്ണ രാമായണം അച്ചടിച്ച് വില്‍പ്പനയ്ക്കായി ക്ഷേത്രങ്ങള്‍ക്ക് നല്‍കിയിരുന്നു. നൂറ്റി നാല്‍പ്പത് രൂപ വിലയുള്ള രാമായണം 100 രൂപയ്ക്കായിരുന്നു വില്‍പ്പന. ബോര്‍ഡിനു കീഴില്‍ വരുന്ന ആയിരത്തി ഒരുന്നൂറോളം ക്ഷേത്രങ്ങള്‍ക്കായി ഇത്തവണ രാമായണം അച്ചടിച്ചത് വെറും 1500 മാത്രം. രാമായണ മാസാചരണത്തിന്റെ അലംഭാവം ഇവിടെ തുടങ്ങുന്നു. മഹാക്ഷേത്രങ്ങളില്‍ ആദ്യ പത്തു ദിവസത്തിനുള്ളില്‍ എത്തിച്ച രാമായണം എല്ലാം വിറ്റ് തീര്‍ന്നു. എന്നാല്‍ ചില മേജര്‍ ക്ഷേത്രങ്ങളില്‍ ഒന്നു പോലും വിറ്റിട്ടുമില്ല. രാമായണത്തിനായി ഭക്തര്‍ എത്തിയപ്പോള്‍ സ്റ്റോക്കില്ലെന്നും ഇനി അടുത്ത വര്‍ഷമേ ലഭിക്കൂ എന്നുമാണ് സബ്ഗ്രൂപ്പ് ഓഫീസുകളില്‍ നിന്നു ലഭിച്ച വിവരം. രാമായണത്തിന്റെ കുറവ് സബ്ഗ്രൂപ്പ് ഓഫീസര്‍മാര്‍ ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍പ്പെടുത്തുകയോ ബോര്‍ഡ് ഓഫീസിലെ ചുമതലപ്പെട്ട ഉദ്യോഗസ്ഥര്‍ ഇതുവരെ എത്ര രാമായണം വില്‍പ്പന നടത്തിയെന്ന കണക്കെടുപ്പോ നടത്തിയിട്ടില്ല. രാമായണ മാസാചരണം നടത്തുന്നതിന് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ പ്രധാനമായിരുന്നു കൗസല്ല്യാവന്ദനം. ക്ഷേത്രത്തിന് സമീപത്തെ മുതിര്‍ന്ന വനിതയെ രാമായണം നല്‍കി ആദരിക്കുന്നതാണ് കൗസല്ല്യാവന്ദനം. രാമായണമാസാചരണത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കൗസല്ല്യാ വന്ദനവും നടത്തിയിരുന്നു. ഏതാനും ക്ഷേത്രങ്ങള്‍ ഒഴികെ മറ്റൊരിടത്തും കൗസല്ല്യാ വന്ദനം നടത്തിയില്ല. രാമായണ മാസാചരണവും അതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഒന്നും നടന്നില്ലെങ്കിലും ക്ഷേത്രങ്ങളിലെ മാസാന്ത്യ കണക്കില്‍ രാമായണ മാസാചരണം കെങ്കേമമായി നടത്തിയതിന്റെ 'കണക്ക്' കൃതൃമായി ഉണ്ടാകും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.