വെഞ്ഞാറമൂട്(തിരുവനന്തപുരം): സംസ്ഥാന നീന്തല്‍ മത്സരത്തിനിടെ അക്വാട്ടിക് അസോസിയേഷന് ജനറല്‍സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു. കേരള അക്വാട്ടിക് അസോസിയേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി കേശവദാസപുരം കാക്കനാട് ലൈന്‍ ലക്ഷ്മി വിലാസത്തില്‍ കെ.ബാബു (56) ആണ് മരിച്ചത്. പോസ്റ്റ് ആന്റ് ടെലഗ്രാഫ് വകുപ്പില്‍ ജീവനക്കാരനാണ്. സംസ്കാരം ഇന്നു രാവിലെ 11 ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.
ഇന്നലെ രാവിലെ 8 ന് പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ കുളത്തില്‍ വച്ചാണ് സംഭവം. അക്വാട്ടിക് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച സംസ്ഥാനതല സീനിയര്‍ നീന്തല്‍ മത്സരത്തിന്റെ സമാപന ദിവസമായ ഇന്നലെ മത്സരങ്ങള്‍ ആരംഭിക്കുന്നതിനുള്ള ഒരുക്കങ്ങള്‍ക്കിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വഴി മദ്ധ്യേ മരിച്ചു.
പിരപ്പന്‍കോട് അന്താരാഷ്ട്ര നീന്തല്‍ക്കുള കോംപ്ലക്സില്‍ മൃതദേഹം പൊതുദര്‍ശനത്തിനുവച്ചു. അക്വാട്ടിക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാര്‍, ഡികെ.മുരളി എംഎല്‍എ, സി.ദിവാകരന് എംഎല്‍എ, സ്വിമ്മിംഗ് ഫെഡറേഷന് ഓഫ് ഇന്ത്യ ദേശീയ വൈസ് പ്രസിഡന്റ് എസ്.രാജീവ്, അക്വാട്ടിക് അസോസിയേഷന് സംസ്ഥാന ട്രഷറര്‍ ടി.എസ്. മുരളിധരന്, സ്വിമ്മിംഗ് പൂള് അഡ്മിനിസ്ട്രേറ്റര്‍ കെ.എസ്.ഷാജു തുടങ്ങിവരും നൂറുകണക്കിന് നീന്തല്‍ താരങ്ങളും അന്തിമോപചാരം അര്‍പ്പിച്ചു.
തുടര്‍ന്ന് ജന്മനാടായ തിരുവല്ലത്തേക്ക് കൊണ്ടുപോയ മൃതദേഹം തിരുവല്ലം വൈഎംഎ ക്ലബിലും കേശവദാസപുരത്തെ വീട്ടിലും പൊതുദര്‍ശനത്തിന് വച്ചു. ഭാര്യ: ഉഷ, മകന്:”ഗോവിന്ദ്ബാബു.
നീന്തല്‍ മത്സരം മാറ്റിവച്ചു
കേരള അക്വാട്ടിക് അസോസിയേഷന് ജനറല്‍സെക്രട്ടറി കെ.ബാബുവിന്റെ മരണത്തെ തുടര്‍ന്ന് സംസ്ഥാന സീനിയര്‍ നീന്തല്‍ മത്സരങ്ങള്‍ മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: