മെഡിക്കല്‍ സീറ്റിന് 11 ലക്ഷം

Monday 14 August 2017 10:58 pm IST

ന്യൂദല്‍ഹി: സ്വാശ്രയ മെഡിക്കല്‍ ഫീസ് തര്‍ക്കത്തില്‍ ഹൈക്കോടതിയുടെ അന്തിമ വിധി വരുന്നതുവരെ എംബിബിഎസ് സീറ്റിന് 11 ലക്ഷം രൂപ വാര്‍ഷിക ഫീസ് ഈടാക്കാന്‍ സുപ്രീംകോടതി അനുമതി. സര്‍ക്കാരുമായി കരാറുണ്ടാക്കാത്ത മാനേജ്‌മെന്റുകള്‍ക്കാണ് 11 ലക്ഷം വീതം ഈടാക്കാന്‍ താല്‍ക്കാലിക അനുമതി നല്‍കിയത്. വാര്‍ഷിക ഫീസില്‍ അഞ്ച് ലക്ഷം രൂപ ഫീസായി അടച്ച ശേഷം ബാക്കി തുക ബാങ്ക് ഗ്യാരന്റി വഴിയോ പണമായോ നല്‍കി വേണം പ്രവേശനം നേടേണ്ടത്. അഞ്ചു ലക്ഷം രൂപ പണമായി നല്‍കിയ ശേഷം ആറു ലക്ഷത്തിന് ബാങ്ക് ഗ്യാരന്റി നല്‍കിയാല്‍ മതിയാകും. എന്നാല്‍ ആറു ലക്ഷം പണമായാണ് നല്‍കുന്നതെങ്കില്‍ അത് കോളേജുകള്‍ പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കണം. ഹൈക്കോടതി അന്തിമ വധി വരുമ്പോള്‍ അതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മടക്കി നല്‍കുകയോ മാനേജ്‌മെന്റുകള്‍ക്ക് എടുക്കുകയോ ചെയ്യാം. സ്വാശ്രയ മെഡിക്കല്‍ കോളേജുകളിലെ എംബിബിഎസ് സീറ്റില്‍ ജസ്റ്റിസ് രാജേന്ദ്രബാബു കമ്മറ്റി നിശ്ചയിച്ച അഞ്ചുലക്ഷം രൂപ ഫീസില്‍ പ്രവേശനം നടത്തണമെന്ന ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരെയാണ് മാനേജ്‌മെന്റുകള്‍ സുപ്രീംകോടതിയെ സമീപിച്ചത്. പതിനൊന്ന് ലക്ഷം രൂപ വാര്‍ഷിക ഫീസായി നിശ്ചയിച്ചത് താല്‍ക്കാലികം മാത്രമാണെന്നും ഇതില്‍ മാറ്റം വരുമെന്ന് പ്രവേശന നടപടികള്‍ നടക്കുമ്പോള്‍ വിദ്യാര്‍ത്ഥികളെ അറിയിക്കണമെന്നും ഇടക്കാല ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഒരിക്കല്‍ പ്രവേശനം ലഭിച്ച ശേഷം അധികമായി അടയ്‌ക്കേണ്ടിവന്ന തുക തിരികെ ആവശ്യപ്പെടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് മാനേജ്‌മെന്റുകള്‍ക്ക് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ഹരീഷ് സാല്‍വേ വാദിച്ചു. കഴിഞ്ഞ വര്‍ഷം വാര്‍ഷിക ഫീസ് 10 ലക്ഷമായിരുന്നെന്നും സാല്‍വേ വാദിച്ചു. ഇതേത്തുടര്‍ന്ന് വാര്‍ഷിക ഫീസ് 11 ലക്ഷം ഈടാക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് താല്‍ക്കാലിക അനുമതി നല്‍കുകയായിരുന്നു. ഹൈക്കോടതി അന്തിമ വിധി വരുമ്പോള്‍ അതനുസരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മടക്കി നല്‍കുകയോ മാനേജ്‌മെന്റുകള്‍ക്ക് എടുക്കുകയോ ചെയ്യാം. മൂന്നുമാസത്തിനുള്ളില്‍ അന്തിമ വിധി പ്രസ്താവിക്കണമെന്ന നിര്‍ദ്ദേശം ഹൈക്കോടതിക്ക് കൊടുക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.