മാനന്തേരിയില്‍ സിപിഐ പ്രാദേശിക നേതാവ് സിപിഎം ബോര്‍ഡ് നശിപ്പിച്ചു ദൃശ്യം സമീപത്തെ സിസിടിവിയില്‍

Monday 14 August 2017 8:28 pm IST

ചിറ്റാരിപ്പറമ്പ്: മാനന്തേരിയില്‍ സിപിഐ പ്രാദേശിക നേതാവ് സിപിഎമ്മിന്റെ പ്രചാരണ ബോര്‍ഡ് നശിപ്പിച്ചു. ഇന്നലെ പുലര്‍ച്ചെയാണ് സിപിഐ പ്രാദേശിക നേതാവ് പാറായി പുരുഷോത്തമന്‍ (60) സിപിഎമ്മിന്റെ പ്രചാരണബോര്‍ഡ് നശിപ്പിച്ചത്. മാനന്തേരിയിലെ ആര്‍എസ്എസ് കാര്യാലയത്തിനോട് ചേര്‍ന്നാണ് ബോര്‍ഡ് സ്ഥാപിച്ചിരുന്നത്. ബോര്‍ഡ് നശിപ്പിച്ചതിന് ശേഷം ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്ന നിലയില്‍ സമൂഹമാധ്യമങ്ങളില്‍ പ്രചാരണം നടന്നിരുന്നു. എന്നാല്‍ കാര്യാലയത്തില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ പുരുഷോത്തമന്‍ തന്റെ കയ്യിലുള്ള കത്തി ഉപയോഗിച്ച് ബോര്‍ഡ് കുത്തിക്കീറുന്നത് വ്യക്തമായതോടയാണ് യഥാര്‍ത്ഥ പ്രതിയെ തിരിച്ചറിഞ്ഞത്. എല്ലാ ദിവസവും അതിരാവിലെ പുരുഷോത്തമന്‍ നടക്കാനിറങ്ങാറുണ്ട്. ഈ സമയത്ത് തലയില്‍ കൂടി തോര്‍ത്തിട്ട് കത്തിയും കരുതിയാണ് ബോര്‍ഡ് നശിപ്പിച്ചത്. വണ്ണാത്തിമൂലയിലും പരിസര പ്രദേശങ്ങളിലും നേരത്തെയും ആര്‍എസ്എസിന്റയും സിപിമ്മിന്റെയും നിരവധി ബോര്‍ഡുകള്‍ നശിപ്പിക്കപ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ അക്രമത്തിനതിരെ സമാധാന നിര്‍ദ്ദേശവുമായി സിപിഐ രംഗത്തിറങ്ങാറുണ്ട്. പുരുഷോത്തമന്‍ ബോര്‍ഡ് നശിപ്പിക്കുന്നത് സിസിടിവിയില്‍ പതിഞ്ഞിരുന്നില്ലെങ്കില്‍ പ്രദേശത്ത് സിപിഎം-ആര്‍എസ്എസ് സംഘര്‍ഷത്തിന് ഇത് വഴിവെക്കുമായിരുന്നു. ബിജെപി, സിപിഎം നേതാക്കള്‍ കഴിഞ്ഞ ദിവസം കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ ഉഭയകക്ഷി യോഗം ചേര്‍ന്ന് ജില്ലയില്‍ ശാശ്വത സമാധാനം നിലനിര്‍ത്തുന്നതിന് ആഹ്വാനം ചെയ്തിരുന്നു. ഈ തീരുമാനം തകര്‍ക്കുന്നതിനുവേണ്ടി സിപിഐ ഉന്നതനേതൃത്വത്തിന്റെ അറിവോടെയാണ് പുരുഷോത്തമന്‍ സിപിഎമ്മിന്റെ ബോര്‍ഡ് നശിപ്പിച്ചതെന്നാണ് സൂചന. ചിറ്റാരിപ്പറമ്പ് പഞ്ചായത്തില്‍ വിവിധ ഭാഗങ്ങളിലുണ്ടായ സംഭവങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്ന ആവശ്യം ഉയര്‍ന്നുകഴിഞ്ഞു. കണ്ണവം പോലീസ് മാനന്തേരിയിലത്തി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.