നവഭാരത സൃഷ്ടിക്ക് വേണ്ടത് കരുതലും പങ്കുവയ്ക്കലും: രാഷ്ട്രപതി

Monday 14 August 2017 9:15 pm IST

ന്യൂദല്‍ഹി: നവഭാരത സൃഷ്ടിക്ക് വേണ്ടത് നമുക്ക് പരസ്പരമുള്ള കരുതലും പങ്കുവയ്ക്കാനുള്ള മനസുമാണെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. സ്വാതന്ത്യദിനത്തലേന്ന് രാഷ്ട്രത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും പരസ്പരാശ്രയത്തിന്റെയും വികാരം പൊതുവിലുണ്ടായിരുന്നു. അയല്‍വാസിക്ക് ആവശ്യം വരുമ്പോള്‍ അവരെ നാം സഹായിച്ചാല്‍ സ്വാഭാവികമായി നമുക്ക് വേണ്ടപ്പോള്‍ അവരും നമ്മെ സഹായിക്കും. ഇന്ന്, വന്‍കിട നഗരങ്ങളില്‍ നമുക്ക് നമ്മുടെ അയല്‍ക്കാര്‍ ആരാണെന്ന് പോലും അറിയില്ല. ഗ്രാമങ്ങളിലാകട്ടെ, നഗരങ്ങളിലാകട്ടെ കരുതലിന്റെയും പങ്കുവയ്ക്കലിന്റെയും ആ വികാരം വളരെ പ്രധാനമാണ്. അദ്ദേഹം പറഞ്ഞു. നമുക്ക് സ്വാതന്ത്യം നേടിത്തന്ന അസംഖ്യം സ്വാതന്ത്യ സമരസേനാനികളോട് നാം കടപ്പെട്ടിരിക്കുന്നു. കിത്തൂരിലെ ചെന്നമ്മ റാണി, ഝാന്‍സി റാണി ലക്ഷ്മിഭായ്, സര്‍ദാര്‍ ഭഗത് സിങ്ങ്, ചന്ദ്രശേഖര്‍ ആസാദ്, രാം പ്രസാദ് ബിസ്മില്‍, അഷ്ഫാഖുള്ള ഖാന്‍, ബിര്‍സ മുണ്ട, ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിന്റെ നായികയും, രക്തസാക്ഷിയുമായ മാതംഗിനി ഹസ്ര,ഗാന്ധിജി, സുഭാഷ് ചന്ദ്ര ബോസ്, ബാബാ സാഹേബ് അംബേദ്ക്കര്‍, ജവഹാര്‍ ലാല്‍ നെഹ്‌റു, സര്‍ദാര്‍ വല്ലഭഭായ് പട്ടേല്‍ തുടങ്ങിയവരെ നാം സ്മരിക്കേണ്ടതുണ്ട്. രാജ്യത്തിനു വേണ്ടി സ്വന്തം ജീവന്‍ പോലും ബലിയര്‍പ്പിച്ച ഇവര്‍ നമുക്ക് പ്രചോദനമാകണം. സ്വച്ഛ് ഭാരത്, ബേഠി ബച്ചാവോ ബേഠി പഠാവോ തുടങ്ങി അനവധി പദ്ധതികള്‍ സര്‍ക്കാര്‍ കൊണ്ടുവന്നിട്ടുണ്ട്. നാം കൂടി ഇവയില്‍ പങ്കാൡകളായാലേ ഇവ വിജയപ്രദമാക്കാന്‍ കഴിയൂ. ഗവണ്‍മെന്റിന് നിയമം നിര്‍മ്മിക്കാനും അത് നടപ്പാക്കുന്നത് കര്‍ശനമാക്കാനുമാകും. എന്നാല്‍ നിയമം അനുസരിക്കുന്ന പൗരന്മാരായിരിക്കുകയും, നിയമം പാലിക്കുന്ന ഒരു സമൂഹം സൃഷ്ടിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുമാണ്. ജി.എസ്്ടി സംവിധാനത്തിലേക്കുള്ള പരിണാമം വളരെ സുഗമമായി നടന്നതില്‍ സന്തോഷമുണ്ട്. രാഷ്ട്ര നിര്‍മ്മിതിയ്ക്കും പാവപ്പെട്ടവരെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും സഹായിക്കാനും ഇത് ഗുണകരമാകും. കറന്‍സി പിന്‍വലിക്കലിന് ശേഷം നിങ്ങള്‍ കാണിച്ച അപാരമായ ക്ഷമാശീലവും, കള്ളപ്പണത്തിനും അഴിമതിക്കുമെതിരെയുള്ള പോരാട്ടത്തില്‍ നിങ്ങള്‍ നല്‍കിയ പൂര്‍ണ്ണ പിന്തുണയും ഉത്തരവാദിത്തമുള്ള സമൂഹത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. സത്യസന്ധമായ ഒരു സമൂഹം സൃഷ്ടിക്കുന്നതിനുളള നമ്മുടെ പരിശ്രമങ്ങള്‍ക്ക് കറന്‍സി പിന്‍വലിക്കല്‍ ഒരു വലിയ ഉത്തേജനമാണ് നല്‍കിയത്. ആ ഉത്സാഹവും ചലനാത്മകതയും നാം നിലനിര്‍ത്തുകയും വേണം. അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ ആഹ്വാനത്തെത്തുടര്‍ന്ന് ഒരു ലക്ഷത്തില്‍ കൂടുതല്‍ കുടുംബങ്ങള്‍ സ്വമേധയാ തങ്ങളുടെ എല്‍.പി.ജി സബ്‌സിഡി വേണ്ടെന്നു വെച്ചു- അതു വഴി സഹ ഇന്ത്യക്കാരുടെ, ഒരു ദരിദ്ര കുടുംബത്തിന്റെ അടുക്കളയില്‍ പാചക വാതക സിലിണ്ടര്‍ എത്തിക്കാനായി. സബ്‌സിഡി വേണ്ടെന്നുവെച്ച ആ കുടുംബങ്ങളെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു. ഒരു നിയമമോ ഗവണ്‍മെന്റിന്റെ ഉത്തരവോ അല്ല അവരെക്കാണ്ട് അങ്ങനെ ചെയ്യിച്ചത്. അവരുടെ പ്രതികരണം ഉള്ളില്‍നിന്ന് വന്നതാണ്. ഈ കുടുംബങ്ങളില്‍നിന്ന് നാം പ്രചോദനമുള്‍ക്കൊള്ളണം. സമൂഹത്തിന് തിരിച്ചു നല്‍കാനുള്ള മാര്‍ഗ്ഗം നാം ഓരോരുത്തരും കണ്ടെത്തണം. മറ്റൊരാളെ, ഭാഗ്യം കുറഞ്ഞ മറ്റൊരു ഇന്ത്യക്കാരനെ സഹായിക്കാന്‍ പറ്റുന്ന എന്തെങ്കിലും നാമോരുത്തരും തെരഞ്ഞെടുക്കണം. പിന്നോക്കാവസ്ഥയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സഹായിക്കാന്‍ അദ്ദേഹം അഭ്യര്‍ഥിച്ചു. നിങ്ങളുടേതല്ലാത്ത ഒരു കുട്ടിയെ പഠിപ്പിക്കാന്‍ സഹായിക്കുക. സ്‌കൂളില്‍ പേര്‍ചേര്‍ക്കുകയും ഫീസ് അടക്കുകയും ചെയ്യുക. അല്ലെങ്കില്‍ നിങ്ങളുടേതല്ലാത്ത ഒരു കുട്ടിക്കെങ്കിലും പുസ്തകങ്ങള്‍ വാങ്ങി നല്‍കുക. ഒരിക്കലെങ്കിലും! അദ്ദേഹം അഭ്യര്‍ഥിച്ചു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.