ദേശീയ പതാക സിപിഐ ഉയര്‍ത്തും; സിപിഎം ഉയര്‍ത്തില്ല

Monday 14 August 2017 10:42 pm IST

ആലപ്പുഴ: സ്വാതന്ത്യത്തിന്റെ എഴുപതാം വാര്‍ഷികത്തില്‍ സ്വന്തം പാര്‍ട്ടി ഓഫീസുകളില്‍ സിപിഐ ഭാരതത്തിന്റെ ദേശീയ പതാക ഉയര്‍ത്തും. എന്നാല്‍ വിവിധ പേരുകളില്‍ സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന സിപിഎമ്മിന്റെ ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്തില്ല. ദേശീയതയെ ഇതുവരെ സിപിഎം അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. സിപിഐ അടക്കമുള്ള മറ്റു പാര്‍ട്ടികള്‍ അഖിലേന്ത്യാ നേതൃത്വത്തെ ദേശീയ നേതൃത്വമെന്ന് വിശേഷിപ്പിക്കാറുണ്ടെങ്കിലും, സിപിഎം സീതാറം യെച്ചൂരി ഉള്‍പ്പടെയുള്ള നേതാക്കളെ കേന്ദ്രനേതൃത്വമെന്ന് മാത്രമെ ഇപ്പോഴും സിപിഎം വിശേഷിപ്പിക്കാറുള്ളു. ദേശീയം എന്ന വാക്ക് പാര്‍ട്ടിയുടെ ഒരു തലത്തിലും സിപിഎം ഉപയോഗിക്കാത്ത സാഹചര്യത്തിലാണ് സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടി ഓഫീസുകളില്‍ ദേശീയ പതാക ഉയര്‍ത്താനുള്ള തീരുമാനവുമായി സിപിഐ രംഗത്തെത്തുന്നത്. കഴിഞ്ഞ റിപ്പബ്ലിക് ദിനത്തിലും ദേശീയ പതാക പാര്‍ട്ടി ഓഫീസുകളില്‍ സിപിഐ ഉയര്‍ത്തിയിരുന്നു. പാര്‍ട്ടി ഓഫീസുകളില്‍ ദേശീയപതാക ഉയര്‍ത്താന്‍ സിപിഐ ദേശീയ കൗണ്‍സിലാണു കഴിഞ്ഞ വര്‍ഷം അവസാനം തീരുമാനിച്ചത്. ഇന്ന് സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ട്ടിയുടെ എല്ലാ ഓഫീസുകളിലും പതാക ഉയരും. മാനക്കേട് ഒഴിവാക്കാന്‍ സിപിഎം ഡിവൈഎഫ്‌ഐക്കാരെ നിയോഗിച്ച് പൊതുസമ്മേളനങ്ങളും മറ്റു പരിപാടികളും നടത്തും. രാജ്യമെമ്പാടും ദേശീയവികാരം ശക്തിപ്പെടുമ്പോള്‍ നിലനില്‍പ്പിനായി ഇത്തരം പ്രകടനപരമായ പരിപാടികള്‍ തട്ടിക്കൂട്ടേണ്ട ഗതികേടിലാണ് സിപിഎമ്മെന്ന് വിമര്‍ശനം ഉയരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.