കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി

Monday 14 August 2017 10:49 pm IST

കല്‍പ്പറ്റ: പൊഴുതന ആറാം മൈലിലെ ജനവാസ കേന്ദ്രത്തിലെ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി കാട്ടില്‍വിട്ടു. പുള്ളിപ്പുലിയെ വനപാലകരും പോലീസും ചേര്‍ന്ന് സാഹസികമായാണ് മയക്കാതെ കരക്കെത്തിച്ചത്. ആറാംമൈലിലെ പുത്തന്‍പുരയില്‍ ഹനീഫയുടെ വീട്ടിലെ കിണറ്റില്‍ ഇന്നലെ പുലര്‍ച്ചെയോടെയാണ് പുലി വീണത്. രാവിലെ ഏഴരയോടെയാണ് പുലി കിണറ്റില്‍ വീണത് ശ്രദ്ധയില്‍പ്പെട്ടത്. വിവരമറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി. പുലിയെ മയക്കുവെടിവെച്ച് കരക്ക് കയറ്റാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ ഉത്തരമേഖലാ വനം കണ്‍സര്‍വേറ്റര്‍ ശ്രാവണ്‍കുമാര്‍ വര്‍മ്മ സ്ഥലത്തെത്തി പുലിയെ മയക്കാതെ രക്ഷപ്പെടുത്താന്‍ നിര്‍ദേശം നല്‍കി. കൂട് കിണറിനടത്തുവെച്ച ശേഷം കയറുകൊണ്ട് പുലിയെ ഉയര്‍ത്തി അതിസാഹസികമായി കൂട്ടില്‍ കയറ്റുകയായിരുന്നു. പുലിയെ പിടികൂടിയതോടെയാണ് നാട്ടുകാര്‍ക്കും വീട്ടുടമയ്ക്കും ശ്വാസം നേരെ വീണത്. അതിനിടെ പുലി കിണറ്റില്‍ വീണതറിഞ്ഞ് ദൂരെ സ്ഥലങ്ങളില്‍ നിന്നുപോലും ആളുകളെത്താന്‍ തുടങ്ങി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.