സര്‍സംഘചാലക് ദേശീയ പതാക ഉയര്‍ത്തി

Tuesday 15 August 2017 12:15 pm IST

പാലക്കാട് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തിയ ശേഷം ആര്‍എസ്എസ് സര്‍സംഘചാലക് സ്വതാന്ത്ര്യദിന സന്ദേശം നല്‍കുന്നു                                                                                       ഫോട്ടോ: ആര്‍.ആര്‍. ജയറാം

പാലക്കാട്: ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതിനെ സ്വാതന്ത്ര്യ ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തുന്നതില്‍ നിന്ന് വിലക്കാന്‍ കേരള സര്‍ക്കാരിന്റെ വിഫല ശ്രമം. സ്വാതന്ത്ര്യ ദിന ചടങ്ങുകളെ രാഷ്ട്രീയവത്കരിച്ച സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നല്‍കി പാലക്കാട് മൂത്താന്തറ കര്‍ണ്ണകയമ്മന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും നാട്ടുകാരുമടക്കം വന്‍ ജനാവലിയെ സാക്ഷിയാക്കി ഡോ. മോഹന്‍ ഭാഗവത് ദേശീയ പതാക ഉയര്‍ത്തി സ്വാതന്ത്ര്യദിന സന്ദേശം നല്‍കി.

ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെയാണ് മോഹന്‍ ഭാഗവത് സ്‌കൂളില്‍ ദേശീയ പതാക ഉയര്‍ത്തരുതെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ നോട്ടീസ് നല്‍കിയത്. മാസങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ച പരിപാടിയാണ് അര്‍ധരാത്രിയുള്ള ഉത്തരവിലൂടെ തടയാന്‍ കളക്ടര്‍ ശ്രമിച്ചത്. എന്നാല്‍, പരിപാടിയുമായി മുന്നോട്ടുപോകാന്‍ സംഘാടകരും സ്‌കൂള്‍ അധികൃതരും തീരുമാനിക്കുകയായിരുന്നു. വിവാദത്തെക്കുറിച്ചൊന്നും പരാമര്‍ശിക്കാതെ മുന്‍തമലുറ കഠിനാധ്വാനത്തിലൂടെ നേടിത്തന്ന സ്വാതന്ത്ര്യം കാത്തുരക്ഷിക്കാന്‍ പ്രയത്നിക്കണമെന്ന് സര്‍സംഘചാലക് ആഹ്വാനം ചെയ്തു.

വിദ്യാലയങ്ങളില്‍ സംഘടനാ പ്രതിനിധികള്‍ ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കി ഇന്റലിജന്‍സ് ഡിജിപി നേരത്തെ പുറത്തിറക്കിയ ഉത്തരവിന്റെ ചുവടു പിടിച്ചാണ് പാലക്കാട് ജില്ലാ കളക്ടര്‍ പി. മേരിക്കുട്ടി സ്‌കൂള്‍ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയത്.

സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് കര്‍ണ്ണകയമ്മന്‍ സ്‌കൂളില്‍ പതാക ഉയര്‍ത്തുന്നത് ചില സംഘടനാ പ്രതിനിധികളാണെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍, വിദ്യാലയങ്ങളില്‍ ദേശീയ പതാക ഉയര്‍ത്തല്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കേണ്ടത് ഓഫീസ് മേധാവികളോ, തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളോ ആകാവൂയെന്നുമുള്ള നിര്‍ദേശം പാലിക്കണമെന്നുമാണ് നോട്ടീസിലുള്ളത്. പാലക്കാട് ജില്ലാ പോലീസ് മേധാവി, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍, പാലക്കാട് തഹസില്‍ദാര്‍ എന്നിവര്‍ക്കും നോട്ടീസിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്.

കളക്ടര്‍ പുറത്തിറക്കിയ നോട്ടീസ്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.